ന്യൂഡല്‍ഹി: ഒന്നാം യു.പി.എ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ വാനോളം പുകഴ്ത്തി ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാറിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി വിജയ് രൂപാണി പ്രകാശനം ചെയ്ത റിപ്പോര്‍ട്ടാണ് കോവിഡ് അടച്ചിടല്‍ കാലത്ത് ജീവന്‍ രക്ഷാ മരുന്നായി മാറിയത് തൊഴിലുറപ്പ് പദ്ധതിയാണെന്ന് പ്രശംസിക്കുന്നത്. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാര്‍ഷിക മേഖലക്ക് പ്രാധാന്യം നല്‍കിയാണ് കണ്ടെത്തേണ്ടതെന്നും റിപ്പോര്‍്ട്ട് നിര്‍ദേശിക്കുന്നു. വിവാദ കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് രാജ്യമെമ്പാടും കര്‍ഷകര്‍ ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാറിനെതിരെ പ്രക്ഷോഭ രംഗത്ത് നിലയുറപ്പിക്കുമ്പോഴാണ് രൂപാണി സര്‍ക്കാറിന്റെ അഭിപ്രായ പ്രകടനം എന്നതും ശ്രദ്ധേയമാണ്.
കോവിഡ് പ്രതിസന്ധി- ഊര്‍ജ്ജം, അന്തരീക്ഷ മലിനീകരണം, കാലാവസ്ഥ, വികസന കാഴ്ചപ്പാട് എന്ന പേരിലുള്ള റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാറിനു കീഴിലുള്ള കാലാവസ്ഥാ വ്യതിയാന വകുപ്പാണ് തയ്യാറാക്കിയിരിക്കുന്നത്. അഹമ്മദാബാദ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്റേയും ഗാന്ധിനഗര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടേയും സഹകരണത്തോടെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
കോവിഡ് ലോക്കഡൗണ്‍ കാലത്ത് നാട്ടിലേക്ക് മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികളെ അതിജീവിക്കാന്‍ സഹായിച്ച രണ്ട് മേഖലകള്‍ എന്ന നിലയിലാണ് ഗ്രാമീണ തൊഴിലുറപ്പിനെയും കാര്‍ഷിക മേഖലയേയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. ഗോത്ര മേഖലയായ ദഹോദ് ജില്ല ആണ് ഉദാഹരണമായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. ദഹോദ് ജില്ലയില്‍ മാത്രം ഒരു ലക്ഷത്തോളം കുടിയേറ്റ തൊഴിലാളികളാണ് കോവിഡ് അടച്ചിടലില്‍ മടങ്ങിയെത്തിയത്. ചെറിയ അളവില്‍ മാത്രം ഭൂമി കൈവശമുള്ളവരാണിത്. ഇതുതന്നെ ജലസേചന സൗകര്യമില്ലാത്ത ഭൂമിയും. തിരിച്ചെത്തിയ ഉടന്‍ തൊഴിലുറപ്പ് പദ്ധതിയില്‍ അംഗമാവുകയാണ് അവര്‍ ചെയ്തത്.
നഗരങ്ങളില്‍ തൊഴിലെടുത്ത് ശീലിച്ച അവര്‍ക്ക് തൊഴിലുറപ്പ് പദ്ധതി വേതനം (224രൂപ) തുച്ചമായിരുന്നു. എങ്കിലും പ്രതിസന്ധി കാലത്ത് അതിജീവനത്തിന് ഇത് അവരെ പര്യാപ്തമാക്കി. – റിപ്പോര്‍ട്ട് പറയുന്നു. തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ പേര്‍ എന്റോള്‍ ചെയ്ത ജില്ലയായിരുന്നു ദഹൂദ് (2.38 ലക്ഷം പേര്‍). ഭാവ് നഗറും നര്‍മ്മദയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. കാര്‍ഷിക മേഖല കൊണ്ട് അതിജീവിച്ചവരില്‍ പ്രധാനമായും സൗരാഷ്ട്രക്കാരാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. സൂറത്തിലെ വജ്ര വ്യവസായ മേഖലയെ ആശ്രയിച്ച് കഴിയുന്ന 12 ലക്ഷം ജനങ്ങള്‍ സൗരാഷ്ട്ര, ഉത്തരഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.