ജലീല്‍ പട്ടാമ്പി
അബുദാബി എമിറേറ്റില്‍ ഡ്രൈവറില്ലാ ടാക്‌സികള്‍ ഉടന്‍ പുറത്തിറക്കും. അബുദാബി യാസ് ഐലന്റില്‍ സ്മാര്‍ട് സിറ്റി ഉച്ചകോടിയില്‍ ഇതുസംബന്ധിച്ച പദ്ധതി അവതരിപ്പിച്ചു. ഗള്‍ഫ് മേഖലയിലെ ആദ്യ ഡ്രൈവറില്ലാ ടിക്‌സി സംരംഭമാണിത്. പരീക്ഷണാടിസ്ഥാനത്തില്‍ ഈ മാസം തന്നെ പൂര്‍ണ സൗകര്യങ്ങളോടെ ഈ പദ്ധതി പൊതുജന സമക്ഷം അവതരിപ്പിക്കുമെന്ന് ജി42 ഗ്രൂപ്പിന്റെ ഭാഗമായ ബയാനാത് അധികൃതര്‍ അറിയിച്ചു.
പുതിയ സാങ്കേതികത അടിസ്ഥാനമാക്കിയാണ് ഡ്രൈവര്‍ലസ് ടാക്‌സി പ്രവര്‍ത്തിക്കുക. ഡ്രൈവറില്ലാത്ത നിലയില്‍ പൊതുജനങ്ങള്‍ക്കായി യുഎഇയില്‍ ദുബൈ മെട്രോ മാത്രമാണ് നിലവിലുള്ളത്. ഓട്ടോണമസ് വാഹനങ്ങളുടെ ഉപയോഗത്തിനായി ബയാനാത്തുമായി അബുദാബി ഗതാഗത വകുപ്പ് കരാറില്‍ ഒപ്പു വെച്ചിട്ടുണ്ട്. യുഎഇയുടെ തലസ്ഥാന നഗരിയായ അബുദാബിയിലെ ഏറ്റവും ജനകീയ വിനോദ ഇടമായ യാസ് ഐലന്റില്‍ അഞ്ചു കാറുകളുമായി ഒന്‍പത് ലൊക്കേഷനുകളിലാണ് പുതിയ ടാക്‌സി സര്‍വീസ് ആരംഭിക്കുന്നതെന്ന് ബയാനാത്ത് സിഇഒ ഹസന്‍ അല്‍ ഹുസനി പറഞ്ഞു. ഈ ഹൈടെക് പ്രൊജക്ടിന്റെ പ്രഥമ ഘട്ടത്തില്‍ മൂന്നു വൈദ്യുതി കാറുകളും രണ്ടു ഹൈബ്രിഡ് സെല്‍ഫ് ഡ്രൈവിംഗ് വാഹനങ്ങളുമാണുണ്ടാവുക. ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, ഷോപ്പിംഗ് മാളുകള്‍, യാസ് മാളിലെ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നായിരിക്കും സൗജന്യ സര്‍വീസ്.
വാഹനങ്ങള്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സമഗ്രമായ സുരക്ഷാ പരിശോധനകള്‍ നടത്തും. എല്ലാ റോഡുകളിലും വാഹനങ്ങള്‍ വിന്യസിക്കുന്നതിന് മുമ്പായി ട്രാഫിക് സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തും.
അബുദാബി ഗതാഗത വകുപ്പിന്റെ ശൃംഖലയില്‍ സെല്‍ഫ് ഡ്രൈവിംഗ് വാഹനങ്ങള്‍ ഉപയോഗിക്കാനാവശ്യമായ അടിസ്ഥാന സൗകര്യ വികസനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.