X
    Categories: News

താലിബാന്‍ സൈന്യം കാബൂളിന് തൊട്ടടുത്ത്‌

കാബൂള്‍: ആഭ്യന്തര സംഘര്‍ഷം തുടരുന്ന അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാന്റെ കൈവശം എത്തുമെന്ന് ഏറെക്കുറെ ഉറപ്പായി. താലിബാന്‍ സൈന്യം കാബൂളിന് 50 കിലോമീറ്റര്‍ അടുത്തുവരെ എത്തിയതായാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. ഇതോടെ കാബൂളില്‍ നിന്നുള്ള തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ ഒഴിപ്പിക്കുന്ന തിരക്കിലാണ് ലോക രാജ്യങ്ങള്‍. താലിബാന്‍ നിയന്ത്രണത്തിലുള്ള പ്രവിശ്യകളിലെ കോണ്‍സുലേറ്റുകള്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ നേരത്തെ തന്നെ അടച്ചുപൂട്ടുകയും നയതന്ത്ര പ്രതിനിധികളെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കബൂളും താലിബാന്റെ കൈവശമാകുന്നത്. താലിബാന്‍ വിരുദ്ധരുടെ ശക്തികേന്ദ്രമായ മസരി ഷരീഫ് പട്ടണം വളഞ്ഞതായാണ് വിവരം. ഇവിടെ രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.അമേരിക്ക, ബ്രിട്ടന്‍, ജര്‍മ്മനി, സ്‌പെയിന്‍, ഡന്മാര്‍ക്ക് എന്നീ രാജ്യങ്ങളാണ് തിടുക്കപ്പെട്ട് നയതന്ത്ര പ്രതിനിധികളെ ഒഴിപ്പിക്കുന്നത്. പ്രത്യേക വിമാനങ്ങള്‍ അയച്ചാണ് ഒഴിപ്പിക്കല്‍. ഒഴിപ്പിക്കല്‍ ശ്രമങ്ങള്‍ വേഗത്തിലാക്കാനും വിമാനത്താവളത്തിന് സുരക്ഷ ഒരുക്കാനും 3,000 അമേരിക്കന്‍ സൈനികര്‍ കാബൂളില്‍ എത്തിയിട്ടുണ്ട്. ജര്‍മ്മനിയും സൈന്യത്തെയാണ് ഒഴിപ്പിക്കല്‍ ദൗത്യം ഏല്‍പ്പിച്ചിരിക്കുന്നത്. ഇതിനായി പ്രത്യേക ജര്‍മ്മന്‍ സൈനിക സംഘം കാബൂളില്‍ എത്തിയിട്ടുണ്ട്. നയതന്ത്ര പ്രതിനിധികളും ജീവനക്കാരും മറ്റുള്ളവരും അടക്കം നൂറോളം ജര്‍മ്മന്‍ പൗരന്മാരാണ് കാബൂളിലുള്ളതെന്നാണ് വിവരം.

34 അഫ്ഗാന്‍ പ്രവിശ്യകളില്‍ ഭൂരിഭാഗവും താലിബാന്‍ നിയന്ത്രണത്തിലായിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ നഗരമായ കാണ്ഡഹാറും കഴിഞ്ഞ ദിവസം താലിബാന്‍ കൈവശപ്പെടുത്തിയിരുന്നു.ഇതിനിടെ കീഴടങ്ങാനില്ലെന്നും അഫ്ഗാന്‍ സുരക്ഷാ സൈന്യത്തെ ശക്തിപ്പെടുത്തുന്നതിന് പ്രഥമ പരിഗണന നല്‍കുമെന്നും അഫ്ഗാന്‍ പ്രസിഡണ്ട് അഷ്‌റഫ് ഗനി പറഞ്ഞു.

ഇതിനിടെ കാബൂള്‍ കേന്ദ്രീകരിച്ച് അഫ്ഗാന്‍ ഭരണകൂടം താലിബാനുമായി ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഒരു ഒത്തുതീര്‍പ്പിനുമില്ലെന്ന് താലിബാന്‍ കേന്ദ്രങ്ങള്‍ പ്രതികരിച്ചു. അഷ്‌റഫ് ഗനി എത്രയും വേഗം സ്ഥാനമൊഴിയണമെന്നും താലിബാന്‍ ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തില്‍ ഒന്നോ രണ്ടോ ദിവസത്തിനകം കാബൂളും താലിബാന്റെ നിയന്ത്രണത്തിലാകുമെന്നാണ് സൂചന. അതേസമയം അഫ്ഗാനിലെ ആഭ്യന്തര സംഘര്‍ഷം അടിയന്തരമായി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ് രംഗത്തെത്തി. ആഭ്യന്തര സംഘര്‍ഷത്തില്‍ ആയിരങ്ങളാണ് അഭയാര്‍ത്ഥികളായത്. പാകിസ്താനിലേക്കും ബംഗ്ലാദേശിലേക്കുമുള്ള പലായനം തുടരുകയാണ്.

 

Test User: