റാബിയ സെയ്ഫി എന്ന സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥ പൈശാചികമായി കൊലചെയ്യപ്പെട്ട സംഭവം പേടിപ്പെടുത്തുന്ന ഒരുപാട് ചിന്തകളിലേക്ക് ഇന്ത്യന്‍ സമൂഹത്തെ കൊണ്ടുപോകുന്നുണ്ട്. സമാനതകളില്ലാത്ത ക്രൂരത കൊണ്ട് മാത്രമല്ല, ഭരണകൂടവും ഒരുപറ്റം മാധ്യമങ്ങളും അതിനോട് പുലര്‍ത്തുന്ന നിസ്സംഗതയിലൂടെയും സെയ്ഫിയുടെ മരണം മന:സാക്ഷിയെ ഞെട്ടിക്കുന്നു. മാറിടങ്ങള്‍ മുറിച്ചുമാറ്റിയും കഴുത്ത് അറുത്തും ജനനേന്ദ്രിയം കുത്തിക്കീറിയും അതിനിഷ്ഠൂരമായാണ് ആ പെണ്‍കുട്ടി കൊല്ലപ്പെട്ടത്. സെയ്ഫിയെ ഇഞ്ചിഞ്ചായി കൊല്ലണമെന്ന് കൊലയാളികള്‍ക്ക് നിര്‍ബന്ധമുണ്ടായിരിക്കാം. ശരീരത്തിലുടനീളം മുറിവുകളുണ്ടായിരുന്നു. അമ്പതോളം തവണ കത്തി ഉപയോഗിച്ച് കുത്തിയതിന്റെ ആഴത്തിലുള്ള മുറിവുകള്‍. രാജ്യത്തിന്റെ തലസ്ഥാന നഗരിയില്‍ ഒരു സിവില്‍ പൊലീസ് ഓഫീസറാണ് ഇത്രയും ക്രൂരമായി കൊല്ലപ്പെട്ടതെന്ന് ഓര്‍ക്കണം. അവര്‍ക്കുവേണ്ടി കണ്ണീര്‍വാര്‍ക്കാനും നീതിക്കുവേണ്ടി ശബ്ദിക്കാനും കാലതാമസം നേരിട്ടത് ഇന്ത്യന്‍ സമൂഹം എത്തിയിരിക്കുന്ന ബീഭത്സമായ സാമൂഹിക സാഹചര്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. പ്രതിഷേധത്തിന്റെ മെഴുകുതിരികളിലേക്ക് തീ പടരാതിരിക്കുമ്പോള്‍ രാജ്യത്തിന്റെ സാമൂഹിക ബോധത്തിനുമേല്‍ ഇരുള്‍ പരക്കുകയാണ്. ഒറ്റപ്പെട്ട ശബ്ദങ്ങല്ലാതെ രോഷത്തിന്റെ ഗര്‍ജനങ്ങള്‍ എവിടെനിന്നും ഉയര്‍ന്നുകേട്ടില്ല. ഡല്‍ഹി പൊലീസും അന്വേഷണത്തിന്റെ വഴികളില്‍ തപ്പിത്തടയുകയാണ്.
സെയ്ഫിയുടെ കുടുംബം ആരോപിക്കുന്നതുപോലെ ദുരൂഹതയുടെ ഇരുട്ട് സംഭവത്തെ പൊതിഞ്ഞുനില്‍ക്കുന്നുണ്ട്. പാവപ്പെട്ട കുടുംബത്തില്‍ ജനിക്കുകയും പഠിച്ചു വളര്‍ന്ന് രാജ്യത്തെ സേവിക്കാനിറങ്ങുകയും ചെയ്ത പെണ്‍കുട്ടിയെ കടിച്ചുകീറി കൊലപ്പെടുത്തിയ മനുഷ്യ പിശാചുകളെ വല വീശി പിടിക്കാന്‍ വൈകുന്നത് എന്തുകൊണ്ടാണ്? പൊലീസ് കസ്റ്റഡിയില്‍ ആകെയുള്ളത് ഭര്‍ത്താവെന്ന് അവകാശപ്പെട്ട് എവിടെനിന്നോ വലിഞ്ഞുകയറി വന്ന ഒരുത്തന്‍ മാത്രം. കുടുംബത്തെ അറിയിക്കാതെ സെയ്ഫിയെ വിവാഹം ചെയ്തിട്ടുണ്ടെന്നും ചാരിത്ര്യശുദ്ധിയില്‍ സംശയം തോന്നി കൊലപ്പെടുത്തിയെന്നുമാണ് അയാള്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. മൃതദേഹം കണ്ടെടുത്തതിന് പിന്നാലെ തന്നെ ഇയാള്‍ കുറ്റം ഏറ്റെടുത്ത് പൊലീസിന് കീഴടങ്ങിയിരുന്നു. അത്തരമൊരാളെ തങ്ങള്‍ക്ക് പരിചയം പോലുമില്ലെന്ന സെയ്ഫിയുടെ കുടുംബത്തിന്റെ വാദം അധികൃതര്‍ മുഖവിലക്കെടുത്തിട്ടില്ല. പകരം അവനെ വെച്ച് പൊലീസ് കളിക്കുകയാണ്. അവന്റെ മൊഴികളില്‍ കേന്ദ്രീകരിച്ച് മാത്രമേ പൊലീസിന് ചിന്തിക്കാനാവുന്നുള്ളൂ. ഇയാളെ ഉള്‍പ്പെടുത്തി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. ഏതെങ്കിലും തരത്തില്‍ അങ്ങനെ ഒരാളുമായി തനിക്ക് ബന്ധമുള്ളതായി സെയ്ഫി തന്റെ കുടുംബത്തിന് സൂചന പോലും നല്‍കിയിരുന്നില്ല. പെണ്‍കുട്ടിയുടെ സ്വാഭാവ ശുദ്ധിയില്‍ സംശയം പ്രകടിപ്പിക്കുന്ന രീതിയിലാണ് അധികൃതര്‍ അന്വേഷണങ്ങളെ മുന്നോട്ടുകൊണ്ടുപോകുന്നത്. അതിലൂടെ യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടുകയും ചെയ്യും. അന്വേഷണം ഒരാളില്‍ മാത്രമായി ഒതുങ്ങുന്ന സാഹചര്യം കേസ് അട്ടിമറിക്കപ്പെടാന്‍ കാരണമാകും.
ഡല്‍ഹി ലജ്പത് നഗര്‍ ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസില്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥയായി നിയമിതയായതിന് പിന്നാലെയാണ് സെയ്ഫി കൊല്ലപ്പെടുന്നത്. പെണ്‍കുട്ടിയുടെ കുടുംബം നല്‍കുന്ന പല വിവരങ്ങളും അധികാര കേന്ദ്രങ്ങളുടെ അടിക്കല്ല് ഇളക്കുന്നതാണ്. ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസിലെ ചിലര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് പിതാവ് സാമിദ് അഹ്മദ് പറയുന്നത്. ഓഫീസിലെ അഴിമതികള്‍ പുറത്തുവരാതിരിക്കന്‍ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്നാണ് അദ്ദേഹത്തിന്റെ വാദം. ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസിലെ ഒരു രഹസ്യ അറയെക്കുറിച്ച് മകള്‍ക്ക് അറിയാമായിരുന്നുവെന്നും പ്രതിദിനം അവിടേക്ക് മൂന്നും നാലും ലക്ഷം രൂപയാണ് അഴിമതിപ്പണമായി വരുന്നതെന്നും റാബിയ തന്നോടും ഭാര്യയോടും പറഞ്ഞിരുന്നതായി അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ഏറെ ഗൗരവമുള്ള ആരോപണമെന്ന നിലയില്‍ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച് കൂടുതല്‍ വിശദമായ അന്വേഷണങ്ങള്‍ നടക്കേണ്ടതുണ്ട്. കൊലപാതകം നടത്തിയെന്ന് അവകാശപ്പെട്ട് കീഴടങ്ങിയ വ്യക്തി സെയ്ഫിയെ വിവാഹം ചെയ്തതിന് ഇതുവരെയും തെളിവ് കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല. പ്രതിയെ കോടതിയില്‍ ഹാജരാക്കാനും കസ്റ്റഡിയില്‍ ആവശ്യപ്പെടാനും പൊലീസിന്റെ ഭാഗത്ത് കാലതാമസം നേരിട്ടതും സംശയങ്ങള്‍ക്ക് കനം കൂട്ടുകയാണ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി നിയമ നടപടികള്‍ ആരംഭിക്കാന്‍ പിന്നെയും ദിവസങ്ങള്‍ വേണ്ടിവന്നു. സ്വാഭാവികമായും കുടുംബത്തിന്റെ വാദങ്ങള്‍ കൂടി പരിഗണിച്ചുകൊണ്ടുള്ള അന്വേഷണം ആവശ്യമാണ്.
രാജ്യത്ത് സംഭവിക്കുന്ന ക്രമസമാധാന തകര്‍ച്ചയുടെ ഭയാനകതയിലേക്കാണ് നിര്‍ഭയ മുതല്‍ സെയ്ഫി വരെയുള്ള സംഭവങ്ങള്‍ വിരല്‍ചൂണ്ടുന്നത്. പൊലീസുദ്യോഗസ്ഥക്കുപോലും ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകുന്നത് ജനങ്ങളുടെ സുരക്ഷിതബോധത്തെ തകര്‍ത്തിട്ടുണ്ട്. സ്ത്രീകള്‍ വേട്ടയാടപ്പെടുന്ന കേസുകളില്‍ നിഷ്പക്ഷവും നീതിപൂര്‍വകവുമായ നടപടികള്‍ ഉണ്ടാകുന്നില്ലെന്ന പരാതികള്‍ സമീപ കാലത്ത് വര്‍ധിച്ചിരിക്കുകയാണ്. ചില കേസുകളില്‍ സങ്കുചിതവും സാമുദായികവുമായ പരിഗണനകള്‍ അധികാരികളെ സ്വാധീനിച്ചതിന് ഉദാഹരണങ്ങള്‍ നിരവധിയുണ്ട്. ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബി.ജെ.പി എം.എല്‍.എയും കൂട്ടാളികളും ദലിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ യു.പി ഭരണകൂടം വേട്ടക്കാരനോടൊപ്പമാണ് നിലയുറപ്പിച്ചത്. പ്രതികള്‍ ഉന്നതകുലജാതരും വേട്ടയാടപ്പെടുന്നത് പാവപ്പെട്ട സ്ത്രീകളുമാണെങ്കില്‍ അധികാരികളും അനുബന്ധ സംവിധാനങ്ങളും വഴിമാറി നടക്കുമെന്ന് തെളിയിക്കുന്നതായിരുന്നു ഉന്നാവോ ബലാത്സംഗക്കേസ്. പരാതിക്കാരിയായ പെണ്‍കുട്ടിയെ ട്രക്കിടിപ്പിച്ച് കൊല്ലാന്‍ പോലും ശ്രമം നടന്നെങ്കിലും തെരുവിലിറങ്ങാനും നീതിക്കുവേണ്ടി ശബ്ദിക്കാനും ആളുണ്ടായില്ല.
രാജ്യത്ത് ഇപ്പോഴും സ്ത്രീകളുടെ സുരക്ഷിതത്വം വലിയൊരു ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്. അവര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കാന്‍ നിയമങ്ങളും സംവിധാനങ്ങളും പ്രഖ്യാപനങ്ങളും പലതുണ്ടെങ്കിലും ലൈംഗികാതിക്രമങ്ങളും പീഡനങ്ങളും നാള്‍ക്കുനാള്‍ കൂടിക്കൊണ്ടിരിക്കുന്നു. അതിഭീകരമായി കൊല ചെയ്യപ്പെടുന്നു. ലോകത്തിന്മുന്നില്‍ രാജ്യത്തെ നാണിപ്പിക്കുന്നതാണ് പല സംഭവങ്ങളും. ഭരണ സ്വാധീനവും നിയമത്തിന്റെ ആനുകൂല്യങ്ങളും ഉപയോഗിച്ച് കുറ്റവാളികള്‍ രക്ഷപ്പെടുന്ന ദുരന്ത സാഹചര്യങ്ങള്‍ക്കും രാജ്യം സാക്ഷിയാണ്. സെയ്ഫി എന്ന പെണ്‍കുട്ടിയോടൊപ്പം നിയമസംവിധാനങ്ങളെക്കൂടിയാണ് കൊലയാളികള്‍ കുത്തിക്കീറിയിരിക്കുന്നതെന്ന് തിരിച്ചറിയേണ്ടതുണ്ട്.