X

മറക്കാനാവാത്ത സിദ്ദിഖി ചിത്രങ്ങള്‍

 

ആയിരം വാക്കുകളേക്കാള്‍ ശക്തമാണ് ഒരു ചിത്രമെന്ന് പലപ്പോഴും പറയാറുണ്ട്. ഈ ആപ്തവാക്യം അന്വര്‍ത്ഥമാക്കിയ ആളായിരുന്നു ഇന്നലെ താലിബാന്‍ ആക്രമത്തില്‍ കൊല്ലപ്പെട്ട റോയിട്ടേഴ്‌സ് ന്യൂസ് ഏജന്‍സിയുടെ ഫോട്ടോഗ്രാഫറും പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാവുമായ ഡാനിഷ് സിദ്ദീഖി. സുഹൃത്തുക്കളുടെ സഹായത്തോടെ വാങ്ങിയ ക്യാമറയുമായാണ് ഡാനിഷ് സിദ്ദീഖി ഫോട്ടോഗ്രാഫര്‍ ജീവിതം ആരംഭിക്കുന്നത്. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദത്തിന് ശേഷം ജാമിഅ മില്ലിയയില്‍ നിന്നും മാധ്യമ പഠനവും പൂര്‍ത്തിയാക്കിയിരുന്നു. ഡല്‍ഹിയിലെ ചാനലില്‍ റിപ്പോര്‍ട്ടറായി ജോലി ആരംഭിച്ച ഡാനിഷിനെ ഫോട്ടോഗ്രാഫിയിലെത്തിച്ചത് ഇതിനോടുള്ള അടങ്ങാത്ത അഭിനിവേശമായിരുന്നു. 2009ല്‍ ചാനലിലെ ജോലി ഉപേക്ഷിച്ച് റോയിട്ടേഴ്‌സില്‍ ഇന്റേണ്‍ഷിപ്പ് ആരംഭിച്ചതോടെയാണ് ഡാനിഷിന്റെ ജീവിതം മാറി മറിഞ്ഞത്. സത്യത്തിന്റെ പ്രതീകമായി നീതി നിഷേധവും ജനാധിപത്യ വിരുദ്ധതയും തുറന്നു കാണിക്കാന്‍ ആ കണ്ണുകള്‍ ഇമ ചിമ്മാതെ തുറന്നു വെച്ചതാണ് പലപ്പോഴും അറിയപ്പെടാതെ പോകുമായിരുന്ന പല സത്യങ്ങളും സിദ്ദീഖിയിലൂടെ ലോകത്തിന് മുന്നിലേക്ക് തുറന്നിട്ടത്. ധാര്‍മ്മികതക്കും മാനവികതക്കുംവേണ്ടി തുരുതുരാ മിന്നിയ ഒറ്റക്കണ്ണ്.

സത്യാനന്തരലോകത്ത് വളച്ചൊടിക്കപ്പെട്ട വാസ്തവങ്ങള്‍ക്ക് പ്രതിരോധമായി എത്രയോ തവണ യുദ്ധം ചെയ്തത് സിദ്ദീഖിയുടെ ക്യാമറകളായിരുന്നു. പുലിസ്റ്റര്‍ പുരസ്‌കാരമടക്കം നേടിയ അദ്ദേഹത്തിന്റെ ഫോട്ടോകളൊന്നും അത്ര പെട്ടെന്നൊന്നും ആരും മറക്കാനിടയില്ല. ഫോട്ടോഗ്രാഫര്‍ സമൂഹത്തിന്റെ മുന്നിലേക്ക് തുറന്നു പിടിച്ച കണ്ണാടിയാവണമെന്നായിരുന്നു പുലിറ്റ്‌സര്‍ പുരസ്‌കാരം നേടിയ ശേഷം അദ്ദേഹം പറഞ്ഞത്. അടുത്തിടെ ലോകത്തെ പിടിച്ചുലച്ച നിരവധി സംഭവങ്ങള്‍ ഡാനിഷിന്റെ കാമറക്കണ്ണിലൂടെ ലോകം കണ്ടറിഞ്ഞതാണ്. ജീവന്‍ പണയംവെച്ച് അദ്ദേഹം പകര്‍ത്തിയത് ലോകത്തിന്റെ പൊള്ളിക്കുന്ന യാഥാര്‍ഥ്യങ്ങളായിരുന്നു. കോവിഡ് മഹാമാരിയും റോഹിന്‍ഗ്യന്‍ അഭയാര്‍ഥി പ്രശ്‌നവും സിഎഎ വിരുദ്ധ സമരവും അഫ്ഗാനിലെ പോരാട്ടങ്ങളുമെല്ലാം അദ്ദേഹത്തിന്റെ ക്യാമറയിലൂടെ ലോകത്തിനു മുന്നില്‍ ജീവിക്കുന്ന തെളിവുകളായി. കോവിഡ് രണ്ടാം തരംഗത്തിന്റെ ഭീതിതമായ അവസ്ഥ ഡല്‍ഹിയിലെ ശ്മശാനത്തില്‍ കൂട്ടത്തോടെ എരിയുന്ന ചിതകളുടെ ചിത്രം സിദ്ദീഖി പുറത്തു കൊണ്ടുവന്നതോടെയാണ് ലോകം അറിഞ്ഞത്. കോവിഡ് മഹാമാരിയുടെ ഭാഗമായ ആദ്യ ലോക്‌ഡൌണിലെ പലായനത്തിന്റെ പല ചിത്രങ്ങളും ട്വിറ്ററിലും മറ്റു സോഷ്യല്‍ മീഡിയകളിലും വൈറലായിരുന്നു. ദ്യാരം ഖുഷ്‌വഹ എന്ന കുടിയേറ്റ തൊഴിലാളി, തന്റെ ചുമലില്‍ അഞ്ച് വയസ്സുകാരനായ ശിവം എന്ന കുട്ടിയെയും കൊണ്ട് ഡല്‍ഹിയില്‍ നിന്ന് സ്വദേശത്തേക്ക് പോകുന്ന ഡാനിഷ് പകര്‍ത്തിയ കാഴ്ച ഹൃദയഭേദകമായിരുന്നു. 2018-ല്‍ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളുടെ ദുരിതം പകര്‍ത്തിയ റിപ്പോര്‍ട്ടുകളാണ് ഡാനിഷിനെ പുലിസ്റ്റര്‍ അവാര്‍ഡിനര്‍ഹനാക്കുന്നത്.

തളര്‍ച്ച ബാധിച്ച ഒരു സ്ത്രീയുടെ നിസ്സഹായത സിദ്ദീഖി തന്റെ ചിത്രത്തിലൂടെ ലോകത്തെ കാണിച്ചു. പുകപടലങ്ങളുടെ പശ്ചാത്തലത്തില്‍ പിന്നില്‍ എന്താണ് സംഭവിക്കുന്നതെന്നറിയാതെ… ഇതാണ് ലോകത്തെ കാണിക്കാന്‍ ഞാന്‍ ആഗ്രഹിച്ച ഫ്രെയിം. താന്‍ പകര്‍ത്തിയ റോഹിന്‍ങ്ക്യന്‍ അഭയാര്‍ത്ഥിയുടെ ചിത്രത്തേക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു. ജീവിതത്തിലെ വലിയ വെല്ലുവിളി മ്യാന്‍മറിലെ റോഗിന്‍ഗ്യന്‍ അഭയാര്‍ത്ഥികളുടെ ദുരിതം പകര്‍ത്തിയതാണെന്ന് സിദ്ദീഖി പറഞ്ഞിരുന്നു. സി.എ.എക്ക് എതിരായ സമരവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ മുസ്്‌ലിം യുവാവിനെ ഒരു കൂട്ടം ആക്രമികള്‍ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യവും ഡാനിഷ് തന്റെ ക്യാമറകളില്‍ പകര്‍ത്തി. ഫെബ്രുവരി 24നായിരുന്നു അദ്ദേഹത്തിന്റെ ക്യാമറ ഈ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. ഇത് വലിയ തോതില്‍ ചര്‍ച്ചയാകുകയും ചെയ്തു. സി.എ.എ. സമരം ചെയ്യുന്ന ജാമിഅ മില്ലിയയിലെ വിദ്യാര്‍ത്ഥികള്‍ക്കുനേരെ അക്രമി തോക്കുചൂണ്ടുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയതും ഡാനിഷ് ആയിരുന്നു. ഈ ചിത്രമാണ് ഇന്നലെയും കോടതിയില്‍ ഈ അക്രമിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ പോലും ചര്‍ച്ചയായത്.

താലിബാനെതിരെ ഒറ്റക്ക് പോരാട്ടം നയിച്ച പൊലീസ് ഓഫീസറെ രക്ഷിക്കാന്‍ ശ്രമിക്കുന്ന അഫ്ഗാന്‍ പ്രത്യേക സേനയുടെ ദൗത്യത്തെക്കുറിച്ച് അദ്ദേഹം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അഫ്ഗാന്‍ സേനയോടൊപ്പം സഞ്ചരിക്കുമ്പോള്‍ തങ്ങളുടെ വാഹനത്തിന് നേരെ റോക്കറ്റുകള്‍ വന്ന പതിക്കുന്നതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. അടുത്ത ദിവസമായിരുന്നു സമാനമായ രീതിയില്‍ ഡാനിഷ് സിദ്ധീഖി കൊല്ലപ്പെട്ടത്. സുദീര്‍ഘമായ എഴുത്തിനും ചര്‍ച്ചകള്‍ക്കും സാധ്യമാകുമായിരുന്നതെന്തോ അതാണ് സിദ്ദീഖി ക്യാമറ ചലിപ്പിച്ച് ലോകത്തോട് പറഞ്ഞത്. ലോകത്തിന് മുന്നില്‍ ഇമ വെട്ടാതെ തുറന്നു പിടിച്ച ആ ക്യാമറകള്‍ അടയുമ്പോള്‍ സത്യത്തിന്റെ മുഖത്താണ് വെളുത്ത തുണി മൂടുന്നത്. മനുഷ്യത്വത്തിന്റെ കെടാവിളക്കാണ് കാണ്ഡഹാറില്‍ താലിബാന്‍ തീവ്രവാദികള്‍ കെടുത്തിയിരിക്കുന്നത്. നേപ്പാള്‍ ഭൂകമ്പം, മൊസൂളിലെ ഐ.എസ് ഭീകരരുടെ ആക്രമണം, ശ്രീലങ്കയിലെ മനുഷ്യാവകാശ പ്രശ്‌നം തുടങ്ങി ഡാനിഷ് മുന്നിലെത്തിച്ച ചിത്രങ്ങള്‍ അദ്ദേഹം മടങ്ങുമ്പോഴും അനശ്വരമായി തുടരും.

Test User: