ന്യൂഡല്‍ഹി: രാജ്യം കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ രൂക്ഷത അനുഭവിക്കുന്നതിനിടെ പ്രതോരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്‍.ഡി.ഒ ആന്റി ബോഡി കണ്ടെത്താനുള്ള കിറ്റുമായി രംഗത്ത്. ഡിപ്‌കോവാന്‍ എന്നാണ് കിറ്റിന് പേരിട്ടിരിക്കുന്നത്.
കിറ്റിന് ഏപ്രിലില്‍ തന്നെ ഐ.സി.എം.ആറിന്റെ അനുമതി ലഭിച്ചിരുന്നു. പ്രതിരോധ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിയോളജി ആന്റ് അലൈഡ് സയന്‍സസിലെ (ഡി.ഐ.പി.എ.എസ്) ശാസ്ത്രജ്ഞരാണ് ഡല്‍ഹിയിലെ ഒരു സ്വകാര്യ കമ്പനിയുമായി ചേര്‍ന്നു തയാറാക്കിയ തദ്ദേശീയ കിറ്റിന് പിന്നില്‍. ഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ നിന്നുള്ള 1000ത്തോളം കോവിഡ് രോഗികളില്‍ കിറ്റ് പരിശോധിച്ച് സാധുത ഉറപ്പു വരുത്തിയിരുന്നു.
സാര്‍സ്-കോവ് -2 വൈറസിന്റെ സ്‌പൈക്കും ന്യൂക്ലിയോകാപ്‌സിഡ് (എസ് ആന്റ് എന്‍) പ്രോട്ടീനുകളും ഡിപ്‌കോവന്‍ കിറ്റിന് കണ്ടെത്താന്‍ കഴിയുമെന്ന് ഡി.ആര്‍.ഡി.ഒ അറിയിച്ചു. ഒന്നര വര്‍ഷം കാലാവധിയുള്ള കിറ്റിന് 75 മിനിറ്റാണ് പരിശോധനക്ക് ആവശ്യമുള്ളത്. ജൂണ്‍ ആദ്യവാരം കിറ്റ് വിപണയില്‍ എത്തും. 75 രൂപയാണ് കിറ്റിന് വില വരിക.