ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളില്‍ കുറവു വന്നതിന് പിന്നാലെ കൂടുതല്‍ രക്ഷിതാക്കള്‍ കുട്ടികളെ സ്‌കൂളിലേക്ക് വിടാന്‍
സമ്മതിക്കുന്നതായി പുതിയ സര്‍വേ. സ്‌കൂള്‍ തുറക്കുന്നതിനെ 53 ശതമാനം മാതാപിതാക്കള്‍ അനുകൂലിച്ചതായാണ് പുതിയസര്‍വേ ഫലം പറയുന്നത്.
44 ശതമാനം പേര്‍ വിയോജിപ്പും രേഖപ്പെടുത്തി. ഭരണം, പൊതുജനവിഷയങ്ങള്‍, ഉപഭോക്തൃ താല്‍പര്യം തുടങ്ങിയ വിഷയങ്ങളില്‍ സര്‍വേ നടത്തുന്ന ലോക്കല്‍ സര്‍ക്കിള്‍സ് സംഘടിപ്പിച്ച സര്‍വേയിലാണ് ഇക്കാര്യം പറയുന്നത്. രാജ്യത്തെ 378 ജില്ലകളിലെ 24000 മാതാപിതാക്കളെ സാമ്പിള്‍ ആയി എടുത്ത് നടത്തിയ സര്‍വേയില്‍ 47000 പ്രതികരണങ്ങള്‍ ലഭിച്ചു. ഈ പ്രതികരണങ്ങളില്‍ നിന്നാണ് നിഗമനത്തിലേക്കെത്തിയതെന്ന് സര്‍വേ അവകാശപ്പെടുന്നു.
66 ശതമാനം പുരുഷന്‍മാരും 34 ശതമാനം സ്ത്രീകളുമാണ് സര്‍വേയുടെ ഭാഗമായത്. കഴിഞ്ഞ ജൂണില്‍ നടത്തിയ സമാന സര്‍വേയില്‍ 76 ശതമാനം മാതാപിതാക്കളും സ്‌കൂള്‍ തുറക്കുന്നതിനെ എതിര്‍ത്തിരുന്നു. എന്നാല്‍ രണ്ട് മാസത്തില്‍ സ്‌കൂള്‍ തുറക്കുന്നതിനെ പിന്തുണയ്ക്കുന്നവരില്‍ മുപ്പത് ശതമനാത്തോളം വര്‍ധനവാണ് ഉണ്ടായത്. അതേസമയം സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും വാക്‌സിന്‍ നല്‍കണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നു. സ്‌കൂളുകളില്‍ നിരന്തരം കോവിഡ് പരിശോധന നടത്തണമെന്ന് 74 ശതമാനം മാതാപിതാക്കളും ആവശ്യപ്പെടുന്നു. രാജ്യത്തെ കോവിഡ് കേസുകള്‍ കുറവുവന്നതോടെ നിരവധി സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ തുറന്നിട്ടുണ്ട്. പലയിടത്തും ഇന്റനെറ്റ് ലഭ്യത ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകളും ഫലപ്രദമായിരുന്നില്ല.