X

പെഗാസസ്: ഹര്‍ജികള്‍ വ്യാഴാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: ഇസ്രാഈലി ചാര സോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളേയും മാധ്യമ, പൗരാവകാശ പ്രവര്‍ത്തകരേയും രഹസ്യമായി നിരീക്ഷിച്ച സംഭവത്തില്‍ പ്രത്യേക അന്വേഷണം വേണം എന്ന് ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹര്‍ജികള്‍ വ്യാഴാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി.

ചീഫ് ജസ്റ്റിസ് എന്‍.വി രമണ, ജസ്റ്റിസ് സൂര്യ കാന്ത് എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ എന്‍ റാം, ശശി കുമാര്‍, ഇടത് എംപി ജോണ്‍ ബ്രിട്ടാസ്, അഭിഭാഷകനായ എം.എല്‍ ശര്‍മ എന്നിവരാണ് പെഗാസസില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് പരമോന്നത കോടതിയെ സമീപിച്ചത്.

ചാര സോഫ്റ്റ് വെയര്‍ പെഗാസസ് ഉപയോഗിക്കാനുള്ള ലൈസന്‍സ് സര്‍ക്കാരിനുണ്ടായിരുന്നുവോ, ഏതെങ്കിലും തരത്തിലുള്ള രഹസ്യ നിരീക്ഷണത്തിന് ഇത് പ്രത്യക്ഷമായോ പരോക്ഷമായോ ഉപയോഗിച്ചിട്ടുണ്ടോ എന്ന് വെളിപ്പെടുത്താന്‍ സര്‍ക്കാരിനോട് ഉത്തരവിടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ആഗോള മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തതു പ്രകാരം 142ലേറെ പേര്‍ക്കെതിരെ ഇന്ത്യയില്‍ പെഗസസ് ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ നിയമവിരുദ്ധ ചാരപ്പണി നടത്തിയിട്ടുണ്ടെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ആംനസ്റ്റി ഇന്റര്‍നാഷനല്‍ സെക്യൂരിറ്റി ലാബ് ആണ് പെഗാസസ് ചാരവൃത്തി നടന്നതായി കണ്ടെത്തിയത്.

ഇത് ഇന്ത്യയിലെ ദി വയര്‍ അടക്കമുള്ള വിവിധ രാജ്യങ്ങളിലെ മാധ്യമങ്ങളിലൂടെയാണ് പുറത്തു വന്നത്. ഇസ്രാഈലി സൈബര്‍ സുരക്ഷാ കമ്പനിയായ എന്‍എസ്്ഒ വികസിപ്പിച്ച പെഗാസസ് സര്‍ക്കാറുകള്‍ക്ക് മാത്രം വില്‍ക്കുന്ന ചാര സോഫ്റ്റ്വെയറാണ്.

 

Test User: