മദ്യം , മയക്കുമരുന്ന് എന്നിവക്കെതിരെയുള്ള ഏത് നീക്കത്തെയും ഒരു വിശുദ്ധ യുദ്ധം ആയി എടുക്കണമെന്ന് എം പി ഇ ടി മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു. ഈ കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ ദുരന്തമാണിത്. ഇത് സംബന്ധിച്ച നിയമത്തിന് അടിസ്ഥാനപരമായി ഭേദഗതി വേണ്ടതുണ്ട്. എന്‍.ടി.പി.എസ് ആക്ടില്‍ വരുത്തിയ ഭേദഗതി പ്രകാരം മയക്കുമരുന്നിന്റെ ചെറിയ അളവ് പുനര്‍ നിര്‍വച്ചിട്ടുണ്ട്.
നേരത്തെ കഞ്ചാവിന് 500 ഗ്രാം എന്നുള്ളത് ആയിരം ഗ്രാമാക്കി.
ഓപിയത്തിനും ഹാഷിസിനും 5 ഗ്രാം ഉണ്ടായിരുന്നത് പിന്നീട് യഥാക്രമം 25 ഉം 100 ഉം ആക്കി. കൊക്കായിന്‍ 1.25 ഗ്രാം ഉണ്ടായിരുന്നത് 2 ഗ്രാം ആക്കി മാറ്റി. ചെറിയ അളവ് കൂട്ടിയാല്‍ ഉണ്ടാകുന്നത് കുറ്റവാളികള്‍ക്ക് സൗകര്യമാണ്. വലിയ കുറ്റം ചെയ്താല്‍ പോലും അവര്‍ക്ക് രക്ഷപെടാം. വേഗം ജാമ്യം കിട്ടുകയും ചെയ്യും. ഇന്ത്യയുടെ നിയമ നിര്‍മാണത്തിന് നേതൃത്വം നല്‍കേണ്ട പാര്‍ലമെന്റ് ഇത് സംബന്ധിച്ച നിയമങ്ങളുടെ പഴുതുകള്‍ കണ്ടെത്തി പരിഹാരം കാണണം അല്ലെങ്കില്‍ ചരിത്രം നമ്മെ കുറ്റവാളികള്‍ എന്ന് രേഖപ്പെടുത്തും. ഓരോ ദിവസവും നമ്മള്‍ പ്രഭാതത്തില്‍ കാണുന്നത് ദുരന്ത വാര്‍ത്തകളാണ്.
കുട്ടികളുടെയും സ്ത്രീകള്‍ക്കും നേരെയുള്ള അതിക്രമം, വാഹനാപകടം, കലാപം, ആത്മഹത്യ ഇവയുടെ അമ്പരപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് കാണാന്‍ കഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഒരു സ്ത്രീയുടെ ഏറ്റവും സുരക്ഷിതമായ ഇടം എന്ന് പറയുന്നത് അവരുടെ വീടാണ്.എന്നാല്‍ അവര്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗാര്‍ഹിക പീഡനങ്ങളാണ്. ഇതിന്റെ എല്ലാം പിന്നിലുള്ളത് മദ്യവും മയക്കുമരുന്നും തന്നെ.
ആരോഗ്യ രംഗത്തെ കണക്കുകളും അമ്പരപ്പിക്കുന്നതാണ്. ക്യാന്‍സര്‍, കരള്‍ രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍ ഇവയെല്ലാം കൂടി വരുന്നു. ഇവയില്‍ പലതിന്റെയും പിന്നില്‍ ഈ ദുരുപയോഗങ്ങളാണ്.
മയക്കുമരുന്നു മാഫിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാലവീശുകയാണ്. കുട്ടിക്കാലവും കൗമാരപ്രായവും കുട്ടികളെ വശത്താക്കാന്‍ പറ്റിയ കാലമാണെന്ന് മാഫിയ കണ്ടെത്തുന്നു.
നമ്മുടെ പുത്തന്‍ തലമുറ ഇഞ്ചിഞ്ചായി തകരുന്നു. ഇതിനെതിരെ രാജ്യ മനസ്സാക്ഷി ഉയരണം ഒന്നിച്ചു നേരിടണം മദ്യത്തിന്റെ വിപുലീകരണത്തിന് ഉദാരമായ പ്രോത്സാഹനം കൊടുക്കുകയാണ് കേരള സര്‍ക്കാര്‍. സ്‌കൂളുകളായാലും ക്ഷേത്രവും ചര്‍ച്ചും പള്ളിയും ആയാലും അതിനരികില്‍ മദ്യം എത്തിക്കാന്‍ ഒരു തടസ്സുവുമില്ല. പുരോഗമനത്തിന്റെ പേര് പറഞ്ഞു പ്രതിലോമകരമായ കാര്യങ്ങള്‍ ചെയ്യുകയാണ് ഗവണ്മെന്റ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.