X

യൂറോയില്‍ സ്പാനിഷ്-സ്വീഡന്‍ അങ്കം

ലണ്ടന്‍: ഇന്നും യൂറോയില്‍ മൂന്ന് മല്‍സരങ്ങള്‍. അതില്‍ പ്രധാനം രാത്രി 12-30 ന് നടക്കുന്ന സ്പാനിഷ്-സ്വീഡന്‍ അങ്കം. ആദ്യ മല്‍സരം വൈകീട്ട് 6-30ന് സ്‌ക്കോട്ട്‌ലാന്‍ഡും ചെക്ക് റിപ്പബ്ലിക്കും തമ്മിലാണ്. രണ്ടാം മല്‍സരത്തില്‍ 9-30 ന് പോളണ്ട് സ്ലോവാക്യയുമായി കളിക്കും.

2010 ലെ ലോക ചാമ്പ്യന്മാരായ സ്‌പെയിന്‍ കളിക്കുന്നത് കാണാനാണ് ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്നത്. സെര്‍ജിയോ റാമോസ് എന്ന സ്ഥിരം നായകനെ കൂടാതെയാണ് സ്പാനിഷ് സംഘമിറങ്ങുന്നത്. പരുക്കില്‍ അവസരം ലഭിക്കാതിരുന്ന റാമോസിന് പകരം സെര്‍ജിയോ ബസ്‌കിറ്റസിനെയായിരുന്നു നായകനായി തീരുമാനിച്ചിരുന്നത്. പക്ഷേ കോവിഡ് ബാധിതനായി അദ്ദേഹവും പുറത്തായതിനാല്‍ അന്‍സു ഫാത്തി ഉള്‍പ്പെടുന്ന യുവതാരങ്ങളിലാണ് ടീമിന്റെ പ്രതീക്ഷ. പെദ്രി, ഫെറാന്‍ ടോറസ് തുടങ്ങിയ യുവതാരങ്ങള്‍ക്കൊപ്പം അല്‍വാരോ മോറാത്ത, ജോര്‍ദി ആല്‍ബ തുടങ്ങിയ അനുഭവ സമ്പന്നരുണ്ട്.

സ്വിഡിഷ് ഫുട്‌ബോളിന്റെ ആവേശമായിരുന്ന ഇബ്രാഹമോവിച്ചിനെ കൂടാതെയാണ് സ്‌കാന്‍ഡിനേവിയന്‍ സംഘം ഇറങ്ങുന്നത്. ദിനോ ഇസ്ലാമോവിച്ചിനെ പോലുള്ള യുവതാരങ്ങളാണ് ടീമിന്റെ പ്രതീക്ഷ. എല്ലാ മല്‍സരങ്ങളും ടെന്‍ ചാനലുകളില്‍.

Test User: