മംഗളൂരു: മംഗളൂരുവില്‍ നിന്ന് കര്‍ണാടകയുടെ തലസ്ഥാനമായ ബംഗളൂരുവിലേക്കുള്ള വിസ്റ്റഡോം കോച്ചുകളുള്ള ട്രെയിന്‍ സര്‍വീസ് തുടങ്ങി. പകല്‍ സമയങ്ങളില്‍യാത്രക്കാര്‍ക്ക് പ്രകൃതിയുടെ മനോഹരമായ കാഴ്ചകള്‍ കാണാന്‍ അവസരമൊരുക്കുന്ന വിസ്റ്റഡോം കോച്ചുകളുള്ള ട്രെയിന്‍ ദക്ഷിണേന്ത്യയില്‍ ആദ്യമായാണ്. മംഗളൂരു ജംഗ്ഷന്‍-യശ്വന്തപൂര്‍ എക്‌സ്പ്രസ് ട്രെയിന്‍ എന്നാണ് പേര്.
44 സീറ്റുകള്‍ വീതമുള്ള രണ്ട് വിസ്റ്റഡോം കോച്ചുകള്‍ ട്രെയിനില്‍ ഉണ്ടാകും. വിശാലവും വലുതും സുതാര്യവുമായ ഗ്ലാസ് വിന്‍ഡോകളിലൂടെ പശ്ചിമഘട്ടത്തിന്റെ പ്രകൃതിഭംഗി അടുത്തറിഞ്ഞ് ആസ്വദിക്കാനാകും.
ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയി(ഐസിഎഫ്)ലാണ് കോച്ചുകള്‍ നിര്‍മ്മിക്കുന്നത്. മേല്‍ക്കൂരയും ഗ്ലാസ് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. കോച്ചുകളില്‍ സിസിടിവി ക്യാമറകള്‍, അഗ്‌നി സുരക്ഷാ ഉപകരണങ്ങള്‍, എല്‍ഇഡി, ഓവന്‍, റഫ്രിജറേറ്റര്‍, മള്‍ട്ടിടയര്‍ഡ് സ്റ്റീല്‍ ലഗേജ് അലമാര, എല്ലാ സീറ്റിലും മൊബൈല്‍ ചാര്‍ജിംഗ് സോക്കറ്റുകള്‍ എന്നിവയുണ്ട്. കൂടാതെ, കോച്ചുകളില്‍ ഓട്ടോമാറ്റിക് സ്ലൈഡിംഗ് വാതിലുകളും വാഷ്‌റൂമുകളും ഉണ്ട്.
റെയില്‍ ടൂറിസം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വിസ്റ്റഡോം കോച്ചുകളുടെ ആദ്യ സര്‍വീസ് കഴിഞ്ഞ ദിവസം മംഗളൂരു ജംഗ്ഷന്‍ റെയില്‍വെ സ്‌റ്റേഷനില്‍ ഫഌഗ് ഓഫ് ചെയ്തു. എംപി, എംഎല്‍എ, മേയര്‍, റെയില്‍വെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.