X

സി. ഹാഷിം എന്‍ജിനീയര്‍ സ്മാരക പുരസ്‌കാരം;പ്രൊഫസര്‍ ഖാദര്‍ മൊയ്തീന്‍ സാഹിബിന്

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : കെഎംസിസി സഊദി നാഷണല്‍ കമ്മിറ്റിയുടെ ഇക്കൊല്ലത്തെ സി. ഹാഷിം എന്‍ജിനീയര്‍ സ്മാരക പുരസ്‌കാരം ഇന്ത്യന്‍ യുണിയന്‍ മുസ്ലിംലീഗ് അഖിലേന്ത്യാ പ്രസിഡണ്ട് പ്രൊഫസര്‍ ഖാദര്‍ മൊയ്തീന്‍ സാഹിബിന് സമ്മാനിക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഇ ടി മുഹമ്മദ് ബഷീര്‍ എം പി, കെ പി എ മജീദ്, ഡോ. എം കെ മുനീര്‍, എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. ആഗസ്റ്റ് 21 ശനിയാഴ്ച്ച രാവിലെ 11 മണിക്ക് ചെന്നൈ ലീഗ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് പുരസ്‌കാര ദാനം നിര്‍വഹിക്കും.

ചടങ്ങില്‍ മുസ്ലിംലീഗ് നേതാക്കളായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലികുട്ടി എം എല്‍ എ , ഇ ടി മുഹമ്മദ് ബഷീര്‍ എം പി, പി വി അബ്ദുല്‍ വഹാബ് എം പി , അബ്ദുല്‍ സമദ് സമദാനി എം പി , കെ പി എ മജീദ് എം എല്‍ എ , ഡോ. എം കെ മുനീര്‍ എം എല്‍ എ, അബ്ദുറഹ്മാന്‍ കല്ലായി സഊദി കെഎംസിസി നേതാക്കളായ കെ പി മുഹമ്മദ്കുട്ടി , ഖാദര്‍ ചെങ്കള, കുഞ്ഞിമോന്‍ കാക്കിയ , എ പി ഇബ്രാഹിംമുഹമ്മദ് തുടങ്ങി പ്രമുഖര്‍ പങ്കെടുക്കും.

ഇന്ത്യയിലെ മുസ്ലിംകളുടെയും മറ്റു ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗത്തിന്റെയും ഭരണഘടനാപരമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും സമൂഹത്തില്‍ അഭിമാനകരമായ അസ്തിത്വം ഉയര്‍ത്തുന്നതിനും വേണ്ടിയുള്ള പോരാട്ടവീഥിയിലെ പടനായകനാണ് പ്രൊഫ. ഖാദര്‍ മൊയ്തീന്‍. 1940 ജനുവരി 05ന് തമിഴ് നാട്ടിലെ പുതുക്കോട്ടൈ തിരുനെല്ലൂരിലാണ് ജനനം. മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദവും അറബിക്, ഉറുദു ഭാഷകളില്‍ ഡിപ്ലോമയും നേടിയ ശേഷം അറുപതുകളില്‍ ഖാഇദെമില്ലത്തിന്റെ രാഷ്ട്രീയത്തില്‍ ആകൃഷ്ടനായി മുസ്ലിംലീഗില്‍ ചേരുകയും എം.എസ്.എഫിന്റെ സംസ്ഥാന തലത്തിലെ സജീവ പ്രവര്‍ത്തകനാവുകയും ചെയ്തു.

വാഴും നെറി (ജീവിത വഴി) ഉള്‍പ്പെടെ നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവ്. കവിതകളും എഴുതാറുണ്ട്. തമിഴ്‌നാട് മൊഹല്ല ജമാഅത്ത് ഫെഡറേഷന്റെ മുഖ്യ സംഘാടകനാണ് . മത താരതമ്യ പഠനവുമായി ബന്ധപ്പെട്ട് വിവിധ സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. 1965ല്‍ പത്രപ്രവര്‍ത്തകനായും പിന്നീട് അധ്യാപകനായും സേവനമനുഷ്ഠിച്ചു. തിരുച്ചിറപ്പള്ളി ജമാല്‍ മുഹമ്മദ് കോളേജിലെ ചരിത്രാധ്യാപകനാണ് . കോളേജിന്റെ പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചു. മുഴുസമയ രാഷ്ട്രീയ പ്രവര്‍ത്തകനായതോടെ അധ്യാപനം മതിയാക്കി. 1970കളില്‍ മദ്രാസ് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗമായും 1980കളില്‍ ഭാരതിദാസന്‍ യൂണിവേഴ്‌സിറ്റി സിന്റിക്കേറ്റ് അംഗമായും പ്രവര്‍ത്തിച്ചു. മുബാറക്, ദാറുല്‍ ഹുദ തമിഴ് മാഗസിനുകളുടെ എഡിറ്ററായും പ്രവര്‍ത്തിച്ചു.

2004ല്‍ വെല്ലൂരില്‍നിന്ന് വിജയിച്ച് എം.പിയായി. 2006ല്‍ കേന്ദ്ര വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി കമ്മിറ്റി അംഗം. ഊര്‍ജ്ജ മന്ത്രാലയത്തിലും ആഭ്യന്തര മന്ത്രാലയത്തിലും കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചു. നേരത്തെ മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്നു. ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് 2017ല്‍ മുസ്ലിംലീഗ് ദേശീയ പ്രസിഡന്റായി ചുമതലയേറ്റു. ഭാര്യ പരേതയായ ലത്തീഫ ബീഗം. കെ.എം.കെ ഖലീലുറഹ്മാന്‍, ഹബീബുറഹ്മാന്‍, ഫൈസുറഹ്മാന്‍ എന്നിവര്‍ മക്കളാണ്.

ശുഭ്രമായ കര്‍മവീഥിയില്‍ കരുത്തും നിലപാടുകളുമായി വേറിട്ട പ്രവര്‍ത്തന ശൈലി സ്വീകരിച്ച് സഊദിയുടെ മണ്ണില്‍ കെഎംസിസി പ്രസ്ഥാനത്തിന്ന് വേരോട്ടമുണ്ടാക്കാന്‍ കഠിനാധ്വാനം ചെയ്ത സഊദി കെഎംസിസിയുടെ മുന്‍ ട്രഷറര്‍ സി ഹാഷിം എഞ്ചിനീയറുടെ സ്മരണാര്‍ത്ഥമാണ് പുരസ്‌കാരം.

 

Test User: