X
    Categories: indiaNews

ഇഴഞ്ഞ് നീങ്ങി വാക്‌സിനേഷന്‍;ഇനിയും മാസങ്ങള്‍ എടുക്കും

ന്യൂഡല്‍ഹി: രാജ്യത്ത് വാക്‌സീന്‍ ക്ഷാമം അതിരൂക്ഷം. ജൂലൈയില്‍ ലക്ഷ്യമിട്ട ഡോസുകള്‍ നല്‍കാനാകില്ലെന്ന് കണക്കുകള്‍ വ്യക്തമാകുന്നു. നിലവിലെ വേഗതയില്‍ വാക്‌സിനേഷന്‍ തുടരുന്നതെങ്കില്‍ 12.5 കോടി ഡോസ് വാക്‌സിനുകള്‍ മാത്രമേ ജൂലൈ അവസാനത്തോടെ കൊടുത്തുതീര്‍ക്കാനാകൂ.

ലക്ഷ്യം 13.5 കോടി വാക്‌സിന്‍ വിതരണം ചെയ്യുക എന്നതാണ്. 60 ലക്ഷം ഡോസുകള്‍ ദിവസംതോറും വിതരണം ചെയ്താലേ ഈ ലക്ഷ്യം നേടാനാവൂ. ജൂലൈ മാസം രണ്ട് ദിവസം മാത്രമേ ദിവസം 60 ലക്ഷം ഡോസ് വാക്‌സിന്‍ വിതരണം ചെയ്യാനായിട്ടുള്ളൂ. ഞായറാഴ്ച വരെ 9.94 കോടി വാക്‌സീനുകളാണ് ജൂലൈ മാസത്തില്‍ വിതരണം ചെയ്തത്. ദിവസം ഏതാണ്ട് ശരാശരി 38.26 ലക്ഷം ഡോസുകള്‍ എന്നതാണ് കണക്ക്.
ജൂലൈ മാസത്തിലാണ് രാജ്യത്തെ വാക്‌സിനേഷന്റെ വേഗത കുറഞ്ഞത്. സാര്‍വത്രിക സൗജന്യവാക്‌സിന്‍ എന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം ജൂണ്‍ 21-ന് 87 ലക്ഷം ഡോസ് വാക്‌സിന്‍ ഒരു ദിവസം നല്‍കി രാജ്യം റെക്കോഡിട്ടതാണ്. ഇതിന് ശേഷമാണ് ജൂലൈയില്‍ 13.5 കോടി ഡോസുകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചത്.

എന്നാല്‍ പിന്നീടുള്ള ഔദ്യോഗിക കണക്കുകള്‍ പരിശോധിച്ചാല്‍, വാക്‌സിനേഷന്‍ വേഗത കുത്തനെ കുറയുന്നതായാണ് കാണുന്നത്. ജൂണ്‍ 26-ന് അവസാനിക്കുന്ന ഒരാഴ്ച 4.5 കോടി വാക്‌സിനുകള്‍ വിതരണം ചെയ്‌തെങ്കില്‍, ജൂലൈ 25-ന്, അതായത് കഴിഞ്ഞ ഞായറാഴ്ച അവസാനിച്ച ആഴ്ച വെറും 2.8 കോടി വാക്‌സിന്‍ ഡോസുകള്‍ മാത്രമാണ് വിതരണം ചെയ്തത്. രാജ്യത്ത് ഇതുവരെ 34 കോടി പേര്‍ ആദ്യഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചെന്നാണ് കണക്ക്. ഏതാണ്ട് 9.3 കോടി പേര്‍ക്ക് രണ്ട് ഡോസും ലഭിച്ചു.

മൂന്നാം തരംഗ ഭീഷണി നിലനില്‍ക്കേ പരാവധി ആളുകളില്‍ എത്രയും വേഗം ഒരു ഡോസ് വാക്‌സിന്‍ എങ്കിലും എത്തിക്കാനായില്ലെങ്കില്‍ അത് ഗുരുതര പ്രത്യാഘാതമുണ്ടാക്കിയേക്കാമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. കഴിഞ്ഞ 29 ദിവസമായി 50,000-ത്തില്‍ താഴെയാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ 49 ദിവസമായി 5 ശതമാനത്തില്‍ താഴെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
അതേസമയം നിരവധി സംസ്ഥാനങ്ങള്‍ വാക്സിന്‍ ക്ഷാമം ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയിട്ടുണ്ട്. കേരളത്തില്‍ ചൊവ്വാഴ്ച വാക്സിന്‍ കഴിഞ്ഞതിനാല്‍ വാക്സിനേഷന്‍ സെന്ററുകള്‍ അടച്ചിരുന്നു. അതേസമയം രാജ്യത്ത് വാക്സിനേഷന്‍ പ്രക്രിയ മന്ദഗതിയിലാണെന്ന റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ തള്ളി.

ജനുവരി മുതല്‍ ഇതുവരെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും 45.7 കോടി ഡോസുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ജൂലൈ 31 നകം 6.03 കോടി ഡോസുകള്‍ അധികമായി വിതരണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ജനുവരി മുതല്‍ ജൂലൈ 31 വരെ മൊത്തം 51.73 കോടി ഡോസുകള്‍ വിതരണം ചെയ്യുമെന്നും കേന്ദ്രം പ്രസ്താവനയില്‍ പറയുന്നു

 

 

Test User: