ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില നാലു മാസമായി കുത്തനെ താഴുമ്പോഴും എണ്ണ വിലയില്‍ മാറ്റംവരുത്താതെ ഇന്ത്യ. ബ്രെന്റ് ക്രൂഡിന് തിങ്കളാഴാച് രണ്ട് ശതമാനമാണ് വില കുറഞ്ഞത്. ഇതോടെ അസംസ്‌കൃത എണ്ണ ബാരലിന് 69.29 ഡോളര്‍ നിലവാരത്തിലെത്തി.
യുഎസ് വെസ്റ്റ് ടെക്സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് വില ബാരലിന് 66.96 നിലവാരത്തിലാണ്. കഴിഞ്ഞ ആഴ്ചയില്‍ ആറുശതമാനമാണ് വിലയിടിഞ്ഞത്. നാലുമാസത്തിനിടെ ഒരാഴ്ചയിലെ ഏറ്റവും വലിയ വിലയിടിവാണ് മുന്‍ആഴ്ചയുണ്ടായത്. യു.എസിലും ചൈനയിലും കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനംമൂലം ഉപഭോഗത്തില്‍ കുറവുണ്ടായേക്കാമന്ന വിലയിരുത്തലാണ് ആഗോള വിപണിയില്‍ എണ്ണയുടെ വിലയിടിന്റെ പ്രധാനകാരണം.
അതേ സമയം രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞിട്ടും ആഭ്യന്തര വിപണിയില്‍ വില കുറക്കാന്‍ പൊതുമേഖല എണ്ണ കമ്പനികള്‍. മൂന്നാഴ്ചക്കിടെ അസംസ്‌കൃത എണ്ണ വില ബാരലിന് 75 ഡോളറില്‍ നിന്ന് 69 ഡോളറായാണ് കുറഞ്ഞത്. നാല് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് അസംസ്‌കൃത എണ്ണ വിലയെങ്കിലും ആഭ്യന്തരവിപണിയില്‍ വില കുറക്കാതെ പൊതുജനത്തെ പിഴിയുകയാണ് എണ്ണ കമ്പനികള്‍.
കോവിഡില്‍ നട്ടം തിരിയുന്ന പൊതുജനത്തിന്റെ നടുവൊടിക്കുന്ന രീതിയിലാണ് എണ്ണവില നില്‍ക്കുന്നത്. രാജ്യാന്തര വിപണിയില്‍ നേരിയ വില വര്‍ധന വരുമ്പോള്‍ പോലും അതിന് അനുപാതമായി വില വര്‍ധിക്കാന്‍ തയാറാവുന്ന എണ്ണക്കമ്പനികള്‍ എണ്ണവില കുറയുമ്പോള്‍ അതിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് നല്‍കാതിരിക്കുകയാണിപ്പോള്‍. ജൂലൈ 17നാണ് അവസാനമായി ഇന്ധനവില കൂട്ടിയത്. അന്ന് പെട്രോളിന് 30 പൈസയാണ് ഒറ്റയടിക്ക് കൂട്ടിയത്. അന്ന് ബ്രെന്റ് ക്രൂഡ് വില ബാരലിന് 74 ഡോളറായിരുന്നു വില. കഴിഞ്ഞ 24 ദിവസമായി വില താഴ്ന്നു നിന്നിട്ടും അതിന്റെ നേട്ടം ഉപയോക്താക്കള്‍ക്ക് കൈമാറാന്‍ എണ്ണക്കമ്പനികള്‍ തയാറായിട്ടില്ല.