X
    Categories: indiaNews

രാജ്യസഭയില്‍ തനിച്ച് ഭൂരിപക്ഷം; 2024 വരെബി.ജെ.പി മോഹം യാഥാര്‍ത്ഥ്യമാവില്ല

 

ന്യൂഡല്‍ഹി: ഏകസിവില്‍ കോഡ് അടക്കം നിരവധി നിയമങ്ങളും ബില്ലുകളും മൂശയില്‍ തയാറാക്കിക്കൊണ്ടിരിക്കുന്ന കേന്ദ്ര സര്‍ക്കാറിന് വെല്ലുവിളി തീര്‍ത്ത് രാജ്യസഭയിലെ അംഗ ബലം. നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളില്‍ അസമിലും പുതുച്ചേരിയിലും മാത്രം ഭരണത്തിലേറാനായ ബി.ജെ.പിക്ക് രാജ്യസഭയില്‍ ഒറ്റക്ക് ഭൂരിപക്ഷമെന്ന സ്വപ്‌നം രണ്ടാം മോദി സര്‍ക്കാറിന്റെ കാലത്ത് യാഥാര്‍ത്ഥ്യമായേക്കില്ല.

അടുത്ത വര്‍ഷം 74 രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ബി.ജെ.പിയുടെ നിലവിലെ അംഗ സംഖ്യയില്‍ നിന്നും കാര്യമായ നേട്ടമുണ്ടാക്കാനാവില്ല. ഇതോടെ രണ്ടാം മോദി സര്‍ക്കാറിന്റെ കാലാവദി തീരുന്ന 2024ന് മുമ്പ് ഉപരിസഭയില്‍ ബി.ജെ.പിക്ക് തനിച്ച് ഭൂരിപക്ഷം നേടാനാവില്ലെന്ന് ഏറെക്കുറെ ഉറപ്പായി. 2022ല്‍ തെരഞ്ഞെടുപ്പ് നടക്കുന്ന യു.പി, ഗുജറാത്ത്, പഞ്ചാബ്, ഹിമചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ലഭിക്കുന്ന ഏത് തിരിച്ചടിയും പാര്‍ട്ടിയുടെ രാജ്യസഭാ സ്വപ്‌നങ്ങളെ ബാധിക്കും. യു.പി, ഗുജറാത്ത്, ഹിമാചല്‍ എന്നീ സംസ്ഥാനങ്ങള്‍ നിലവില്‍ ബി.ജെ.പിയുടെ ഭരണത്തിന് കീഴിലാണെങ്കിലും യു.പിയിലും ഹിമാചലിലും ഭരണം തിരിച്ചു പിടിക്കുക ബി.ജെ.പിക്ക് അതീവ ദുഷ്‌കരമാണ്.

കോവിഡ് കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയും കാര്‍ഷിക നിയമങ്ങളും ഇരു സംസ്ഥാനത്തും തിരിച്ചടിയാവുമെന്നാണ് പാര്‍ട്ടി തന്നെ വിലയിരുത്തുന്നത്. ഇത് മറികടക്കാനായി വര്‍ഗീയതയിലൂന്നിയ നിലപാടുകള്‍ അടുത്ത ദിവസങ്ങളില്‍ ഈ സംസ്ഥാന സര്‍ക്കാറുകള്‍ മുന്നോട്ടു വെക്കാനും സാധ്യതയുണ്ട്. നിലവില്‍ 245 അംഗ രാജ്യസഭയില്‍ 93 എം.പിമാരാണ് ബി.ജെ.പിക്കുള്ളത്.
123 ആണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. സ്വന്തമായി ഭൂരിപക്ഷമില്ലെങ്കിലും ചെറു പാര്‍ട്ടികളുടെ പിന്തുണ പല ബില്ലുകളും നിയമമാക്കാന്‍ ബി.ജെ.പിക്ക് ലഭിക്കുമെന്നതിനാല്‍ ഒറ്റക്ക് ഭൂരിപക്ഷം കിട്ടാത്തത് തടസ്സമാവില്ലെന്നാണ് ബി.ജെ.പി കണക്ക് കൂട്ടുന്നത്. രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാതിരുന്നിട്ടും 2014 മുതല്‍ നടപ്പിലാക്കിയതു പോലെ സുപ്രധാന നിയമ നിര്‍മാണങ്ങള്‍ സാധിക്കുമെന്നാണ് ബി. ജെ.പി കരുതുന്നത്. 2022ല്‍ ആന്ധ്രപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ് എന്നിവിടങ്ങളില്‍ നിന്നായി ബി.ജെ.പിക്ക് പത്തു സീറ്റുകളെങ്കിലും നഷ്ടമായേക്കും. ആന്ധ്രയിലും രാജസ്ഥാനിലും നാല് രാജ്യസഭാ സീറ്റുകള്‍ വീതവും ചത്തീസ്ഗഡില്‍ രണ്ട് സീറ്റുമാണ് ഒഴിവു വരുന്നത്.

ആന്ധ്രയില്‍ ഒഴിവു വരുന്ന നാലില്‍ മൂന്നും നിലവില്‍ ബി.ജെ.പി അംഗങ്ങളുടേതാണ്. രണ്ടായിരുന്ന ബി.ജെ.പി അംഗ സംഖ്യ 2019ല്‍ ഒരു ടിഡിപി അംഗം ബി.ജെ.പിയിലെത്തിയതോടെ മൂന്നായി. ഒരു സീറ്റ് വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റേതുമാണ്. 2019ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 175ല്‍ 151 സീറ്റുകള്‍ നേടിയ വൈ.എസ്.ആര്‍.സി.പിക്ക് ഇതില്‍ മൂന്നു സീറ്റുകള്‍ എളുപ്പത്തില്‍ സ്വന്തമാക്കാം. രാജസ്ഥാനില്‍ അടുത്ത വര്‍ഷം ഒഴിവു വരുന്ന സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കോണ്‍ഗ്രസിന് നില മെച്ചപ്പെടുത്താന്‍ സാധിക്കും. കോണ്‍ഗ്രസ് അധികാരത്തിലുള്ള ചത്തീസ്ഗഡില്‍ 2022ലും 2024ലുമായി മൂന്നു സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കും. ഇവിടേയും കോണ്‍ഗ്രസിന് നില മെച്ചപ്പെടുത്താനാവും. 2024 ഏപ്രില്‍ വരെ 143 സീറ്റുകള്‍ വരെ പിടിച്ചെടുക്കാനുള്ള അവസരമുണ്ടാവുമെങ്കിലും ബി.ജെ.പി നിലയില്‍ കാര്യമായ മാറ്റം വരില്ല. നിയസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ചില്‍ അസം ഒഴികെ മറ്റിടങ്ങളിലൊന്നും ബി.ജെ.പിക്ക് അംഗങ്ങളെ കൂടുതല്‍ കിട്ടില്ല.

തമിഴ്‌നാട്ടില്‍ ബി.ജെ.പിക്ക് കാര്യമായ നേട്ടമില്ലെങ്കിലും സഖ്യ കക്ഷിയായ അണ്ണാഡി. എം. കെ നിര്‍ണായക അവസരങ്ങളില്‍ ബി.ജെ.പിക്ക് അനുകൂലമായി വോട്ടു നല്‍കുമെന്നതിനാല്‍ ഭരണ മാറ്റം ബി.ജെ.പിക്ക് തിരിച്ചടിയാണ്. അഞ്ചു രാജ്യസഭാ സീറ്റുകളിലേക്ക് തമിഴ്‌നാട്ടില്‍ അടുത്ത വര്‍ഷം വോട്ടെടുപ്പ് നടക്കും. ഇതില്‍ നാലും ഡി. എം. കെ മുന്നണിക്ക് പിടിക്കാം. നിലവില്‍ മൂന്നു സീറ്റുകള്‍ അണ്ണാഡി.എം. കെയുടേതാണ്. അതേ സമയം 75 സീറ്റുകളുള്ള ബംഗാളില്‍ 2023ല്‍ ബി.ജെ.പിക്ക് ആദ്യ രാജ്യസഭാ അംഗത്തെ ലഭിച്ചേക്കും.

Test User: