ന്യൂഡല്‍ഹി: ഓക്‌സിജന്‍ ലഭിക്കാതെ കോവിഡ് രോഗികള്‍ മരിച്ച സംഭവം സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാരിനും ഡല്‍ഹി ഹൈക്കോടതി ആറ് ആഴ്ച കൂടി സമയം അനുവദിച്ചു.
ഏപ്രിലില്‍ ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയില്‍ മരിച്ച 21 കോവിഡ് രോഗികളുടെ ബന്ധുക്കളാണ് ഹര്‍ജി നല്‍കിയത്. സര്‍ക്കാരുകളുടെ പ്രതികരണങ്ങള്‍ക്കായി ഒരു പുന:പരിശോധന ഹര്‍ജി സമര്‍പ്പിക്കാനും കോടതി ഹര്‍ജിക്കാര്‍ക്ക് അനുമതി നല്‍കി. കൂടുതല്‍ വാദം കേള്‍ക്കാനായി ഹര്‍ജി ഡിസംബര്‍ 9 ലേക്ക് മാറ്റി. ‘അപ്പോഴേക്കും കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും. നമുക്ക് വീണ്ടും കാണാം. നിങ്ങള്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിനെയും സമീപിച്ചിട്ടുണ്ടല്ലോ’ – ജസ്റ്റിസ് രേഖ പള്ളി പറഞ്ഞു.
ഡല്‍ഹി സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രാഹുല്‍ മെഹ്റയും കേന്ദ്രത്തിനായി സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ കിരിത്മാന്‍ സിംഗുമാണ് ഹാജരായത്. ക്രിമിനല്‍ അന്വേഷണം മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലാണെന്ന് മെഹ്റ പറഞ്ഞു. നഷ്ടപരിഹാരം നല്‍കുന്ന കാര്യം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന് സിംഗും ചൂണ്ടിക്കാട്ടി. ഇടക്കാല ഉത്തരവ് നല്‍കുന്നില്ലെന്നും കൗണ്ടര്‍ ഫയല്‍ ചെയ്യാനും കോടതി ഇവരോട് നിര്‍ദേശിച്ചു. ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഡ്വ. ഉത്സവ് ബെയ്ന്‍സ് ആണ് ഹാജരായത്. മരിച്ച കോവിഡ് രോഗികള്‍ക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടിട്ടില്ലെന്ന് നേരത്തെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു.
ഇത് റദ്ദാക്കണമെന്നും സിബിഐ അന്വേഷണത്തിനോ അല്ലെങ്കില്‍ ഒരു സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണത്തിനോ നിര്‍ദ്ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ജൂണ്‍ 4 ന് കേന്ദ്ര സര്‍ക്കാരിനും ഡല്‍ഹി സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചിരുന്നു.