X
    Categories: CultureMoreViews

കര്‍ണാടകയില്‍ എച്ച്.ഡി കുമാരസ്വാമി മുഖ്യമന്ത്രിയാകും; മുഖ്യമന്ത്രി പദം കോണ്‍ഗ്രസിന്

ബെംഗളൂരു: നാടകീയ നീക്കങ്ങളുമായി സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കളം നിറഞ്ഞപ്പോള്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം അധികാരത്തിലേക്ക്. കോണ്‍ഗ്രസ് പിന്തുണയോടെ ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി മുഖ്യമന്ത്രിയാകും. ഉപമുഖ്യമന്ത്രി പദവും 20 മന്ത്രിമാരും കോണ്‍ഗ്രസിന് നല്‍കും. ജെ.ഡി.എസിന് 14 മന്ത്രിമാരാണ് ഉണ്ടാവുക. സര്‍ക്കാറില്‍ ചേരാതെ പുറത്ത് നിന്ന് പിന്തുണ നല്‍കാമെന്നായിരുന്നു നേരത്തെ കോണ്‍ഗ്രസ് നിലപാടെടുത്തത്. എന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാറില്‍ ചേരണമെന്ന് ദേവഗൗഡ നിലപാടെടുക്കുകയായിരുന്നു.

എച്ച്.ഡി കുമാരസ്വാമിയും ബി.എസ് യെദിയൂരപ്പയും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഗവര്‍ണറുടെ തീരുമാനമാണ് ഇനി നിര്‍ണായകമാകുന്നത്. ഉച്ചയോടെ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്താന്‍ പി.സി.സി അധ്യക്ഷന്‍ പരമേശ്വര്‍ ശ്രമിച്ചിരുന്നുവെങ്കിലും ഗവര്‍ണര്‍ കാണാന്‍ അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ ബി.എസ് യെദിയൂരപ്പക്ക് കാണാന്‍ അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്.

ഗുജറാത്തിലെ പ്രമുഖനായ ആര്‍.എസ്.എസ്-ബി.ജെ.പി നേതാവായിരുന്നു ഗവര്‍ണര്‍ വാജുഭായ് വാല. 2002ല്‍ മോദിക്ക് മത്സരിക്കാനായി സ്വന്തം സീറ്റ് വിട്ടുകൊടുത്ത വ്യക്തിയാണ് അദ്ദേഹം. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്നു വാജുഭായ് വാല. ഇങ്ങനെയൊരു ചരിത്രം ഗവര്‍ണര്‍ക്ക് ഉള്ളതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ തീരുമാനം ബി.ജെ.പി അനുകൂലമായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: