X
    Categories: MoreSportsViews

ചരിത്രം കുറിച്ച് സുനില്‍ ഛേത്രി; ഇന്ത്യക്ക് കോണ്ടിനന്റല്‍ ഫുട്‌ബോള്‍ കിരീടം

മുംബൈ: ഗോള്‍ വേട്ടയില്‍ ലയണല്‍ മെസിക്കൊപ്പമെത്തിയ നായകന്‍ സുനില്‍ ഛേത്രിയുടെ മികവില്‍ ഇന്ത്യക്ക് കോണ്ടിനന്റല്‍ ഫുട്‌ബോള്‍ കിരീടം. മുംബൈ ഫുട്‌ബോള്‍ അരീനയില്‍ നടന്ന ഫൈനലില്‍ കെനിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍പ്പിച്ചത്.

നായകന്‍ സുനില്‍ ഛേത്രി നേടിയ ഇരട്ട ഗോളുകളുടെ മികവിലാണ് ഇന്ത്യ കിരീടം ചൂടിയത്. മത്സരത്തിലുടനീളം ഇന്ത്യക്കായിരുന്നു മേല്‍ക്കൈ. എട്ടാം മിനിറ്റിലാണ് സുനില്‍ ഛേത്രി ആദ്യം വലകുലുക്കിയത്. ഒഗിംഗ നല്‍കിയ ഫ്രീകിക്കാണ് ഗോളിന് വഴിവെച്ചത്. അനിരുദ്ധ് ഥാപ്പ തൊടുത്ത താഴ്ന്നു പറന്ന കിക്ക് ഓടി പിടിച്ചെടുത്ത ഛേത്രി നേരം പാഴാക്കാതിരിക്കാതെ വലയിലെത്തിച്ചു.

മലയാളി താരം അനസിന്റെ പാസില്‍ നിന്നായിരുന്നു ഛേത്രിയുടെ രണ്ടാമത്തെ ഗോള്‍. അനസ് പൊക്കിക്കൊടുത്ത ഒരു നീളന്‍ പാസ് പിടിച്ചെടുത്ത ഛേത്രി അറ്റുഡോയുടേയും കിബ്വാഗെയുടേയും ഇടയിലൂടെ ഓഫ് സൈഡ് കെണി ഒഴിവാക്കി മികച്ച ഒരു ഇടങ്കാലന്‍ ഷോട്ടിലൂടെ വലയിലെത്തിച്ചു.

ഇരട്ട ഗോളുകളിലൂടെ സുനില്‍ ഛേത്രി ഗോള്‍ വേട്ടയില്‍ ഫുട്‌ബോള്‍ മാന്ത്രികന്‍ ലയണല്‍ മെസിക്കൊപ്പമെത്തി. 64 ഗോളുകളാണ് മെസിയും ഛേത്രിയും അന്താരാഷ്ട്ര മത്സരങ്ങളില്‍ സ്‌കോര്‍ ചെയ്തത്. 81 ഗോളുകള്‍ നേടിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോ മാത്രമാണ് ഇനി ഛേത്രിയുടെ മുന്നിലുള്ളത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: