X

ജോഷിമഠില്‍ വിള്ളല്‍ കണ്ടെത്തിയത് 863 കെട്ടിടങ്ങളില്‍

ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ ഭൂമി ഇടിഞ്ഞ് താഴുന്ന പ്രതിഭാസത്തില്‍ വിള്ളലുകള്‍ കണ്ടെത്തിയ ആകെ കെട്ടിടങ്ങളുടെ എണ്ണം 863 ആണെന്ന് അധികൃതര്‍.ഇതില്‍ 181 കെട്ടിടങ്ങള്‍ സുരക്ഷിതമല്ലാത്ത മേഖലയിലാണെന്നും ജില്ല ഭരണകൂടം അറിയിച്ചു. വിള്ളലുണ്ടായ കെട്ടിടങ്ങള്‍ പൊളിക്കാനുള്ള നടപടികള്‍ നേരത്തെ തുടങ്ങിയിരുന്നു. സെന്‍ട്രല്‍ ബില്‍ഡിംഗ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിലെ (സി.ബി.ആര്‍.ഐ) ഒരു സംഘത്തിന്റെ മേല്‍നോട്ടത്തിലാണ് കെട്ടിടങ്ങള്‍ പൊളിച്ചിരുന്നത്.

അവരെ സഹായിക്കാന്‍ ദേശീയ ദുരന്ത നിവാരണ സേനയെ (എന്‍.ഡി.ആര്‍.എഫ്) വിളിച്ചിരുന്നു. നാലായിരത്തിലധികം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ജോഷിമഠിനെ അപകട മേഖല, ബഫര്‍ സോണ്‍, പൂര്‍ണമായും സുരക്ഷിത മേഖല എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്.ജോഷിമഠിനെ ദുരന്തബാധിത മേഖലയായി പ്രഖ്യാപിച്ചു. സമീപ പ്രദേശങ്ങളില്‍ ഉള്‍പ്പെടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിട്ടുണ്ട്. പ്രദേശത്തെ 30 ശതമാനം പേരെ ദുരിതം ബാധിച്ചു. വിദഗ്ധ സമിതി റിപ്പോര്‍ട്ട് തയ്യാറാക്കി വരികയാണെന്നും അത് പ്രധാനമന്ത്രിയുടെ ഓഫീസില്‍ സമര്‍പ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു. ദുരിതാശ്വാസ ക്യാമ്ബുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിച്ച്‌ വരികയാണെന്നും ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുന്നുണ്ടെന്നും ചമോലി ജില്ലാ കലക്റ്റര്‍ ഹിമാന്‍ഷു ഖുറാന പറഞ്ഞു.

webdesk12: