X

പ്രതിരോധം കൈവിട്ട് സര്‍ക്കാര്‍;ഒന്നും മിണ്ടാതെ മുഖ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയന് മൗനം. 5000ല്‍ താഴെ വരെയെത്തിയ രോഗബാധിതര്‍ 31,000 കടക്കുമ്പോള്‍ കാര്യങ്ങള്‍ കൈവിട്ടുപോയ തരത്തിലാണ് സര്‍ക്കാരിന്റെ നടപടികള്‍. ടി.പി.ആര്‍ നിരക്ക് മൂന്ന് ശതമാനം വരെ താഴ്ന്ന സാഹചര്യമുണ്ടായിരുന്നു. ഇപ്പോള്‍ ടി.പി.ആര്‍ 19 ശതമാനമായി. കോവിഡ് നിയന്ത്രണത്തില്‍ കേരളം ഒന്നാമതെന്ന് വീമ്പുപറഞ്ഞ് എല്ലാ ദിവസവും വൈകിട്ട് ആറുമണിക്ക് വാര്‍ത്താസമ്മേളനം വിളിച്ച മുഖ്യമന്ത്രി ഇപ്പോഴത്തെ ഗുരുതരമായ സാഹചര്യത്തില്‍ മൗനം തുടരുന്നത് ആരോഗ്യവകുപ്പിനു പോലും ആശങ്ക വര്‍ധിപ്പിക്കുന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ഇന്ത്യയിലും ഇന്ത്യയില്‍ കൂടുതല്‍ കേരളത്തിലുമാണ്. സര്‍ക്കാര്‍ അവകാശപ്പെട്ട എല്ലാ പെരുമയും നഷ്ടമായി. ഇപ്പോള്‍ ലോകത്തെ കോവിഡില്‍ കേരളം ഒന്നാമതായി. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി മിണ്ടാതിരിക്കുന്നത് എന്നതാണ് വിചിത്രം.

കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതല യോഗത്തില്‍ പരമാവധി പേരെ കോവിഡ് പരിശോധനക്ക് വിധേയമാക്കാന്‍ മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഓരോ മണിക്കൂറിലും കോവിഡ് അപ്‌ഡേറ്റുകളുമായി സജീലമായിരുന്ന മുഖ്യമന്ത്രിയുടെ ഓഫീസ് പോലും ഇപ്പോഴത്തെ ഗുരുതരമായ സാഹചര്യത്തെ കുറിച്ച് പ്രതികരിക്കുന്നില്ല. കെ.കെ ശൈലജയെ പോലെ വിഷയങ്ങളെ നേരിട്ട് കൈകാര്യം ചെയ്യാന്‍ ഇപ്പോഴത്തെ ആരോഗ്യമന്ത്രിക്ക് കഴിയുന്നതുമില്ല.

രാജ്യത്തൊട്ടാകെ കോവിഡ് വ്യാപനം തടയാനായപ്പോള്‍ കേരളത്തിലെ അശാസ്ത്രീയമായ നിയന്ത്രണങ്ങളാണ് ഇപ്പോഴത്തെ സ്ഥിതിക്ക് ഇടയാക്കിയതെന്നാണ് ഐ.എം.എ അടക്കമുള്ള ആരോഗ്യവിദഗ്ധര്‍ പറയുന്നത്. രോഗികളുടെ എണ്ണം 31,000 കടന്ന ബുധനാഴ്ച മുഖ്യമന്ത്രിയുടെ പ്രതികരണം ഫേസ്ബുക്കിലൂടെയായിരുന്നു. വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായതും നേരത്തെ നടപ്പിലാക്കി വന്ന പ്രവര്‍ത്തനങ്ങള്‍ പലയിടത്തും മന്ദീഭവിച്ചതുമാണ് രോഗവ്യാപനം വര്‍ധിക്കാന്‍ ഇടയാക്കിയത്. ഹോം ക്വാറന്റയിന്‍ വേണ്ടവിധം പാലിക്കപ്പെട്ടില്ലെന്നാണ് ആരോഗ്യമന്ത്രി പറയുന്നത്. വീടുകളുലെ ക്വാറന്റയിന്‍ നിരീക്ഷിക്കാന്‍ ആദ്യഘട്ടത്തിലുണ്ടായിരുന്ന സംവിധാനം ഇപ്പോഴില്ല.

2021 ജൂണ്‍ രണ്ടിനാണ് കേരളത്തിലെ പ്രതിദിന മരണസംഖ്യ 200 കടക്കുന്നത്. ഇത് ക്രമേണ കുറഞ്ഞ് 100ല്‍ താഴെയെത്തിയെങ്കിലും പിന്നീടുള്ള മൂന്നു മാസക്കാലം കുതിച്ചുയര്‍ന്നു. ഇപ്പോള്‍ മരണം 20000 കടന്നു. ആകെ മരണം 20000ല്‍ എത്തി നില്‍ക്കുമ്പോള്‍ 3499 മരണങ്ങളോടെ തിരുവനന്തപുരമാണ് മുന്നില്‍. സര്‍ക്കാരിന്റെ എല്ലാ ആസൂത്രണങ്ങളുടെയും കേന്ദ്രമായ തലസ്ഥാനത്ത് മരണസംഖ്യ കുത്തനെ ഉയരുമ്പോഴും മുഖ്യമന്ത്രി തുടരുന്ന മൗനം വ്യക്തമാക്കുന്നത് സര്‍ക്കാരിന്റെ പരാജയം തന്നെയാണ്. കേരളം കോവിഡ് മരണങ്ങളെ കുറച്ചു കാണിക്കുന്നു എന്ന ആക്ഷേപം ഇപ്പോഴുമുണ്ട്. കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ പേരുകള്‍ോ പ്രസിദ്ധപ്പെടുത്തുന്നത് സംസ്ഥാന ആരോഗ്യ വകുപ്പ് ഇടക്ക് നിര്‍ത്തിയിരുന്നുവെങ്കിലും വ്യാപകമായ ആക്ഷേപങ്ങളെ തുടര്‍ന്ന് ഇത് വീണ്ടും പ്രസിദ്ധീകരിച്ചു തുടങ്ങിയിരുന്നു.

 

Test User: