മാഡ്രിഡ്: 21 വര്‍ഷമായി ബാര്‍സലോണ ലാലീഗയില്‍ കളിക്കുമ്പോള്‍ ആ മുഖം കാണാറുണ്ട്. ഗ്യാലറിയിലെ ആരാധകരും ടെലിവിഷന് മുന്നിലെ പ്രേക്ഷകരും ആദ്യം നോക്കുക ആ താരത്തെയായിരിക്കും. അയാളുടെ മുഖം കണ്ടാല്‍ ആവേശത്തിന് സ്‌നേഹത്തിന്റെ പൊലിമയയുണ്ടാവും. അയാള്‍ ഒരിക്കലും ആരാധകരെ നിരാശപ്പെടുത്താറുമില്ല. നല്ല ഗോളുകള്‍, നല്ല പാസുകള്‍, കിടിലന്‍ ഫ്രീകിക്കുകള്‍…. കാല്‍പ്പന്തിനെ ആഗോളീയമാക്കുന്നതില്‍ വലിയ പങ്ക് വഹിച്ച അയാളില്ലാതെ ദീര്‍ഘകാലത്തിന് ശേഷം ബാര്‍സിലോണ ഇന്ന് ലാലീഗയില്‍ പന്ത് തട്ടുന്നു.
പ്രതിയോഗികള്‍ ശക്തരായ റയല്‍ സോസിദാദ്. ഇന്ത്യന്‍ സമയം രാത്രി 11-30ന് നടക്കുന്ന മല്‍സരം ഫേസ്ബുക്ക് ലൈവായി മലയാളത്തിനും ആസ്വദിക്കാം. ലിയോ മെസി എന്ന നായകനില്ലാതെ എങ്ങനെ കളിക്കുമെന്ന ചോദ്യത്തിന് മുന്നില്‍ ഉത്തരമില്ല ജെറാര്‍ഡ് പിക്വ എന്ന സീനിയറിന്. മെസിക്കൊപ്പം ദീര്‍ഘകാലമായി പന്ത് തട്ടുന്നവര്‍ക്കൊന്നും പുതിയ സാഹചര്യത്തെക്കുറിച്ച് സംസാരിക്കാന്‍ തന്നെ താല്‍പ്പര്യമില്ല. ഏത് സാഹചര്യത്തിലും മെസി ബാര്‍സയില്‍ തന്നെ പന്ത് തട്ടുമെന്നാണ് എല്ലാവരും കരുതിയത്. പക്ഷേ വളരെ നാടകീയമായി സൂപ്പര്‍ താരം പോയപ്പോള്‍ കോച്ച് റൊണാള്‍ഡ് കൂമാന്‍ പോലും പറഞ്ഞു- അദ്ദേഹമില്ലാതെ ഏത് വിധം ഗെയിം പ്ലാന്‍ ചെയ്യുമെന്നത് എനിക്ക് തന്നെ വ്യക്തമായ ബോധ്യമില്ല. കോച്ചിന്റെ വാക്കുകളില്‍ പ്രതിഫലിക്കുന്നത് താരങ്ങളുടെ ആശങ്ക തന്നെയാണ്.
അവരെ സമാധാനിപ്പിക്കാനായി ഈയിടെ കൂമാന്‍ പറഞ്ഞു-മെസിയുടെ സ്ഥാനം അന്റോണിയോ ഗ്രിസ്മാന് നല്‍കുമെന്ന്. മറ്റൊന്നും അദ്ദേഹം പറഞ്ഞതുമില്ല. മാധ്യമ പ്രവര്‍ത്തകര്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ യുവതാരങ്ങള്‍ ടീമിലുണ്ടെന്നും അവര്‍ക്കെല്ലാം കരുത്ത് തെളിയിക്കാനുള്ള അവസരമാണിതെന്നുമായിരുന്നു ഡച്ചുകാരന്റെ മറുപടി. മെസിയില്ലാത്ത ബാര്‍സ എന്ന സത്യം അംഗീകരിക്കണമെന്നാണ് കോച്ചിന്റെ താരങ്ങള്‍ക്കുള്ള ഉപദേശം. നിങ്ങളെല്ലാം പുതിയ പ്രതിഭകളാണ്. നിങ്ങള്‍ക്ക് ടീമിലെ സ്ഥാനം ഉറപ്പിക്കാനുള്ള അവസരം. മെസി മഹാനായ താരമായിരുന്നു. അദ്ദേഹമില്ലാതെ കളിക്കുക എന്ന സത്യത്തെ ഉള്‍ക്കൊള്ളുക.
കഴിഞ്ഞ സീസണില്‍ മാത്രം മെസി നേടിയത് മുപ്പത് ഗോളുകളാണ്. അത്രയും ഗോളുകള്‍ സ്‌ക്കോര്‍ ചെയ്യുക എന്നത് എളുപ്പമല്ലെന്നും കോച്ച് പറയുന്നു. എന്നാല്‍ ഫുട്‌ബോള്‍ എന്നത് വ്യക്തിഗതമല്ലെന്നും എല്ലാവരും മികവ് പ്രകടിപ്പിക്കുമ്പോഴാണ് ടീം ജയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മെസിയുടെ അഭാവം മാത്രമല്ല പ്രശ്‌നം- നിലവിലെ സംഘത്തിലെ പല പ്രമുഖരും പരുക്ക് കാരണം പുറത്താണ്. ടീമിലെ പുതിയ താരങ്ങളായ മെംഫിസ് ഡിപ്പേ, എറിക് ഗാര്‍സിയ എന്നിവര്‍ ഇന്നി ഇറങ്ങുമോ എന്നത് വ്യക്തമല്ല.