X
    Categories: indiaNews

മുസ്ലിം ജനസംഖ്യാ നിയന്ത്രണം പുതിയ പ്രചാരണ ആയുധവുമായി ബി.ജെ.പി

ന്യൂഡല്‍ഹി: മുസ്ലിങ്ങളുടെ ജനസംഖ്യ കുറയ്ക്കാന്‍ അസാമിലും ഉത്തര്‍പ്രദേശിലും നടപ്പാക്കാന്‍ തീരുമാനിച്ച ജനസംഖ്യാ നിയന്ത്രണ നയം ഉത്തരാഖണ്ഡിലും നടപ്പാക്കണമെന്ന് ബി.ജെ.പിക്ക് ആര്‍.എസ്.എസിന്റെ നിര്‍ദേശം. അടുത്തിടെ ചേര്‍ന്ന ബി.ജെ.പി- ആര്‍.എസ്.എസ് യോഗത്തിലാണ് ഇതുസംബന്ധിച്ച ചര്‍ച്ച നടന്നതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ഉത്തരാഖണ്ഡിലെ മുസ്ലിം ഭൂരിപക്ഷമുള്ള പ്രദേശങ്ങളായ ഡെറാഡൂണ്‍, ഹരിദ്വാര്‍, ഉദംസിംഗ് നഗര്‍, നൈനിറ്റാള്‍ എന്നിവിടങ്ങളില്‍ ജനസംഖ്യ വര്‍ധിക്കുന്നുവെന്നും ഇവിടങ്ങളില്‍ ആവശ്യത്തിലധികം വികസനം നടക്കുന്നുണ്ടെന്നുമാണ് ആര്‍.എസ്.എസ് വിലയിരുത്തല്‍. ഇത്തരം സ്ഥലങ്ങള്‍ കണ്ടെത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്നും ആര്‍. എസ്.എസ് ആവശ്യപ്പെട്ടു. ആര്‍. എ സ്.എസ് നിര്‍ദേശത്തിനു പിന്നാലെ ഉത്തരാഖണ്ഡ് പുതിയ നിയമ നിര്‍മാണത്തിലേക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ട്ട്.

രണ്ടിലധികം കുട്ടികളുള്ള കുടുംബങ്ങളെ സര്‍ക്കാര്‍ ആനുകൂല്യങ്ങളും ജോലിയും ലഭിക്കുന്നതില്‍ നിന്നും വിലക്കാനുള്ള വ്യവസ്ഥയാണ് യു.പി സര്‍ക്കാരിന്റെ വിവാദമായ ജനസംഖ്യ നിയന്ത്രണ കരട് ബില്ലിലുള്ളത്. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിച്ചും ജനസംഖ്യ നിയന്ത്രണ ചട്ടങ്ങള്‍ പാലിക്കുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചുമാണ് ജനസംഖ്യ ബില്‍. അസമിലും സമാനമായ നയം നടപ്പാക്കിയിരുന്നു.

മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്തും ബോധവത്കരണം നടത്തിയും ജനസംഖ്യാ വര്‍ധന കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് നിയമസഭയില്‍ അറിയിച്ചിരുന്നു. ലോവര്‍ അസമില്‍ 1,000 പേരടങ്ങുന്ന യുവാക്കളെയാണ് നിയോഗിച്ചിരിക്കുന്നത്. ആശാവര്‍ക്കര്‍മാരുടെ പ്രത്യേക സംഘം രൂപീകരിക്കാനും തീരുമാനമുണ്ട്.

 

Test User: