റിയോ: ലാറ്റിനമേരിക്കയില്‍ ആകെയുള്ളത് പത്ത് രാജ്യങ്ങള്‍. ഇവരില്‍ എക്കാലവും കളി മൈതാനത്ത് മുന്‍പന്തിയിലുണ്ടായിരുന്നത് മൂന്ന് പേര്‍. ഉറുഗ്വേയും അര്‍ജന്റീനയും ബ്രസീലും. ആദ്യ കാലങ്ങളില്‍ ഉറുഗ്വേക്കാരായിരുന്നു വന്‍കരയിലെ വലിയ ശക്തി. രണ്ട് തവണ ലോകകപ്പും 15 തവണ കോപ്പയും നേടിയവര്‍. പിന്നീട് ബ്രസീലിന്റെയും അര്‍ജന്റീനയുടെയും ഊഴമായപ്പോള്‍ ഉറുഗ്വേ പിന്തള്ളപ്പെട്ടു. അഞ്ച് തവണ ലോകകപ്പും ഒമ്പത് തവണ കോപ്പയും നേടി ബ്രസീല്‍. എന്നാല്‍ 14 തവണ കോപ്പയില്‍ മുത്തമിട്ട അര്‍ജന്റീന രണ്ട് തവണ മാത്രമാണ് ലോകകപ്പില്‍ ഒന്നാമന്മാരായത്.
ലോകകപ്പ്, കോപ്പ, കോണ്‍ഫെഡറേഷന്‍ കപ്പ് തുടങ്ങിയ മല്‍സര വേദികളിലായി ഇതിനകം 107 തവണ ബ്രസീലും അര്‍ജന്റീനയും മുഖാമുഖം വന്നിട്ടുണ്ട്. എന്നാല്‍ ഫൈനലുകളുടെ കാര്യം എടുക്കുകയാണെങ്കില്‍ നാല് തവണ മാത്രമാണ് അയല്‍ക്കാര്‍ കിരീടത്തിനായി നേര്‍ക്കുനേര്‍ വന്നത്. നാളെ റിയോയിലെ മരക്കാനയില്‍ നടക്കാന്‍ പോവുന്നത് അഞ്ചാമത് ഫൈനല്‍.
1937 ലെ കോപ്പ ഫൈനലിലായിരുന്നു ആദ്യ മുഖാമുഖം. രണ്ട്് പേരും പോയിന്റ് നിലയില്‍ ഒപ്പത്തിനൊപ്പമായിരുന്നു. അവസാന മല്‍സരത്തിലെ സമനിലയില്‍ ടൈബ്രേക്കര്‍ വിജയിയെ നിശ്ചയിപ്പോള്‍ 2-0 ത്തിന് അര്‍ജന്റീന ചാമ്പ്യന്മാരായി. ഇത് കഴിഞ്ഞ് മറ്റൊരു ഫൈനലില്‍ രണ്ട് പേരും വരാന്‍ 67 വര്‍ഷം കാത്തിരിക്കേണ്ടി വന്നു. പെറു ആതിഥേത്വം വഹിച്ച 2004 ലെ കോപ്പ ഫൈനലില്‍ വീണ്ടും അയല്‍ക്കാര്‍. ആവേശകരമായിരുന്നു ഈ മല്‍സരം. അര്‍ജന്റീന ജയിക്കുമെന്ന ഘട്ടത്തില്‍ മല്‍സരത്തിന്റെ അവസാനത്തില്‍ അഡ്രിയാനോയുടെ സമനില ഗോള്‍ വരുന്നു. തുടര്‍ന്ന് ഷൂട്ടൗട്ട്.
അവിടെ ഗോള്‍ക്കീപ്പര്‍ ജൂലിയോ സീസറിന്റെ മികവില്‍ കപ്പ് ബ്രസീല്‍ സ്വന്തമാക്കി.
അടുത്ത വര്‍ഷം വീണ്ടുമൊരു ഫൈനല്‍. അത് 2005 ലെ കോണ്‍ഫെഡറേഷന്‍ കപ്പ് ഫൈനലായിരുന്നു. റൊണാള്‍ഡിഞ്ഞോ കത്തിക്കയറിയ ആ ഫൈനലില്‍ ബ്രസീല്‍ എളുപ്പത്തില്‍ വിജയം നേടി. അഡ്രിയാനോ രണ്ട് ഗോള്‍ സ്‌ക്കോര്‍ ചെയ്തപ്പോള്‍ കക്കയും റൊണാള്‍ഡിഞ്ഞോയും ഓരോ ഗോളുകള്‍ കരസ്ഥമാക്കി. ജോസ് പെക്കര്‍മാന്‍ പരിശീലിപ്പിച്ച അര്‍ജന്റീന പാബ്ലോ ഐമറിലുടെ ഒരു ഗോള്‍ മടക്കി. 14 വര്‍ഷം മുമ്പായിരുന്നു അവസാന മുഖാമുഖം. 2007 ലെ കോപ്പ ഫൈനല്‍. വെനിസ്വേലയിലായിരുന്നു കലാശം. ഇവിടെയും ബ്രസീല്‍ അനായാസം ജയിച്ചുകയറി. ജൂലിയോ ബാപ്റ്ററിസ്റ്റ, ഡാനി ആല്‍വസ് എന്നിവര്‍ക്കൊപ്പം റോബര്‍ട്ടോ അയാലയുടെ സെല്‍ഫ് ഗോളുമായപ്പോള്‍ മൂന്ന് ഗോള്‍ വിജയം.അതായത് ഇതിനകം നടന്ന നാല് ഫൈനലുകളില്‍ മൂന്നിലും തോറ്റ അര്‍ജന്റീനക്കാര്‍ക്ക് നാളെ ജയിക്കാനാവുമോ എന്നതാണ് വലിയ ചോദ്യം.