ഡല്‍ഹി: രാജ്യത്ത് ഹൈഡ്രജന്‍ ട്രെയിനുകള്‍ ഈ വര്‍ഷം തന്നെ ഓടുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. കല്‍ക – ഷിംല പാതയിലാണ് ഹൈഡ്രജന്‍ ട്രെയിനുകള്‍ ആദ്യം ഓടുകയെന്ന് മന്ത്രി പറഞ്ഞു. ഈ വര്‍ഷം ഡിസംബറിലാണ് ഹൈഡ്രജന്‍ ട്രെയിനുകള്‍ ട്രാക്കിലിറങ്ങുക. ഇന്ത്യയില്‍ തന്നെ രൂപകല്‍പ്പന ചെയ്ത് സമ്ബൂര്‍ണമായി ഇന്ത്യയില്‍ നിര്‍മിച്ചതാണ് ഈ ട്രെയിനുകള്‍. കല്‍ക – ഷിംല പാതയില്‍ ആദ്യം ഓടുന്ന ട്രെയിന്‍ പിന്നീട് മറ്റ് പാതകളിലും ഓടിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഹൈഡ്രജനില്‍ പ്രവര്‍ത്തിക്കുന്ന ട്രെയിനിന്‍റെ സാങ്കേതികവിദ്യ ശൈശവാവസ്ഥയിലാണ്. ചുരുക്കം ചില രാജ്യങ്ങള്‍ പരിമിതമായി മാത്രമാണ് ഇത് ഉപയോഗിക്കുന്നത്. ഹരിത സംരംഭങ്ങളിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് ഇന്ത്യയുടെ ഹൈഡ്രജന്‍ ട്രെയിന്‍. ഹൈഡ്രജനില്‍ പ്രവര്‍ത്തിക്കുന്ന ട്രെയിനുകള്‍ വന്ദേ മെട്രോ എന്നാണ് അറിയപ്പെടുക. ഡാര്‍ജിലിംഗ് ഹിമാലയന്‍ റെയില്‍വേ, നീലഗിരി മൗണ്ടന്‍ റെയില്‍വേ, കല്‍ക – ഷിംല റയില്‍വേ, മാതേരന്‍ ഹില്‍ റെയില്‍വേ, കാന്‍ഗ്ര വാലി, ബില്‍മോറ വഘായ്, മാര്‍വാര്‍-ദേവ്ഗഢ് മദ്രിയ എന്നിവയുള്‍പ്പെടെ ചരിത്രപ്രധാനമായ നാരോ ഗേജ് റൂട്ടുകളിലാണ് ആദ്യം ഓടുക. യാത്ര കൂടുതല്‍ പരിസ്ഥിതി സൗഹൃദമാക്കുക എന്നതാണ് ലക്ഷ്യം.