രാജ്യത്തെ ഞെട്ടിച്ച മോര്‍ബിയിലെ തൂക്കപാല ദുരന്തത്തില്‍ അറ്റകുറ്റപണികളില്‍ വന്‍ ക്രമക്കേട് നടന്നതായി കണ്ടെത്തല്‍.രണ്ട് കോടി രൂപ അറ്റകുറ്റ പണിക്കായി അനുവദിച്ചപ്പോള്‍ 12 ലക്ഷം രൂപമാത്രമാണ് കമ്പനി വിനിയോഗിച്ചത് എന്നാണ് റിപ്പോര്‍ട്ട്.അതായത് മൊത്തം തുകയുടെ ആറ് ശതമാനം മാത്രമാണ് വിനിയോഗിച്ചത്.ഒറേവാ എന്ന സ്ഥാപനത്തിനാണ് പാലം പണിത് ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്.
അതേസമയം മോര്‍ബി തൂക്കപാലം ദുരന്തത്തില്‍ മുന്‍സിപ്പല്‍ ചീഫ് ഓഫീസറെ സസ്‌പെന്റ് ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥനായ സന്ദീപ് സിങ് ഷായെയാണ് സസ്‌പെന്റ് ചെയ്തത്. 135 പേരുടെ ദാരുണാന്ത്യത്തിന് കാരണമായ ദുരന്തത്തില്‍ പാലത്തിന്റെ സുരക്ഷാ സംബന്ധിയായ പ്രാഥമിക പരിശോധനകളോ മറ്റ് നടപടിക്രമങ്ങളോ പാലിച്ചില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി.
പാലത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാതെ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാന്‍ അനുമതി നല്‍കിയെന്നും കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച വൈകീട്ടാണ് രാജ്യത്തെ നടക്കിയ ദുരന്തം സംഭവിച്ചത്. മോര്‍ബിയിലെ മച്ചു നദിക്കു കുറുകെയുള്ള തൂക്കുപാലത്തില്‍ ആളുകള്‍ ഇടിച്ചുകയറിയതും ചിലര്‍ തൂക്കുപാലം ശക്തിയായി കുലുക്കിയതുമാണ് പാലം പൊട്ടിവീഴാന്‍ കാരണമെന്നാണ് ദൃക്‌സാക്ഷിമൊഴി. പാലം സ്ഥിതി ചെയ്യുന്നത് മോര്‍ബി മുന്‍സിപ്പാലിറ്റിയുടെ ഭൂമിയിലാണ്.
എന്നാല്‍ ഒരു ഘട്ടത്തിലും മുന്‍സിപ്പല്‍ ഉദ്യോഗസ്ഥര്‍ പാലം പണിയോ അറ്റകുറ്റപ്പണിയോ പരിശോധിച്ചില്ലെന്നാണ് കണ്ടെത്തല്‍. അതേസമയം സംഭവത്തില്‍ തിരച്ചിലും രക്ഷാപ്രവര്‍ത്തനവും അവസാനിപ്പിച്ചു. ആരെയും കാണാതായതായി ഇപ്പോള്‍ പരാതി ഇല്ലെന്നും അതിനാല്‍ തിരച്ചില്‍ അവസാനിപ്പിക്കുകയാണെന്നും ദുരന്തനിവാരണ കമ്മീഷണര്‍ ഹര്‍ഷദ് പട്ടേല്‍ അറിയിച്ചു.