ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ മോദി സര്‍ക്കാര്‍ സ്വീകരിക്കുന്ന തീവ്ര നിലപാടുകള്‍ക്കെതിരെ മോദിയുടെ ഭാര്യ യശോദ ബെന്‍ രംഗത്തെത്തി. ഇന്ത്യക്കും പാക്കിസ്ഥാനുമിടയില്‍ സമാധാനം സ്ഥാപിക്കാന്‍ ലക്ഷ്യമിട്ട് സോഷ്യലിസ്റ്റ് പാര്‍ട്ടി സംഘടിപ്പിക്കുന്ന സമാധാനയാത്രക്ക് യശോദ ബെന്‍ പിന്തുണ പ്രഖ്യാപിച്ചു. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം സോഷ്യലിസ്റ്റ് നേതാവായിരുന്ന രാം മനോഹര്‍ ലോഹ്യ സ്ഥാപിച്ച പാര്‍ട്ടിയാണ് സോഷ്യലിസ്റ്റ് പാര്‍ട്ടി. കശ്മീരിലെ മെഹ്ബൂബ മുഫ്തി സര്‍ക്കാറിന് പിന്തുണ പിന്‍വലിച്ച ശേഷം സൈനിക നീക്കം ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് സമാധാനയാത്രയുമായി സോഷ്യലിസ്റ്റ് പാര്‍ട്ടി രംഗത്തെത്തിയിരിക്കുന്നത്.
വടക്കന്‍ ഗുജറാത്തില്‍ നിന്ന് ജൂണ്‍ 19നാണ് സമാധാന യാത്ര ആരംഭിച്ചത്. ജൂണ്‍ 29ന് സമാപിക്കും. അതിര്‍ത്തി പ്രദേശമായ ബനാസ്‌കന്ത ജില്ലയിലാണ് യാത്ര അവസാനിക്കുന്നത്. പതാന്‍ ജില്ലയിലെ സിഹിയില്‍ വെച്ച് യാത്രക്കൊപ്പം ചേരുമെന്ന് യെശോദ ബെന്നും അവരുടെ സഹോദരന്‍ അശോക് മോദിയും പറഞ്ഞതായി സംഘാടകര്‍ അറിയിച്ചു.
‘ഞങ്ങളുടെ കോ-ഓര്‍ഡിനേറ്റര്‍ കൗസര്‍ അലിയാണ് പിന്തുണ അഭ്യര്‍ഥിച്ച് യശോദ ബെന്നിനെ സമീപിച്ചത്. ഞങ്ങളുടെ ലക്ഷ്യം വ്യക്തമാക്കിയതോടെ യാത്രയില്‍ സംബന്ധിക്കാമെന്ന് അവര്‍ സമ്മതിച്ചു. പതാന്‍ ജില്ലയിലെ സിഹിയില്‍ വെച്ച് യശോദ ബെന്നും സഹോദരന്‍ അശോക് മോദിയും യാത്രക്കൊപ്പം ചേരും. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സമാധാനം സ്ഥാപിക്കണമെന്നും യുദ്ധ വ്യാഗ്രത അവസാനിപ്പിക്കണമെന്നും അവര്‍ ഞങ്ങളോട് പറഞ്ഞു. ‘യുദ്ധം വേണ്ട; ഞങ്ങള്‍ക്ക് വേണ്ടത് സമാധാനമാണ്’ എന്നതാണ് അവരുടെ മുദ്രാവാക്യം. അതിര്‍ത്തിയിലെ സംഘര്‍ഷം ഉടന്‍ അവസാനിപ്പിക്കണം. നമ്മുടെ പട്ടാളക്കാരെ അനാവശ്യമായി കുരുതി കൊടുക്കുന്നത് അവസാനിപ്പിക്കണമെന്നും അവര്‍ ഞങ്ങളോട് പറഞ്ഞു’-ജാഥാ നായകനും മഗ്‌സാസെ അവാര്‍ഡ് ജേതാവുമായ സന്ദീപ് പാണ്ഡെ പറഞ്ഞു. അഹമ്മദാബാദ്, ഗാന്ധി നഗര്‍, മേഹ്‌സാന, പതാന്‍ തുടങ്ങി അഞ്ച് ജില്ലകളിലൂടെയാണ് യാത്ര കടന്നുപോകുന്നത്.