X

വാക്‌സിനേഷന്‍: പ്രതികൂല സംഭവങ്ങള്‍ 0.01 ശതമാനം

ന്യൂഡല്‍ഹി: ജനുവരി 16 മുതല്‍ ജൂണ്‍ ഏഴുവരെയുള്ള കാലയളവില്‍ കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് 26,000-ല്‍ അധികം പ്രതികൂലസംഭവങ്ങള്‍ അഥവാ അഡ്വേഴ്സ് ഇവന്റ്സ് ഫോളോവിങ് ഇമ്യുണൈസേഷന്‍(എ.ഇ.എഫ്.ഐ) രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി സര്‍ക്കാര്‍ കണക്കുകള്‍.

2021 ജനുവരി 16 മുതലാണ് രാജ്യത്ത് കോവിഡ് വാക്സിനേഷന്‍ ആരംഭിച്ചത്. വാക്സിന്‍ സ്വീകരിച്ചതിനു പിന്നാലെയുണ്ടായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് 488 മരണവും ഇക്കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ജനുവരി 16 മുതല്‍ ജൂണ്‍ ഏഴുവരെയുള്ള കാലയളവില്‍ 23.5 കോടി ഡോസ് വാക്സിനുകളാണ് വിതരണം ചെയ്തത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാകട്ടെ 26,200 എ.ഇ.എഫ്.ഐ കേസുകള്‍.

ശതമാനക്കണക്കില്‍ നോക്കിയാല്‍ 0.01ശതമാനം പ്രതികൂല സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. വാക്സിനേഷന്‍ ആരംഭിച്ച 143 ദിവസത്തിനിടെ, ഓരോദിവസവും വാക്സിന്‍ സ്വീകരിച്ച പതിനായിരത്തില്‍ ഒരാള്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. വാക്സിന്‍ സ്വീകരിച്ച 10 ലക്ഷത്തില്‍ രണ്ടുപേര്‍ക്ക് വീതം ജീവനും നഷ്ടമായി. വാക്സിനേഷനു ശേഷമുള്ള എ.ഇ.എഫ്.ഐ കേസുകള്‍ അപ്രതീക്ഷിതമായ സംഭവങ്ങളാണെന്നും വാക്സിന്‍ സ്വീകരിച്ചതുമായി അതിന് ബന്ധമുണ്ടാകണമെന്ന് നിര്‍ബന്ധമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ആകെ വാക്സിനേഷനും എ.ഇ.എഫ്.ഇ. കേസുകളും തമ്മിലുള്ള അനുപാതം കോവിഷീല്‍ഡിനും കോവാക്സിനും 0.01 ശതമാനമാണെന്നും രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. കോവിഷീല്‍ഡുമായി ബന്ധപ്പെട്ട് 24,703 എ.ഇ.എഫ്.ഐ. കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതേസമയം കോവാക്സിനുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള എ.ഇ.എഫ്.ഐ. കേസുകളുടെ എണ്ണം 1,497 ആണ്. 21 കോടി ഡോസ് കോവിഷീല്‍ഡ് വാക്സിനാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. 2.5 കോടി ഡോസ് കോവാക്‌സിനും വിതരണം ചെയ്തിട്ടുണ്ട്. വാക്‌സിനേഷനു ശേഷം മരിച്ച 488 കേസുകളില്‍ 457 പേര്‍ കോവിഷീല്‍ഡും 20 പേര്‍ കോവാക്‌സിനുമാണ് സ്വീകരിച്ചത്. 11 പേരുടെ വിവരം ലഭ്യമല്ല. ഇവരില്‍ 207 പേരെ ആശുപത്രികളില്‍ അഡ്മിറ്റാക്കിയിരുന്നു.

ജമ്മുകശ്മീരിലെ കത്വയില്‍ നിന്നുള്ള 21 കാരനാണ് മരിച്ചവരില്‍ ഏറ്റവും പ്രായം കുറഞ്ഞയാള്‍. പ്രായം കൂടിയത് കര്‍ണാടകയിലെ കോലാറില്‍ നിന്നുള്ള 97 കാരനും. മരിച്ചവരില്‍ 27 പേര്‍ 39 വയസിന് താഴെ പ്രായമുള്ളവരാണ്. 10 പേര്‍ 29ന് താഴെ പ്രായമുള്ളവരും. രക്തം ഛര്‍ദ്ദിക്കല്‍, പെട്ടെന്ന് ബോധരഹിതനാവുക, നെഞ്ച് വേദന, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് എന്നിവയാണ് ഇവരില്‍ പലര്‍ക്കും ഉണ്ടായത്. ചിലര്‍ക്ക് രക്തത്തില്‍ പ്ലേറ്റ്‌ലെറ്റുകള്‍ കുറയുന്ന അവസ്ഥയും ഉണ്ടായി.

പ്രതികൂല സംഭവം കൂടുതല്‍ സ്ത്രീകളിലാണ് റിപ്പോര്‍ട്ട് ചെയ്തത്. (15,909) പുരുഷന്‍മാരില്‍ (10,287). മഹാരാഷ്ട്ര (4521), കേരളം (4074), കര്‍ണാടക (2650), പശ്ചിമ ബംഗാള്‍ (1456), യു.പി (1361), ഗുജറാത്ത് (1131), ഡല്‍ഹി (1111) എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളില്‍ പ്രതികൂല സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

Test User: