X

പെഗാസസിനായി ഒഴുക്കുന്നത് കോടികള്‍ ;ഒരു ഫോണ്‍ ചോര്‍ത്താന്‍ ഈടാക്കുന്നത് 6 കോടി വരെ

ന്യൂഡല്‍ഹി: ഇസ്രാഈലിലെ എന്‍.എസ്.ഒ ഗ്രൂപ്പിന്റെ ചാര സോഫ്റ്റ് വെയര്‍ പെഗാസസ് വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ ഇന്ത്യ ഉള്‍പ്പെടെയള്ള രാജ്യങ്ങള്‍ ചെലവഴിക്കുന്നത് വന്‍തുക. നിശ്ചിതകാലയളവില്‍ ഒരു ഫോണില്‍ നിന്ന് വിവരം ചോര്‍ത്താന്‍ ശരാശരി അഞ്ച് മുതല്‍ ആറ് കോടി രൂപ വരെ എന്‍.എസ്.ഒ ഈടാക്കുന്നതായാണ് റിപ്പോര്‍ട്ട്. സോഫ്റ്റ് വെയര്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത്, വിവരക്കൈമാറ്റം, പരിപാലന ചെലവ് എന്നിങ്ങനെ മൂന്ന് തലത്തിലാണ് ചോര്‍ത്തലിന് പണം ഈടാക്കുന്നത്. ചോര്‍ത്തുന്ന ഫോണുകളുടെ എണ്ണത്തിനനുസരിച്ച് ഒരു നിശ്ചിത കാലയളവിലേക്കാണ് തുക നല്‍കേണ്ടത്.

പുതുക്കാന്‍ വീണ്ടും വന്‍തുക നല്‍കണം. പെഗാസസ് സോഫ്റ്റ്‌വെയര്‍ ഒരു ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ മാത്രം അഞ്ച് ലക്ഷം ഡോളര്‍ (3.72 കോടി രൂപ) വാങ്ങുന്നതായാണ് വിവരം. ഫോണിലെ വിവരങ്ങള്‍ ലഭിക്കാന്‍ വേറെയും പണം നല്‍കണം. ഫോണുകള്‍ക്ക് അനുസൃതമായി ഈടാക്കുന്ന വിലയില്‍ വിത്യാസമുണ്ട്. 10 ഐഫോണ്‍, ആന്‍ഡ്രോയ്ഡ് ഫോണ്‍ എന്നിവയില്‍ നിന്ന് വിവരം ചോര്‍ത്താന്‍ 6.5 ലക്ഷം ഡോളറാണ് (4.83 കോടി രൂപ)ഈടാക്കുന്നത്. അതേസമയം അഞ്ച് ബ്ലാക്ക്ബറി പാക്കേജിന് 5 ലക്ഷം ഡോളറും (3.72 കോടി രൂപ) അഞ്ച് സിംബിയന്‍ ഫോണിന് 3 ലക്ഷം ഡോളറും (2.23 കോടി രൂപ) നല്‍കണം. ഇന്ത്യയില്‍ 2017 മുതല്‍ 2019 വരെ പുറത്തുവന്ന കണക്ക് പ്രകാരം ഏകദേശം മുന്നൂറോളം പേരുടെ ഫോണ്‍ ചോര്‍ത്തിയിട്ടുണ്ട്.

300 ഫോണ്‍ നിശ്ചിത കാലയളവിലേക്ക് ചോര്‍ത്താന്‍ കുറഞ്ഞത് 1500 കോടി രൂപയെങ്കിലും വേണം. 36 രാജ്യങ്ങളിലായി 60 ഉപയോക്താക്കളാണ് പെഗാസസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നത്. ഇതില്‍ 51 ശതമാനവും ചാര സംഘടനകളാണ്. 38 ശതമാനം സുരക്ഷാ ഏജന്‍സികളും 11 ശതമാനം സൈന്യവുമാണ്. ഇസ്രാഈല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍കമ്പനിയായ എന്‍.എസ്.ഒ ഗ്രൂപ്പ് വികസിപ്പിച്ച സോഫ്റ്റ് വെയര്‍ പ്രോഗ്രാമാണ് പെഗാസസ്. മൊബൈല്‍ ഫോണുകളില്‍ നുഴഞ്ഞുകയറി പാസ്‌വേര്‍ഡ്, ബന്ധപ്പെടുന്ന ആളുകളുടെ വിവരങ്ങള്‍, മെസേജുകള്‍, ക്യാമറ, മൈക്രോഫോണ്‍, സഞ്ചാരപഥം, ജി.പി.എസ്. ലൊക്കേഷന്‍ തുടങ്ങി മുഴുവന്‍ വിവരവും ചോര്‍ത്താന്‍ ഇതിലൂടെ സാധിക്കും. വിവിധ രാജ്യങ്ങളിലെ 16 മാധ്യമസ്ഥാപനങ്ങള്‍ ചേര്‍ന്നു നടത്തിയ അന്വേഷണത്തിലൂടെയാണ് പെഗാസസ് ചോര്‍ച്ചയുടെ വിവരങ്ങള്‍ പുറത്തു വന്നത്.

 

Test User: