ന്യൂഡല്‍ഹി: അടുത്ത നാല് വര്‍ഷം കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ആറ് ലക്ഷം കോടിയുടെ ആസ്തികള്‍ വിറ്റഴിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ്ലൈന്‍ പദ്ധതിയുടെ അനാവരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.
വളരെ കുറച്ച് മാത്രം ഉപയോഗിക്കുന്ന ആസ്തികളാണ് വിറ്റഴിക്കുകയെന്നും എന്നാല്‍ ഇവയുടെ ഉടമസ്ഥാവകാശം കേന്ദ്ര സര്‍ക്കാരിന് മാത്രമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ്ലൈന്റെ ഭാഗമായി റോഡുകള്‍, റെയില്‍വേ, എയര്‍പോര്‍ട്ട്, ഗ്യാസ് ലൈനുകള്‍, ആഭ്യന്തര വിമാന സര്‍വീസ്, ടെലികമ്മ്യൂണിക്കേഷന്‍, പൊതു വിതരണം, കല്‍ക്കരി, തുടങ്ങിയവയുടെ ഓഹരികളാണ് വിറ്റഴിക്കുക. എന്നാല്‍ ഒന്നും പൂര്‍ണമായി വിറ്റഴിക്കുകയാണെന്ന് പറയാന്‍ കഴിയില്ലെന്നും മെച്ചപ്പെട്ട രീതിയില്‍ അവയെ ഉപയോഗിക്കുന്നുവെന്ന് വേണം കണക്കാക്കാനെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
അടിസ്ഥാന വികസനത്തിനായി സര്‍ക്കാരിന്റെ നിക്ഷേപത്തേയും പൊതുസ്വത്തിനേയും ഉപയോഗിക്കുകയാണ് മോണിറ്റൈസേഷന്‍ പൈപ്പ്ലൈന്‍ വഴി ചെയ്യുന്നതെന്ന് നീതി ആയോഗ് ചീഫ് എക്സിക്യൂട്ടീവ് അമിതാഭ കാന്ത് പറഞ്ഞു. വിവിധ മേഖലകളില്‍ സ്വകാര്യവല്‍കരിക്കുന്ന സ്വത്തിന്റെ മൂല്യം ഇപ്രകാരമാണ്.
റോഡ്- 1,60,200 കോടി, റെയില്‍വേ- 1,52,496, കോടി വൈദ്യുതി വിതരണം- 45,200 കോടി, വൈദ്യുതി ഉത്പാദനം-39,832 കോടി, നാച്ചുറല്‍ ഗ്യാസ് പൈപ്പ്ലൈന്‍-24,462 കോടി, പ്രൊഡക്റ്റ് പൈപ്പ്ലൈന്‍/ മറ്റുള്ളവ-22,504 കോടി, ടെലികോം-35,100 കോടി, വെയര്‍ഹൗസിങ്-28,900 കോടി, ഖനനം-28,747 കോടി, വ്യോമയാനം-20,782 കോടി, തുറമുഖം-12,828 കോടി, സ്റ്റേഡിയം-11,450 കോടി, അര്‍ബന്‍ റിയല്‍ എസ്റ്റേറ്റ്- 15,000 കോടി. മികച്ച രീതിയില്‍ ലാഭമുണ്ടാക്കാത്ത മേഖലകള്‍ സ്വകാര്യവത്കരിക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. ഇത്തരത്തില്‍ സ്വകാര്യവത്കരിച്ചാല്‍ മേഖലയിലെ കൂടുതല്‍ നിക്ഷേപങ്ങള്‍ക്കുള്ള ഫണ്ട് കേന്ദ്രസര്‍ക്കാരിന് ലഭിക്കുമെന്ന് അവര്‍ പറഞ്ഞു. സ്വകാര്യവത്കരണം വഴി സ്വത്തിന്റെ ഉടമസ്ഥാവകാശം സര്‍ക്കാരിന് നഷ്ടമാകില്ലെന്നും സ്വകാര്യ വ്യക്തികള്‍ നിശ്ചിത കാലയളവിന് ശേഷം ഈ സ്വത്തുക്കള്‍ സര്‍ക്കാരിന് തിരികെ നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.
2021-22 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ തന്നെ ഇത്തരത്തില്‍ സ്വകാര്യവത്കരണം നടത്തി സര്‍ക്കാര്‍ കൂടുതല്‍ വരുമാനമുണ്ടാക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.