തിയറ്ററുകളിലെ സിനിമാ പ്രദര്‍ശനത്തിന് മുന്നോടിയായുള്ള ലഹരി വിരുദ്ധ മുന്നറിയിപ്പ് ഇനി ഓ.ടി.ടി പ്ലാറ്റഫോമുകളിലും നിര്‍ബന്ധമ്മാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് ആമസോണ്‍, ഹോട്‌സ്റ്റാര്‍, നെറ്റ്ഫ്‌ളിക്‌സ് എന്നിവരോട് അന്വേഷണം നടത്തിയതായാണ് റിപ്പോര്‍ട്ട്.
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന തിയറ്ററുകളിലും ടെലിവിഷനുകളിലും ലഹരിക്കെതിരായ 30 സെക്കന്റ് വീഡിയോ പ്രദര്‍ശിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇത് ഓ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ പിന്‍തുടരുന്നില്ല. അതിനാല്‍ ഇനിമുതല്‍ ഈ നിയമം ഓ.ടി.ടിയിലും നടപ്പാക്കണമെന്നതാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് നല്‍കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു. രാജ്യത്ത് കൗമാകക്കാര്‍ക്കിടയില്‍ ലഹരിയുടെ ഉപയോഗം കൂടിവരുന്ന സാഹചര്യത്തില്‍ ഗ്ലോബല്‍ യൂത്ത് ടുബാക്കോ 2019ല്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. 13-15 വയസ് പ്രായമുള്ള വിദ്യാര്‍ത്ഥികളില്‍ അഞ്ചിലൊന്ന് പേരും ഏതെങ്കിലും രൂപത്തില്‍ പുകയില ഉപയോഗിക്കുന്നവരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.