ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് മരണങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്ന ആരോപണത്തെ സാധൂകരിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. ദേശീയ ആരോഗ്യമിഷന്റെ റിപ്പോര്‍ട്ടിലാണ് ഇത്തരമൊരു സൂചന പുറത്തു വരുന്നത്. ദേശീയ ആരോഗ്യമിഷന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഈ വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളില്‍ മുന്‍വര്‍ഷം ഇതേ കാലയളവിനേക്കാള്‍ ഇരട്ടിയിലധികം മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷം ഏപ്രില്‍-മെയ് മാസത്തില്‍ 8,27,597 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ഈ കാലയളവിലെ ശരാശരി മരണം 3.5 ലക്ഷമാണ്. അതേ സമയം ഇക്കാലയളവില്‍ 1,68,927 കോവിഡ് മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.
കേരളത്തില്‍ മാത്രമല്ല രാജ്യത്താകമാനം കോവിഡ് മരണങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് നേരത്തെ തന്നെ ആക്ഷേപമുണ്ടായിരുന്നു. അത് സ്ഥിരീകരിക്കുന്നതാണ് ആരോഗ്യ മിഷന്‍ പുറത്തുവിട്ടിരിക്കുന്ന വിവരങ്ങള്‍. ആരോഗ്യമിഷന്റെ ഹെല്‍ത്ത് മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ ജൂലൈ 9 വരെ രേഖപ്പെടുത്തിയ മരണം പരിശോധിക്കുമ്പോള്‍ കോവിഡ് മരണങ്ങള്‍ വളരെ കുറച്ച് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോവിഡ് രണ്ടാം തരംഗം രൂക്ഷമായ ഏപ്രില്‍- മെയ് മാസങ്ങളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 8,27,597 മരണമാണ്. ഇതേ കാലയളവില്‍ മുന്‍ വര്‍ഷങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത മരണം ഇതിന്റെ പകുതി മാത്രമാണ്. 2018ല്‍ 3,55,905, 2019ല്‍ 3,91,593, 2020ല്‍ 3,50,333 എന്നിങ്ങനെയാണ് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ഇതേ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്ത മരണം. കോവിഡ് ഒന്നാം തരംഗം ആഞ്ഞടിച്ച കഴിഞ്ഞ വര്‍ഷം ഏപ്രില്‍-മെയ് മാസത്തില്‍ 3.5 ലക്ഷം മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഈ വര്‍ഷം ഇതേ കാലയളവില്‍ ഇത് 8.2 ലക്ഷമായി ഉയര്‍ന്നു. ഇതില്‍ നിന്ന് തന്നെ രാജ്യത്ത് കോവിഡ് മരണങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് വ്യക്തമാണ്. ഈ കാലയളവില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് മരണങ്ങള്‍ 1,68,927 മാത്രമാണ്.
യഥാര്‍ത്ഥ മരണങ്ങളേക്കാള്‍ കുറച്ച് മാത്രമാണ് കോവിഡ് മരണങ്ങളായി റിപ്പോര്‍ട്ട് ചെയ്തതെന്ന് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നു. രാജ്യത്ത് 16 ലക്ഷത്തോളം പേര്‍ കോവിഡ് ബാധിച്ച് മരിച്ചിരിക്കാമെന്ന് ന്യൂയോര്‍ക്ക് ടെംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഈ കണക്കുകള്‍ തെറ്റാണെന്നും അതിശയോക്തി കലര്‍ത്തിയുള്ളതാണെന്നുമായിരുന്നു കേന്ദ്രത്തിന്റെ വാദം. ദേശീയ ആരോഗ്യമിഷന്റെ കണക്കുകള്‍ പരിശോധിച്ചാല്‍ മരണത്തില്‍ ഏറിയ പങ്കും ശ്വാസതടസം, പനി എന്നിവ മൂലമുള്ളതാണ്. ആരോഗ്യമിഷന്‍ ഈ വിവരങ്ങള്‍ ശേഖരിക്കുന്നത് രാജ്യത്താകമാനമുള്ള ആരോഗ്യ സംവിധാനങ്ങള്‍ വഴിയാണ്. അവര്‍ നേരിട്ടാണ് ആരോഗ്യ മിഷന്റെ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിലേക്ക് വിവരങ്ങള്‍ നല്‍കുന്നത്. അത് ക്രോഡീകരിച്ചുകൊണ്ടുള്ള വിവരങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. മിക്ക സംസ്ഥാനങ്ങളിലും കോവിഡ് മരണങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു. യുപിയിലും മഹാരാഷ്ട്രയിലും ബിഹാറിലും ഇതേത്തുടര്‍ന്ന് ഓഡിറ്റ് നടത്തി കോവിഡ് മരണങ്ങള്‍ കൂട്ടിച്ചേര്‍ത്തിരുന്നു.