ജറൂസലം: കണ്ണില്ലാത്ത ഇസ്രാഈല്‍ ക്രൂരതക്കിരയായി ഫലസ്തീന്‍ നഴ്‌സും. ഗസ്സയിലെ പ്രക്ഷോഭ ഭൂമിയില്‍ വെടിയേറ്റ് പിടയുന്ന ഫലസ്തീനികളെ പരിചരിക്കാനെത്തിയ നഴ്‌സിനെ ഇസ്രാഈല്‍ സേന വെടിവെച്ചു കൊലപ്പെടുത്തി. റസാന്‍ അല്‍ നജ്ജാര്‍ എന്ന 21കാരിയാണ് കൊല്ലപ്പെട്ടത്. ഗസ്സ അതിര്‍ത്തിയിലെ വെടിവെപ്പില്‍ പരിക്കേറ്റവരെ പരിചരിച്ച് അന്താരാഷ്ട്ര ശ്രദ്ധനേടിയ നജ്ജാറിനെ ഡ്യൂക്കിടെയാണ് ഇസ്രാഈല്‍ സേന വെടിവെച്ചു കൊലപ്പെടുത്തിയത്.
ഖാന്‍ യൂനുസ് നഗരത്തിലാണ് സംഭവം. വെള്ളിയാഴ്ച പ്രക്ഷോഭം പുനരാരംഭിച്ച ഫലസ്തീനികള്‍ക്കുനേരെ ഇസ്രാഈല്‍ നടത്തിയ വെടിവെപ്പില്‍ പരിക്കേറ്റവരെ പരിചരിക്കാനെത്തിയതായിരുന്നു നജ്ജാര്‍. ഗുരുതരമായി പരിക്കേറ്റ ഒരാളെ പരിചചരിക്കുന്നതിന് മരുന്നെടുക്കാനുള്ള ഓട്ടത്തിലായിരുന്നു അവര്‍. വെള്ള യൂണിഫോം ധരിച്ച് എല്ലാവരും കാണുന്ന രീതിയില്‍ കൈകള്‍ രണ്ടും ഉയര്‍ത്തിപ്പിടിച്ചായിരുന്നു അവള്‍. നഴ്‌സാണെന്ന് ഉറപ്പായിട്ടും ഇസ്രാഈല്‍ പട്ടാളക്കാര്‍ നജ്ജാറിനുനേരെ നിറയൊഴിച്ചു. നെഞ്ചിലേക്കാണ് അവര്‍ വെടിയുതിര്‍ത്തത്. പിടഞ്ഞുവീണ നജ്ജാറിന്റെ വെള്ളക്കോട്ട് ചോരച്ചുവപ്പായി മാറിയെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ധീരയായ ആ മാലാഖയുടെ ഓര്‍മകള്‍ ഘാതകരുടെ കാലത്തിനപ്പുറം നിലനില്‍ക്കുമെന്ന് ഫലസ്തീന്‍ പ്രതികരിച്ചു. മാര്‍ച്ച് 30ന് ഫലസ്തീന്‍ അഭയാര്‍ത്ഥികളെ തിരിച്ചുവരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങിയ ശേഷം കൊല്ലപ്പെടുന്ന 119-ാമത്തെ ഫലസ്തീനിയാണ് നജ്ജാര്‍.
കഴിഞ്ഞ കുറേ ദിവസങ്ങളായി വെടിയേറ്റവരെ ശുശ്രൂഷിച്ചും മുറിവില്‍ മരുന്ന് വെച്ചുകെട്ടിയും പ്രക്ഷോഭഭൂമിയിലെ സാന്ത്വന സ്പര്‍ഷമായിരുന്നു അവര്‍. ഇസ്രാഈല്‍ വെടിയുണ്ടകള്‍ക്കു മുന്നില്‍ ജീവന്‍ പണയം വെച്ച് ഓടിനടക്കുന്ന നജ്ജാറിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. നജ്ജാറിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യങ്ങള്‍ വഴി പ്രചരിക്കുകയുണ്ടായി. ഫലസ്തീന്‍ പോരാട്ട ഭൂമിയിലെ ‘മാലാഖ’ എന്നാണ് മാധ്യമങ്ങള്‍ അവരെ വിശേഷിപ്പിച്ചിരുന്നത്. ആഴ്ചകളായി അതിര്‍ത്തിയില്‍ പ്രക്ഷോഭകരെ പരിചരിക്കാനുണ്ടായിരുന്ന ഏക വനിതാ നഴ്‌സായിരുന്നു അവര്‍. പരിക്കേറ്റ് വരുന്നവരില്‍ സ്ത്രീകളുമുണ്ടായിരുന്നു. അവര്‍ക്ക് വലിയ ആശ്വാസമായിരുന്നു നജ്ജാര്‍. മാതൃരാജ്യത്തിനുവേണ്ടിയുള്ള മഹത്തായ സേവനമായാണ് അവര്‍ ഇതിനെ കണ്ടിരുന്നത്. ‘എന്റെ സേവനം പണത്തിനുവേണ്ടിയല്ല. ദൈവത്തിന്റെ പ്രീതിയാണ് ഞാന്‍ കാംക്ഷിക്കുന്നത്’-ദ ടൈംസിനുള്ള അഭിമുഖത്തില്‍ നജ്ജാര്‍ ഒരിക്കല്‍ പറഞ്ഞു. പോരാട്ടഭൂമിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഞാന്‍ പ്രതിഫലം ആഗ്രഹിക്കുന്നില്ല. ഇതൊരു തൊഴിലായി കാണാനും ഞാന്‍ തയാറല്ല. ശമ്പളമില്ലാതെ ഞാന്‍ എന്തിനാണ് ഇത് ചെയ്യുന്നതെന്ന് ആളുകള്‍ എന്റെ പിതാവിനോട് ചോദിക്കാറുണ്ട്. ഞാന്‍ എന്റെ മകളില്‍ അഭിമാനിക്കുന്നുവെന്നാണ് പിതാവ് അവര്‍ക്ക് നല്‍കുന്ന മറുപടി. ഞങ്ങളുടെ രാജ്യത്തിന്റെ മക്കളെ പരിചരിക്കുകയാണ് അവള്‍ ചെയ്യുന്നതെന്നും അദ്ദേഹം പറയുമായിരുന്നു. മുന്‍വിധിയില്ലാതെയാണ് ഫലസ്തീന്‍ സമൂഹം എന്റെ സേവനത്തെ സ്വീകരിച്ചിരിക്കുന്നത്-നജ്ജാര്‍ അഭിമുഖത്തില്‍ പറഞ്ഞു. രക്തംചിന്തുന്ന പോരാട്ട ഭൂമിയില്‍ പുരുഷന്മാരെക്കാള്‍ ചങ്കുറപ്പോടെ പ്രവര്‍ത്തിക്കാന്‍ സ്ത്രീകള്‍ക്ക് സാധിക്കുമെന്നായിരുന്നു നെജ്ജാറിന്റെ വാദം. നജ്ജാറിനെ വെടിവെച്ചു കൊന്ന സംഭവത്തോട് പ്രതികരിക്കാന്‍ ഇസ്രാഈല്‍ തയാറായിട്ടില്ല. വെള്ളിയാഴ്ച അതിര്‍ത്തിയില്‍ പ്രതിഷേധക്കാര്‍ക്കാര്‍ക്കുനേരെ ഇസ്രാഈല്‍ സേന നടത്തിയ വെടിവെപ്പില്‍ നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു.
ഫലസ്തീന്റെ മാലാഖ റസാന്‍ അല്‍ നജ്ജാര്‍ ഇനി ദീപ്തമായ ഓര്‍മ്മ
Tags: palastine