X

വീഡിയോ കോണ്‍ഫറന്‍സ് വഴി വിവാഹം; ഹൈക്കോടതിയുടെ പരിഗണനയില്‍

 

കൊച്ചി: വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രത്യേക വിവാഹ നിയമപ്രകാരം വിവാഹിതരാകാന്‍ കഴിയുമോയെന്നു ഹൈക്കോടതിയുട ഉന്നത ബഞ്ച് പരിഗണിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നേരിട്ടു ഹാജരാവാന്‍ സാധിക്കാത്തതിനെ തുടര്‍ന്നു വീഡിയോ കോണ്‍ഫറന്‍സ് മുഖേന വിവാഹിതരാവാന്‍ അനുമതി തേടി സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികളിലാണ് കോടതി ഉത്തരവുണ്ടായത്.

ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതവരുത്തുന്നതിനായി ഹൈക്കോടതിയുടെ ഉന്നത ബെഞ്ച് പരിഗണിക്കുന്നതിനായി ജസ്റ്റിസ് പി ബി സുരേഷ് കുമാറാണ് ഉത്തരവിട്ടത്. വധുവിന്റെയും വരന്റെയും നേരിട്ടു ഹാജരാവണമെന്നു നിയമം വ്യക്തമാക്കിയിട്ടില്ലെന്നു ഹര്‍ജിക്കാര്‍ വാദിച്ചു. ഇത്തരത്തിലുള്ള നിരവധി വിധികളുണ്ടെന്നു വാദിച്ചതിനെ തുടര്‍ന്നാണ് ഹരജികള്‍ ഉന്നത ബഞ്ചിന്റെ പരിഗണനയ്ക്ക് വിടാന്‍ സിംഗിള്‍ ബഞ്ച് തീരുമാനിച്ചത്.

വധു വരന്‍മാര്‍ രജിസ്ട്രാര്‍ മുമ്പാകെ ഒപ്പിടണമെന്നുള്ളതുകൊണ്ടാണ് നേരിട്ടു ഹാജരാവണമെന്നു പറയുന്നതെന്നു ഹര്‍ജിക്കാര്‍ വാദിച്ചു. വിവര സാങ്കേതിക നിയമ പ്രകാരം ഡിജിറ്റല്‍ സംവിധാനത്തിലൂടെ ഒപ്പു വയ്ക്കാന്‍ സംവിധാനമുണ്ടെന്നും നേരിട്ടു ഹാജാരാവേണ്ട ആവശ്യമില്ലന്നും ഹര്‍ജിക്കാര്‍ ബോധിപ്പിച്ചു. എന്നാല്‍, ഹരജിക്കാരുടെ വാദങ്ങളെ സര്‍ക്കാര്‍ നിഷേധിച്ചു. പ്രത്യേക വിവാഹ നിയമം ഓണ്‍ലൈനായി വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കുന്നില്ലന്നു സര്‍ക്കാര്‍ വാദിച്ചു. വധു വരന്‍മാരുടെയും സാക്ഷികളുടെയും സാന്നിധ്യം മാര്യേജ് ഓഫിസര്‍ മുമ്പാകെ വേണമെന്നാണ് നിയമം വ്യക്തമാക്കുന്നതെന്നും സര്‍ക്കാര്‍ വാദിച്ചു. വിവാഹത്തിനു നോട്ടിസ് നല്‍കുന്നതിനു 30 ദിവസത്തിനു മുന്‍പു മുതല്‍ മാര്യേജ് ഓഫിസറുടെ പരിധിയില്‍ സ്ഥിരതാമസക്കാരനായിരിക്കണമെന്നും നിയമം പറയുന്നു. ഈ സാഹചര്യത്തില്‍ വിദേശത്തുള്ള ആളുകളുടെ കാര്യത്തില്‍ ഓണ്‍ലൈനായി വിവാഹം ചെയ്യാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.

 

 

Test User: