X
    Categories: Sports

തുറന്നടിച്ച് നെയ്മര്‍

പാരീസ്:അമേരിക്കന്‍ സ്‌പോര്‍ട്‌സ് ഉല്‍പ്പന്ന നിര്‍മാണ കമ്പനിയായ നൈക്കിക്കെതിരെ തുറന്നടിച്ച് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍. സെക്‌സ് അപവാദ കേസില്‍ അന്വേഷണവുമായി സഹകരിക്കാന്‍ വിസമ്മതിച്ച സാഹചര്യത്തിലാണ് നെയ്മറുമായുള്ള കരാറില്‍ നിന്ന് പിന്മാറിയതെന്ന് കഴിഞ്ഞ ദിവസം നൈകി വ്യക്തമാക്കിയിരുന്നു. നൈകി സ്റ്റാഫിലെ ഒരംഗമാണ് നെയ്മര്‍ക്കെതിരെ പരാതി നല്‍കിയതെന്നും എന്നാല്‍ സദ്ദുദ്ദേശ അന്വഷണത്തിനായി സമീപിച്ചപ്പോള്‍ നെയ്മര്‍ സഹകരിച്ചില്ലെന്നുമായിരുന്നു നൈകി വീശദീകരണം. എന്നാല്‍ ഇത്രയും വലിയ ഒരു കമ്പനി പച്ചക്കള്ളമാണ് പറയുന്നതെന്ന് നെയ്മര്‍ വ്യക്തമാക്കി. നെയ്മറും നൈക്കിയും തമ്മില്‍ ലോക റെക്കോര്‍ഡ് തുകക്ക് ഒപ്പിട്ട കരാര്‍ കാലാവധി 2022 വരെയുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ സെപ്തംബറില്‍ നെയ്മറും നൈകിയും വഴിപിരിയുകയായിരുന്നു. പിന്നീട് അദ്ദേഹം പ്യൂമയുടെ ബ്രാന്‍ഡ് അംബാസിഡറുമായി.

താന്‍ ആരെയും അപമാനിച്ചിട്ടില്ലെന്നാണ് വിശദമായ ഇന്‍സ്റ്റ പോസ്റ്റില്‍ നെയ്മര്‍ വ്യക്തമാക്കുന്നത്. പച്ചക്കള്ളമാണ് അവര്‍ പറയുന്നത്. നൈകിയുമായി വ്യക്തമായ കരാറുണ്ടായിരുന്നു. കരാര്‍ രഹസ്യരേഖയാണ്. ഞാന്‍ അത് വെളിപ്പെടുത്താറില്ല. പതിമൂന്നാം വയസില്‍ ആദ്യ കരാറില്‍ ഒപ്പിടുമ്പോള്‍ തന്നെ എനിക്ക് ലഭിച്ച ഉപദേശം അതായിരുന്നു. അവര്‍ പറയുന്ന പെണ്‍കുട്ടിയെ എനിക്കറിയില്ല. ഞാന്‍ കണ്ടിട്ടില്ല. എന്താണ് ഞാന്‍ ചെയ്ത അപമാനം എന്ന് പോലും എനിക്കറിയില്ല. കരാറിന്റെ ഭാഗമായി എത്രയോ തവണ അമേരിക്കയില്‍ ഷൂട്ടിന് പോയിട്ടുണ്ട്. മണിക്കൂറുകളും ദിവസങ്ങളും ദീര്‍ഘിക്കുന്ന ഷൂട്ടുകള്‍ക്ക് നിന്ന് കൊടുത്തിട്ടുണ്ട്. 2017,18,19 വര്‍ഷങ്ങളിലാണ് അമേരിക്കയിലേക്ക് പോയത്. ഈ സമയങ്ങളിലൊന്നും ഇത്തരമൊരു അപവാദക്കഥ അവര്‍ ആരും പറഞ്ഞിരുന്നുമില്ല. ഇങ്ങനെയൊരു അനുഭവം ആര്‍ക്കെങ്കിലും ഞാന്‍ മൂലം ഉണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ അത് എന്നോട് പറയണമായിരുന്നു. അതുണ്ടായിട്ടില്ല. അനാവശ്യ കാര്യങ്ങള്‍ എന്നില്‍ അടിച്ചേല്‍പ്പിക്കുക എന്നത് വിധിയുടെ വിരോധഭാസാമവാം. പക്ഷേ അത് കൊണ്ട് ഞാന്‍ തളരില്ല. ദൈവത്തിലാണ് വിശ്വാസം. കരുത്തനായി തന്നെ മുന്നോട്ട് പോവും-അദ്ദേഹം കുറിച്ചു. 2016 ലാണ് തങ്ങളുടെ സ്റ്റാഫിന് ദുരനുഭവമുണ്ടായതെന്നാണ് നൈകി വിശദീകരിക്കുന്നത്. 2018 ലെ ഒരു കമ്പനി ക്യാമ്പയിനിലാണ് അവര്‍ ഇക്കാര്യം തുറന്ന് പറഞ്ഞത്. എല്ലാ സ്റ്റാഫിനും മുന്‍ സ്റ്റാഫിനുമെല്ലാം തങ്ങളുടെ അനുഭവങ്ങള്‍ രഹസ്യമായി പങ്ക് വെക്കാന്‍ നല്‍കിയ അവസരത്തിലായിരുന്നു വെളിപ്പെടുത്തല്‍.

അവര്‍ തന്നെ അതീവ രഹസ്യമായാണ് കാര്യങ്ങള്‍ പറഞ്ഞത്. അന്വേഷണം വേണ്ടെന്നും പറഞ്ഞു. അവരുടെ സ്വകാര്യതയെ മാനിച്ച് ഞങ്ങള്‍ അന്വേഷണം നടത്തിയില്ല. എന്നാല്‍ 2019 ല്‍ അവര്‍ തന്നെ അന്വേഷണമാവാമെന്ന് പറഞ്ഞു. ഉടന്‍ തന്നെ ഒരു സ്വതന്ത്ര അന്വേഷണ സംഘത്തെ നിയോഗിച്ചു. പരാതികാരിക്ക് കമ്പനി ചെലവില്‍ അഭിഭാഷകനെ നല്‍കി. എന്നാല്‍ ഈ അന്വേഷണവുമായി സഹകരിക്കാന്‍ നെയ്മര്‍ തയ്യാറായില്ലെന്നും നൈകി വിശദീകരിക്കുന്നു.

Test User: