കൊച്ചി: അബൂദാബിയിലെ വധശിക്ഷയില്‍ നിന്ന് മോചിതനായബെക്‌സ് കൃഷ്ണന് നാട്ടിലേക്ക് മടങ്ങി പോകുന്നതിനുള്ള ഔട്ട് പാസ് ലഭിച്ചു. യാത്രാ രേഖകള്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് അബുദാബി ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍കഴിഞ്ഞ ദിവസം ബെക്‌സിനെ സന്ദര്‍ശിച്ചിരുന്നു. മറ്റ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി എത്രയും പെട്ടെന്ന് തന്നെ ബെക്‌സ് നാട്ടിലേക്ക് പോകുമെന്ന് ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി.നന്ദകുമാര്‍ പറഞ്ഞു. 2012ല്‍ അബുദാബി മുസഫയില്‍ ബെക്‌സ് ഓടിച്ചിരുന്ന വാഹനം തട്ടി സുഡാനി ബാലന്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ തൃശൂര്‍ പുത്തന്‍ച്ചിറ ചെറവട്ട ബെക്‌സ് കൃഷ്ണന് യുഎഇ സുപ്രീം കോടതി വധശിക്ഷക്ക് വിധിച്ചിരുന്നു. പിന്നീട് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി നടത്തിയ ശ്രമങ്ങള്‍ക്കൊടുവിലാണ് വധശിക്ഷ ഒഴിവായത്. അപകടത്തില്‍ മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തിയ ചര്‍ച്ചകളുടെയും, ദയാധനമായി അഞ്ച് ലക്ഷം ദിര്‍ഹം നല്‍കിയതിന്റെയും അടിസ്ഥാനത്തിലാണ് വധശിക്ഷ കോടതി റദ്ദ്് ചെയ്തത്.