ബെംഗളൂരു: കര്‍ണാടകത്തിലെ എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 157 വിദ്യാര്‍ഥികള്‍ 100 ശതമാനം മാര്‍ക്ക് നേടി. 1,28,931 വിദ്യാര്‍ഥികള്‍ക്ക് എ പ്ലസ് ലഭിച്ചു. പരീക്ഷ എഴുതിയ ആണ്‍കുട്ടികളെല്ലാം വിജയിച്ചു. 100 ശതമാനമാണ് ആണ്‍കുട്ടികളുടെ വിജയ ശതമാനം. എന്നാല്‍ പെണ്‍കുട്ടികളുടെ വിജയ ശതമാനം 99.99 ശതമാനമാണ്. കേന്ദ്രം മാറി പരീക്ഷ എഴുതിയ ഒരു വിദ്യാര്‍ഥിനി മാത്രമാണ് പരാജയപ്പെട്ടത്. 71.80 ശതമാനം ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയ ശതമാനം.
കര്‍ണാടക സെക്കന്ററി എഡ്യൂക്കേഷന്‍ എക്സാമിനേഷന്‍ ബോര്‍ഡ് (കെ.എസ്ഇഇബി) ആണ് ഫലം പ്രഖ്യാപിച്ചത്. കോവിഡ് മഹാമാരിക്കിടെ എസ്എസ്എല്‍സി പരീക്ഷ നടത്തിയ ചുരുക്കം ചില സംസ്ഥാനങ്ങളില്‍ ഒന്നാണ് കര്‍ണാടക. പല സംസ്ഥാനങ്ങളും എസ്എസ്എല്‍സി പരീക്ഷ റദ്ദാക്കിയിരുന്നു. പാഠ്യവര്‍ഷം മുഴുവന്‍ ഓണ്‍ലൈനില്‍ ആയിരുന്നു ക്ലാസുകള്‍. എന്നാല്‍ 2021 – 22 പാഠ്യവര്‍ഷത്തില്‍ ക്ലാസുകള്‍ ഓഫ്ലൈനായി നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. ഓഗസ്റ്റ് 23 മുതല്‍ കര്‍ണാടകയിലെ സ്‌കൂളുകള്‍ തുറക്കും.