മുംബൈ: എല്‍ഗാര്‍ പരിഷത്ത് കേസുമായി ബന്ധപ്പെട്ട് തലോജ ജയിലില്‍ കഴിയുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനും വൈദികനുമായ സ്റ്റാന്‍ സ്വാമിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി.
15 ദിവസത്തെ ചികിത്സക്കായി സബര്‍ബന്‍ ബന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയിലേക്ക് മാറ്റാനാണ് ബോംബെ ഹൈക്കോടതി മഹാരാഷ്ട്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യസ്ഥിതി മോശമായ സാഹചര്യത്തില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
ചികിത്സക്കായി സ്വാമിയെ ആശുപത്രിയിലേക്ക് മാറ്റുന്നകാര്യം ഉറപ്പുവരുത്തണമെന്ന് എസ്എസ് ഷിന്‍ഡെ, എന്‍ആര്‍ ബോര്‍ക്കര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ജയില്‍ അധികൃതര്‍ക്കും നിര്‍ദേശം നല്‍കി. ഹോളി ഫാമിലി ആശുപത്രിയിലെ ചികിത്സാ ചെലവ് സ്വന്തമായി വഹിക്കാമെന്ന് സ്റ്റാന്‍ സ്വാമി കോടതിയെ അറിയിച്ചിരുന്നു.
ജെജെ സര്‍ക്കാര്‍ ആശുപത്രിയില്‍ മതിയായ സൗകര്യങ്ങളുള്ളതിനാല്‍ സ്വാമിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റേണ്ട ആവശ്യമില്ലെന്ന് എന്‍ഐഎക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ്ങും മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി ഹാജരായ വൈപി യാഗ്‌നിക്കും വാദിച്ചു.
എന്നാല്‍ ജെജെ ആശുപത്രിയില്‍ ഹര്‍ജിക്കാരന് വേണ്ട ശ്രദ്ധ നല്‍കാന്‍ കഴിഞ്ഞേക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. സ്റ്റാന്‍ സ്വാമിയെ ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ സുഹൃത്തായ ഫാ. ഫ്രോസര്‍ മസ്‌കരന്‍ഹാസിനും കോടതി അനുമതി നല്‍കി.