തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന അശാസ്ത്രീയമായ അടച്ചിടല്‍ രീതിയില്‍ മാറ്റമുണ്ടാകുമോയെന്ന് നാളെ അറിയാം. ടി.പി.ആര്‍ അടിസ്ഥാനത്തിലുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ പ്രതീക്ഷിത ഫലമുണ്ടാക്കിയില്ലെന്ന വിമര്‍ശനം ശക്തമായിരിക്കേ കഴിഞ്ഞ ദിവസം ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിരുന്നു. ബുധനാഴ്ചക്കുമുന്‍പായി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഇന്ന് വൈകിട്ടോ നാളെയോ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ ബദല്‍ സംവിധാനം നാളെ പ്രഖ്യാപിച്ചേക്കും.
രോഗവ്യാപനം കൂടിയ വാര്‍ഡുകള്‍ മാത്രം അടച്ചുള്ള ബദല്‍ നടപടിയാണ് ആലോചനയില്‍. ഇതിനിടെ കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്താന്‍ കൂടുതല്‍ സി.എഫ്.എല്‍.ടി.സികള്‍ തുറക്കണമെന്ന് സംസ്ഥാനം സന്ദര്‍ശിച്ച കേന്ദ്ര സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ഒരുവശത്ത് മുഴുവന്‍ അടച്ചുപൂട്ടിയിട്ടും കുറയാത്ത കേസുകളും മറുവശത്ത് ലോക്ക് ഡൗണിനെതിരെ ഉയരുന്ന കടുത്ത പ്രതിഷേധവുമാണ് സര്‍ക്കാരിനെ വലക്കുന്നത്. തുറക്കലിനോട് കേന്ദ്രം യോജിക്കുന്നില്ലെങ്കിലും നിലവിലെ ലോക്ഡൗണ്‍ രീതി മാറ്റാനാണ് സാധ്യത. വിദഗ്ധസമിതിയുടെ ബദല്‍ നിര്‍ദ്ദേശം സര്‍ക്കാര്‍ പരിഗണിച്ചേക്കും. രോഗമുണ്ടായാല്‍ തദ്ദേശസ്ഥാപനം മുഴുവന്‍ അടക്കുന്നതിന് പകരം കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വാര്‍ഡുകള്‍ മാത്രം അടച്ചുള്ള ബദലാണ് പരിഗണനയില്‍. മറ്റ് സ്ഥലങ്ങളില്‍ എല്ലാ ദിവസവും എല്ലാ കടകളും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തുറന്നേക്കും. വാരാന്ത്യ ലോക്ഡൗണും ഉണ്ടാകില്ല. രോഗമുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രതിരോധത്തിനാണ് സംസ്ഥാന സന്ദര്‍ശിക്കുന്ന കേന്ദ്ര സംഘവും ഊന്നല്‍ നല്‍കുന്നത്. കോഴിക്കോടും പത്തനംതിട്ടയും സന്ദര്‍ശിച്ച സംഘം കൂടുതല്‍ സി.എഫ്.എല്‍.ടി.സികള്‍ തുറക്കാനാണ് നിര്‍ദ്ദേശിച്ചത്.