X

പ്രതീക്ഷയാണ് ഈ വിധി-എഡിറ്റോറിയല്‍

Judge holding gavel in courtroom

ഇസ്രാഈല്‍ നിര്‍മിത ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ള പ്രമുഖരെ കേന്ദ്ര സര്‍ക്കാര്‍ രഹസ്യമായി നിരീക്ഷിച്ച വിവാദത്തില്‍ സ്വതന്ത്രാന്വേഷണം നടത്താനുള്ള സുപ്രീംകോടതി തീരുമാനം ഏറെ സ്വാഗതാര്‍ഹമാണ്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ പൊതുസമൂഹത്തിനുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്ന വിധിയോടൊപ്പം കോടതി നടത്തിയ പല നിരീക്ഷണങ്ങളും പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നുണ്ട്. പെഗാസസ് വിഷയത്തില്‍ ഒളിച്ചുകളിക്കുന്ന കേന്ദ്രത്തിന്റെ വാദങ്ങളില്‍ ഒന്നുപോലും കോടതി മുഖവിലക്കെടുത്തില്ല. രാജ്യസുരക്ഷയുടെയും രാജ്യദ്രോഹത്തിന്റെയും പേരില്‍ എന്ത് നെറികേടും ചെയ്യാമെന്ന കേന്ദ്ര നിലപാടിനെ ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബഞ്ച് പൊളിച്ചടുക്കിയിരിക്കുന്നു. രാജ്യസുരക്ഷയുടെ പേരില്‍ എപ്പോഴും ഫ്രീ പാസ് നല്‍കാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. സ്വന്തമായി അന്വേഷിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തില്‍ ജുഡീഷ്യറിക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് അര്‍ത്ഥം. വിദഗ്ധ സമിതിയെ തന്നെയാണ് സുപ്രീംകോടതി അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്.

പെഗാസസ് വിഷയത്തില്‍ സുപ്രീംകോടതി ആവശ്യപ്പെട്ട സത്യവാങ്മൂലം സമര്‍പ്പിക്കാന്‍പോലും കേന്ദ്രം തയാറായിരുന്നില്ല. വിവാദത്തില്‍ സര്‍ക്കാരിന് പലതും മറച്ചുവെക്കാനുണ്ടെന്ന് തുടക്കം മുതല്‍ വ്യക്തമായിരുന്നു. ദിവസങ്ങളോളം പാര്‍ലമെന്റ് സമ്മേളനം അതിന്റെ പേരില്‍ തടസ്സപ്പെടുകയുണ്ടായി. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളില്‍ ഒന്നിനുപോലും പ്രധാനമന്ത്രിക്ക് മറുപടി ഉണ്ടായിരുന്നില്ല. ദേശീയതലത്തില്‍ കോളിളക്കം സൃഷ്ടിച്ച ഫോണ്‍ ചോര്‍ത്തല്‍ വിവാദം ആശങ്കാജനകമാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടുതന്നെയാണ് സുപ്രീംകോടതി കേസ് പരിഗണിച്ചിരുന്നത്. പെഗാസസ് എന്ന പേര് സര്‍ക്കാരിനെ അലോസരപ്പെടുത്തുന്നുണ്ട്. ഫോണ്‍ ചോര്‍ത്തലിന് ഇരയായ അഞ്ച് പ്രമുഖ മാധ്യമപ്രവര്‍ത്തകരും എഡിറ്റര്‍മാരുടെ സംഘടനയായ എഡിറ്റേഴ്‌സ് ഗില്‍ഡും നല്‍കിയ ഹര്‍ജികളിലെ വാദമുഖങ്ങള്‍ ഗൗരവമര്‍ഹിക്കുന്നുണ്ടെന്ന് കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ സ്വതന്ത്രാന്വേഷണത്തിന് ഉത്തരവിടുകകൂടി ചെയ്തതോടെ കേന്ദ്ര സര്‍ക്കാര്‍ പ്രതിക്കൂട്ടിലായിരിക്കുകയാണ്. ഇസ്രാഈല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍.എസ്.ഒ ഗ്രൂപ്പിന്റെ ചാരസോഫ്റ്റ്‌വെയറായ പെഗാസസ് സര്‍ക്കാര്‍ ഏജന്‍സികളുടെ കൈവശമുണ്ടോ എന്ന ചോദ്യത്തില്‍നിന്ന് മോദി ഭരണകൂടം ഒഴിഞ്ഞുമാറുകയായിരുന്നു. ഭരണകൂടങ്ങള്‍ക്ക് മാത്രമാണ് കമ്പനി സോഫ്റ്റ്‌വെയര്‍ വില്‍ക്കുന്നതെന്നിരിക്കെ സര്‍ക്കാരിന് പുകമറകള്‍ സൃഷ്ടിച്ച് പിടിച്ചുനില്‍ക്കാനാവില്ല.

കോടികള്‍ മുടക്കിയാണ് ഉന്നതരുടെ ഫോണ്‍ ചോര്‍ത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, സുഹൃത്ത് അലങ്കാര്‍ സവായി, രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍, കേന്ദ്ര മന്ത്രിമാരായ അശ്വിനി വൈഷ്ണവ്, പ്രഹ്ലാദ് സിങ് പട്ടേല്‍, മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അശോക് ലവാസ, തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും എം.പിയുമായ അഭിഷേക് കിഷോര്‍ തുടങ്ങിയ രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവര്‍ത്തകരും നിയമജ്ഞരുമടക്കം അനേകം പേര്‍ പെഗാസസിന്റെ ഇരകളാണ്. സുപ്രീംകോടതി മുന്‍ ജഡ്ജി അരുണ്‍ മിശ്രയുടെയും അഭിഭാഷകരുടെയും ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെയും ഫോണുകള്‍ വരെ ചോര്‍ത്തുകയുണ്ടായി. വെറുമൊരു ഫോണ്‍ ഉപയോഗിച്ച് പൗരന്റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കിയത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇന്ത്യയെ പോലുള്ള ജനാധിപത്യ സമൂഹത്തില്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ് സംഭവിച്ചിരിക്കുന്നത്. ഇന്ത്യക്കാരായ മുന്നൂറോളം പേരുടെ ഫോണുകള്‍ ചോര്‍ത്തിയതിനെക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം മൗനത്തിന്റെ ഇരുട്ടിലേക്ക് സര്‍ക്കാര്‍ വലിയുകയായിരുന്നു.

ഫോട്ടോകളും വിവരങ്ങളും ചോര്‍ത്തുന്നതോടൊപ്പം ഉടമ അറിയാതെതന്നെ ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ കൂടി പെഗാസസിന് കഴിവുണ്ട്. അതുവഴി പാസ്‌വേഡുകളും സന്ദേശങ്ങളും രഹസ്യങ്ങളും ചോര്‍ത്തിയെടുക്കാം. അന്താരാഷ്ട്രതലത്തില്‍ അര ലക്ഷത്തോളം പേരുടെ ഫോണുകള്‍ ഇങ്ങനെ ചോര്‍ത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് ഉപകരണങ്ങളിലേക്ക് നുഴഞ്ഞുകയറാന്‍ ഒരു മിസ്ഡ്കാള്‍ മാത്രം മതി. ചാരവൃത്തിയുടെ തെളിവുകള്‍ അവശേഷിക്കാതെ നശിപ്പിക്കാനും പെഗാസസില്‍ സംവിധാനങ്ങളുണ്ട്. ഫോണിന്റെ ക്യാമറയും മൈക്രോഫോണും ഉപയോഗിച്ച് സ്‌നൂപ്പ് ചെയ്യാനും ലൈവ് ലൊക്കേഷന്‍ ട്രാക്ക് ചെയ്യുന്നതിന് ജി.പി.എസ് ഉപയോഗിക്കാന്‍ പോലും ശേഷിയുള്ള ഭീകരനെ ഉപയോഗിച്ചാണ് കേന്ദ്രസര്‍ക്കാര്‍ പ്രമുഖരെ നിരീക്ഷിച്ചതെന്ന വസ്തുത നിസ്സാരമല്ല. 2016ലാണ് പെഗാസസുമായി ഇസ്രാഈല്‍ രംഗത്തെത്തുന്നത്.

രാഷ്ട്രീയ എതിരാളികളെയും വിമര്‍ശകരെയും സംശയത്തിന്റെ നിഴലില്‍ കഴിയുന്നവരെയും നിരീക്ഷിക്കാന്‍ നിരവധി രാജ്യങ്ങള്‍ അത് ദുരുപയോഗം ചെയ്തിരുന്നു. വിലകൂടിയ ഈ ചാരസംവിധാനം ഭരണകൂടങ്ങള്‍ക്ക്മാത്രമേ നല്‍കാറുള്ളൂ എന്ന് ഇസ്രാഈല്‍ കമ്പനി വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇന്ത്യയില്‍ ബി.ജെ.പി ഭരണകൂടവും അത് കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് ബോധ്യപ്പെട്ടിരിക്കുകയാണ്. ഇസ്രാഈല്‍ ഭരണകൂടത്തിന്റെ അനുമതിയോടെ മാത്രം വില്‍ക്കുന്ന സ്‌പൈവെയറിന്റെ നിരീക്ഷണവലയത്തില്‍ ആയിരത്തോളം ഇന്ത്യന്‍ ഫോണ്‍ നമ്പറുകളുണ്ട്. ഇത്രയും ശക്തമായ തെളിവുകള്‍ മുന്നിലുള്ളതുകൊണ്ടാണ് ഫോണ്‍ ചോര്‍ത്തലിനെക്കുറിച്ച് സുപ്രീംകോടതി സ്വതന്ത്രാന്വേഷണം നടത്തുന്നത്. പക്ഷേ, കേന്ദ്രസര്‍ക്കാര്‍ അതുമായി എത്രത്തോളം സഹകരിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്.

 

Test User: