ബ്ലാക് ഫംഗസിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കണമെന്ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. പകര്‍ച്ച വ്യാധി നിയന്ത്രണ ചട്ടങ്ങള്‍ പാലിച്ചുകൊണ്ടു മാത്രമേ ബ്ലാക് ഫംഗസ് പരിശോധന, ചികിത്സ, രോഗീ പരിചരണം എന്നിവ പാടുള്ളൂവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അയച്ച കത്തില്‍ പറയുന്നു.
രാജ്യത്ത് ബ്ലാക് ഫംഗസ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. കോവിഡ് രോഗബാധിതരിലോ കോവിഡ് മുക്തരിലോ ആണ് നിലവില്‍ ബ്ലാക ഫംഗസ് കണ്ടുവരുന്നത്. കേരളം അടക്കം നിരവധി സംസ്ഥാനങ്ങളില്‍ പുതിയ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സാധ്യത എങ്ങനെ
തിരിച്ചറിയാം
ബ്ലാക് ഫംഗസ് ബാധയ്ക്കുള്ള സാധ്യത താഴെ പറയുന്ന ലക്ഷണങ്ങളിലൂടെ മുന്‍കൂട്ടി കണ്ടെത്താനാകുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. പ്രമേഹ രോഗികള്‍, രോഗ പ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവര്‍ മൂക്കിന്റെ ദ്വാരത്തില്‍ ഏതെങ്കിലും ഒന്ന് അടയുകയോ, തലവേദന, മണം, രുചി എന്നിവ തിരിച്ചറിയായ്ക, പല്ലുവേദന, പല്ലിന് ബലക്ഷം എന്നീ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ഡോക്ടറെ വിവരം അറിയിക്കണമെന്നും ചികിത്സ സ്വീകരിക്കണമെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.
ഫംഗസിന്റെ
അപകടം
കോവിഡ് മുക്തരില്‍ കണ്ടുവരുന്ന ബ്ലാക് ഫംഗസ് ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നാണ് ഇതുവരേയുള്ള പഠനങ്ങള്‍ തെളിയിക്കുന്നത്. കൂടാതെ ശ്വസന പ്രക്രിയക്ക് തടസ്സം സൃഷ്ടിക്കുന്നതിനാല്‍ ശ്വാസം മുട്ടലിനും അതുവഴി മരണത്തിനും വരെ കാരണമായേക്കും. കോവിഡ് മരണങ്ങള്‍ വര്‍ധിച്ചു വരുന്നതില്‍ ബ്ലാക് ഫംഗസിന്റെ സാന്നിധ്യം പ്രധാന കാരണമാണെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു.
പ്രകടമായ
അടയാളങ്ങള്‍
മുഖത്തും മൂക്കിനോടു ചേര്‍ന്നും കറുത്ത പാടുകള്‍ രൂപപ്പെടുക, കണ്‍ത ടവും മുഖവും തടിച്ചുവീര്‍ക്കുക, നിറംമാറ്റമുണ്ടാവുക, കാഴ്ച മങ്ങുക, ഒരു വസ്തുവിനെ രണ്ടായി കാണുക, നെഞ്ചുവേദന, ശ്വാസമെടുക്കാന്‍ പ്രയാസം, ചുമക്കുമ്പോള്‍ രക്തം വരിക എന്നിവയാണ് ബ്ലാക് ഫംഗസ് രോഗബാധയുള്ളവരില്‍ പ്രകടമായി കണ്ടുവരുന്ന രോഗലക്ഷണങ്ങള്‍. പ്രമേഹത്തിന്റെ അളവ് ഉയര്‍ന്നു നില്‍ക്കുന്നവരിലും രോഗപ്രതിരോധ ശേഷി തീരെ കുറഞ്ഞവരിലുമാണ് പ്രധാനമായും ബ്ലാക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
കൂടുതല്‍
മഹാരാഷ്ട്രയില്‍
നിലവില്‍ മഹാരാഷ്ട്രയിലാണ് ബ്ലാക് ഫംഗസിന്റെ സാന്നിധ്യവും ഇതേതുടര്‍ന്നുള്ള മരണവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന മഹാരാഷ്ട്രയില്‍ 1500ഓളം പേരിലാണ് ബ്ലാക് ഫംഗസ് സ്ഥിരീകരിച്ചിട്ടുള്ളത്. 90 ഓളം മരണങ്ങളും ബ്ലാക് ഫംഗസ് കാരണമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രാജസ്ഥാന്‍, തെലുങ്കാനാ സംസ്ഥാനങ്ങള്‍ നേരത്തെതന്നെ ബ്ലാക് ഫംഗസിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലും ഒരു ഡസനോളം പേരില്‍ ബ്ലാക് ഫംഗസ് സ്ഥിരീകരിച്ചിട്ടുണ്ട്.തമിഴ്‌നാട്ടില്‍ ഒമ്പതുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിവേഗം വ്യാപിക്കുന്നതാണ് ബ്ലാക് ഫംഗസിനെ പകര്‍ച്ചവ്യാധി വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാറിനെ പ്രേരിപ്പിച്ചത്.
ചികിത്സ
ഒന്നിലധികം വിദഗ്ധ ഡോക്ടര്‍മാരുടെ സഹായത്തോടെ മാത്രമേ ബ്ലാക് ഫംഗസിനെതിരായ ചികിത്സ ഫലവത്താകൂ. നേന്ത്ര ശസ്ത്രക്രിയ, ഇ.എന്‍.ടി, ജനറല്‍ സര്‍ജറി, ന്യൂറോ സര്‍ജറി, ഡെന്റല്‍ – ഫേഷ്യല്‍ സര്‍ജറി, ആന്റി ഫംഗല്‍ മെഡിസിന്‍ തുടങ്ങിയ വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ടുള്ള ചികിത്സാ രീതിയാണ് നിര്‍ദേശിക്കപ്പെടുന്നത്.