ന്യൂഡല്‍ഹി: രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം മൂലം കോവിഡ് രോഗികള്‍ മരിച്ചിട്ടില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ വാദത്തിന് തിരിച്ചടി. ഓക്‌സിജന്‍ ലഭിക്കാതെ സംസ്ഥാനത്ത് മരണമുണ്ടായതായി അന്ധ്രപ്രദേശ് വ്യക്തമാക്കി. ആദ്യമായാണ് ഒരു സംസ്ഥാനം ഓക്‌സിജന്‍ ക്ഷാമം മൂലം മരണമുണ്ടായതായി സ്ഥിരീകരിക്കുന്നത്.
ഇക്കാര്യം ആന്ധ്ര സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചു. കോവിഡ് രണ്ടാം തരംഗത്തില്‍ ഓക്‌സിജന്‍ ക്ഷാമം മൂലമുണ്ടായ മരണങ്ങളെക്കുറിച്ച് കേന്ദ്രം അടുത്തിടെ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും വിവരങ്ങള്‍ തേടിയിരുന്നു. ഓക്‌സിജന്‍ ക്ഷാമം മൂലം ഒരു മരണം പോലും റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെന്നു 12 സംസ്ഥാനങ്ങള്‍ റിപ്പോര്‍ട്ടു നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുകയും ചെയ്തു.
ഒഡിഷ, അരുണാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, നാഗാലാന്‍ഡ്, അസം, സിക്കിം, ത്രിപുര, ജാര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളും ലഡാക്ക്, ജമ്മു കശ്മീര്‍ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളുമാണ് ഓക്‌സിജന്‍ ക്ഷാമം മൂലം മരണം സംഭവിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ട് നല്‍കിയത്.
ഇതുവരെ 13 സര്‍ക്കാരുകളാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പഞ്ചാബ് സര്‍ക്കാര്‍ മാത്രമാണ് നാലു മരണം ‘സംശയാസ്പദം’ ആണെന്നു റിപ്പോര്‍ട്ട് നല്‍കിയത്. ഓഗസ്റ്റ് 13നുള്ളില്‍ എല്ലാ സംസ്ഥാനങ്ങളും റിപ്പോര്‍ട്ടു സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. അതിനുശേഷം പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഓക്‌സിജന്‍ ക്ഷാമം മൂലം ഒരു മരണം പോലും സംഭവിച്ചിട്ടില്ലെന്ന ആരോഗ്യസഹമന്ത്രി ഭാരതി പ്രവീണ്‍ പാര്‍ലമെന്റില്‍ അറിയിച്ചത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ആവശ്യപ്പെട്ടു വന്ന പോസ്റ്റുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ കക്ഷികളുടെ വിമര്‍ശനം. കേന്ദ്രനിലപാടിനെതിരെ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്ന്‍ ഉള്‍പ്പെടെയുള്ളവരും രംഗത്തെത്തി. തുടര്‍ന്നാണ് ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളോട് റിപ്പോര്‍ട്ടു തേടിയത്.