ന്യൂഡല്‍ഹി: തീവ്രവാദ സ്വഭാവമുള്ള പുസ്തകം കൈവശം വെച്ചു എന്ന ഒറ്റ കാരണം കൊണ്ട് ഒരാളെ കുറ്റക്കാരനായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി കോടതി. എന്‍.ഐ. എ അന്വേഷിക്കുന്ന യു.എ. പി.എ കേസ് പരിഗണിക്കുന്നതിനിടെ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ് ധര്‍മ്മേശ് ശര്‍മ്മയുടേതാണ് ഉത്തരവ്.
ഇറാഖ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഐ.എസ്.ഐ.എസുമായി ബന്ധപ്പമുണ്ടെന്ന് ആരോപിച്ച് 11 പേര്‍ക്കെതിരെയാണ് യു.എ.പി.എ കേസ് ചുമത്തിയിരുന്നത്. തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന പുസ്തകങ്ങള്‍ കൈവശം വച്ചു, ഐ.എസ് അനൂകൂല ചാനലുകള്‍ സബ്‌സ് ക്രൈബ് ചെയ്തു തുടങ്ങിയ ആരോപണങ്ങളാണ് എന്‍.ഐ.എ ഉന്നയിച്ചത്.
പ്രതികള്‍ക്കിടിയല്‍ 60,000 രൂപയുടെ സാമ്പത്തി ഇടപാട് നടന്നിട്ടുണ്ടെന്നും ഇത് തീവ്രവാദ ഫണ്ടിങ് ആണെന്നും എന്‍.ഐ.എ ആരോപിച്ചിരുന്നു. ഈ വാദങ്ങളാണ് കോടതി തള്ളിയത്. അതേസമയം കേസില്‍ എന്‍.ഐ.എ ഉന്നയിച്ച ക്രിമിനല്‍ ഗൂഢാലോചന അടക്കം മറ്റ് ആരോപണങ്ങള്‍ കോടതി ശരിവെച്ചു. തെളിവില്ലെന്ന് കണ്ട് ഒരാളെ വിട്ടയക്കുകയും ചെയ്തു.