ബംഗ്ലൂരു: വൈവാഹിക ജീവിതം സമൂഹത്തിന്റെ അടിത്തറയാണെന്ന് സമസ്ത കേരള ജനറല്‍ സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്ല്യാര്‍. ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റിയില്‍ നടക്കുന്ന ദശദിന മഗല്യ മേള ആദ്യ ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാരിന്നു അദ്ദേഹം.
ഓരോ ദമ്പതിമാരും തലമുറകള്‍ക്ക് മാതൃകയാവേണ്ടവരാണ്. സുദൃഢമായ കുടുംബ ബന്ധമാണ് സമ്പുഷ്ടമായ രാജ്യത്തെ സൃഷ്ടിക്കുന്നത്. പ്രതിസന്ധിയുടെ കാലത്തും എഐകെഎംസിസി നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്ലാഘനീയമാണ്. കേരളത്തിന്റെ സമുദായിക ഐക്യത്തിന്റെയും മാനവ സൗഹാര്‍ദ്ദത്തിന്റെയും മഹത്തായ സന്ദേശം മറുനാടുകളിലേക്ക് പ്രചരിപ്പിക്കുന്നതില്‍ എഐകെഎംസിസി പ്രവര്‍ത്തകര്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. ഏതു ജീവിത പരിസരങ്ങളിലായാലും ധാര്‍മ്മിക മൂല്യങ്ങള്‍ മുറുകെ പിടിച്ചു കൊണ്ടുള്ള ദാമ്പത്യ ജീവിതം നയിക്കാന്‍ വധുവരന്മാര്‍ക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാമലിംഗ റെഡ്ഡി എം.എല്‍.എ മുഖ്യാതിഥിയായി. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സിറാജ് ഇബ്രാഹീം സേഠ് മുഖ്യപ്രഭാഷണം നടത്തി. പ്രസാര്‍ഭാരതി ബംഗ്ലൂരു സ്‌റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഷാഹിദ് തിരുവള്ളൂര്‍, വി.സി കരീം, സി.പി സദഖത്തുല്ല സംസാരിച്ചു. വിവാഹ ചടങ്ങുകള്‍ക്ക് മൗലാന അഷ്‌റഫ് അലി, ഹാജീബ എന്നിവര്‍ നേതൃത്വം നല്‍കി. അതീഖ് മസ്ജിദ് ഇമാം മൗലാനാ മുഫ്തി ഇര്‍ഷാദ് അഹമ്മദ് നിക്കാഹ് കര്‍മ്മങ്ങള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു.
ജയനഗര്‍, ഗൗരിപാളയം ഏരിയാ കമ്മിറ്റികള്‍ പരിപാടിക്ക് ആതിഥേയത്വം വഹിച്ചു. എഐകെഎംസിസി ബംഗ്ലൂരു സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ടി. ഉസ്മാന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.കെ നൗഷാദ് സ്വാഗതവും സെക്രട്ടറി എം.എ അമീറലി നന്ദിയും പറഞ്ഞു.