എം.എ മുംതാസ്
യുദ്ധത്തിന്റെ കെടുതികള്‍ മാനവരാശിയെ എത്രത്തോളം പ്രതികൂലമായി ബാധിക്കുന്നു എന്ന് ബോധ്യപ്പെടുത്തി വീണ്ടുമൊരു ഹിരോഷിമാദിനം. ആദ്യമായി ലോകത്ത് അണുബോംബ് വര്‍ഷിച്ചതിന്റെ വാര്‍ഷികമായാണ് ഓഗസ്റ്റ് 6 ന് ഹിരോഷിമാദിനം ആചരിക്കുന്നത്. 1939 മുതല്‍ 1945 വരെയുള്ള കാലത്ത് ആഗോളതലത്തില്‍ സഖ്യകക്ഷികളും അച്ചുതണ്ട് ശക്തികളും തമ്മില്‍ നടന്ന യുദ്ധമാണ് രണ്ടാം ലോക മഹായുദ്ധം.
70 ലേറെ രാജ്യങ്ങള്‍ തമ്മില്‍ ഭൂഗോളത്തിന്റെ നാനാദിക്കിലുമായി നടന്ന യുദ്ധത്തില്‍ അമേരിക്ക, സോവിയറ്റ് യൂണിയന്‍, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെട്ട സഖ്യകക്ഷികള്‍, ജര്‍മ്മനി, ജപ്പാന്‍ ഇറ്റലി എന്നീ രാജ്യങ്ങള്‍ നേതൃത്വം നല്‍കിയ അച്ചുതണ്ട് ശക്തികളെ പരാജയപ്പെടുത്തുകയായിരുന്നു. രണ്ടാം ലോക യുദ്ധകാലത്ത് ജപ്പാനെ പരാജയപ്പെടുത്തുന്നതിനായി അമേരിക്ക കണ്ടെത്തിയ അവസാന മാര്‍ഗമായിരുന്നു അണുവായുധ പ്രയോഗം.
1945 ജൂലൈ 25ന് അമേരിക്കന്‍ വ്യോമസേനയുടെ പസഫിക് മേഖലാകമാന്‍ഡര്‍ ജനറലായ കാള്‍സ് പോര്‍ട്‌സിന് ജപ്പാനിലെ രണ്ട് നഗരങ്ങളില്‍ ആറ്റംബോംബ് പ്രയോഗിക്കാനുള്ള നിര്‍ദ്ദേശം ലഭിക്കുകയായിരുന്നു. 40,000 ത്തോളം ജപ്പാനിസ് സൈനികര്‍ ഉള്‍പ്പെടുന്ന സെക്കന്റ് ജനറല്‍ ആര്‍മിയുടെ ആസ്ഥാന മന്ദിരം സ്ഥിതിചെയ്യുന്ന ജപ്പാനീസ് സമുദ്രത്തോട് ചേര്‍ന്ന്കിടക്കുന്ന നഗരമായ ഹിരോഷിമാനഗരത്തെയാണ് ഇതിന് ആദ്യമായി തെരഞ്ഞെടുത്തത്. ജനറല്‍ പോള്‍ടിബറ്റ്‌സ് പറപ്പിച്ച അമേരിക്കന്‍ വ്യോമസേനയുടെ ബി29 ബോംബര്‍ വിമാനമായ എനോളഗേയില്‍ നിന്നാണ് ബോംബ് പ്രയോഗിച്ചത്. ലിറ്റില്‍ ബോയ് എന്നായിരുന്നു ബോംബിന്റെ പേര്. യുറേനിയം 235 ഐസോടോപ്പിനെ ലെഡ്‌കൊണ്ട് ആവരണം ചെയ്ത് നിര്‍മ്മിച്ച ഈ ബോംബിന് 12,500 ഠചഠ യുടെ പ്രഹര ശേഷി ഉണ്ടായിരുന്നു. സൂര്യന് തുല്യം ഉയര്‍ന്നുപൊങ്ങിയ തീജ്വാലകള്‍ ഹിരോഷിമാ നഗരത്തെ മൂടി. ചുറ്റും സംഭവിക്കുന്നതെന്തെന്നറിയാതെ ജനങ്ങള്‍ പരക്കംപാഞ്ഞു. നിസ്സഹായരായ മനുഷ്യരുടെ ‘കൂട്ട നിലവിളികളും ആര്‍ത്തനാദങ്ങളും മനുഷ്യന്റെയും മൃഗങ്ങളുടെയും പാതിവെന്ത ശരീരങ്ങള്‍. ശരീരമാസകലം പൊള്ളലേറ്റ് വികൃതമായ മനുഷ്യ രൂപങ്ങള്‍. പിടഞ്ഞ്‌വീണ് മരിച്ചത് ലക്ഷത്തിലേറെ മനുഷ്യ ജീവനുകളാണ്.
ജപ്പാന്‍ അമേരിക്കയുടെ പേശ ഹാര്‍ബര്‍ തുറമുഖത്ത് നടത്തിയ ആക്രമണത്തിന്റെ തിരിച്ചടിയെന്നോണമായിരുന്നു ഈ അണുബോംബ് അക്രമണം നടത്തിയത്. അമേരിക്കയുടെയും ബ്രിട്ടന്റെയും ഭരണകര്‍ത്താക്കളായ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെയും റൂസ്‌വെല്‍റ്റിനെയും അനുസ്മരിച്ച് ബോംബുകള്‍ക്ക് മെലിഞ്ഞ മനുഷ്യന്‍ എന്നും തടിച്ചമനുഷ്യന്‍ എന്നും അര്‍ത്ഥം വരുന്ന ലിറ്റില്‍ ബോയ്, ഫാറ്റ്മാന്‍ എന്നീ പേരുകളാണ് ഇട്ടത്. ഹിരോഷിമയിലെ ആക്രമണത്തിന്‌ശേഷം അമേരിക്കന്‍ പ്രസിഡന്റ് ട്രൂമാന്‍ പറഞ്ഞത് ഞങ്ങളുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ ഭൂമിയില്‍ ഇന്നേവരെ കാണാത്ത നാശത്തിന്റെ ഒരു പെരുമഴതന്നെ നിങ്ങള്‍ പ്രതീക്ഷിച്ചോളൂ എന്നായിരുന്നു. എന്നാല്‍ കീഴടങ്ങാനായി ജപ്പാനീസ് ചക്രവര്‍ത്തി ചില വ്യവസ്ഥകള്‍ മൂന്നാട്ട്‌വെച്ചു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ വിസമ്മതിച്ച അമേരിക്ക മറ്റൊരു ആക്രമണം കൂടി നടത്തി. ഹിരോഷിമാ ദുരന്തം കഴിഞ്ഞ് മൂന്ന് ദിവസത്തിനുശേഷം ഓഗസ്റ്റ് 9ന് നാഗസാക്കിയും അണു ബോംബിട്ടു. ഹിരോഷിമക്ക് സാമാനമായ ദുരന്തങ്ങളാണ് ഇവിടെയും ഉണ്ടായത് .