ലണ്ടന്‍: എഫ്. എ കപ്പ് ഫൈനലിലേറ്റ തോല്‍വിക്ക് ലെസ്റ്റര്‍ സിറ്റിയോട് പകരം വീട്ടി ചെല്‍സി. നാല് ദിവസം മുമ്പ് വെംബ്ലിയിലെ വലിയ വേദിയില്‍ നടന്ന മല്‍സരത്തില്‍ ഒരു ഗോളിന് തല താഴ്ത്തിയ നീലപ്പട ഇന്നലെ സ്വന്തം വേദിയില്‍ നടന്ന മല്‍സരത്തില്‍ 2-1 നാണ് ജയിച്ചത്. കഴിഞ്ഞ ദിവസം നടന്ന മറ്റ് മല്‍സരങ്ങളില്‍ നിയുക്ത ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് അപ്രതിക്ഷിത തോല്‍വി പിണഞ്ഞു. ബ്രൈട്ടണാണ് 3-2ന് കരുത്തരെ മറിച്ചിട്ടത്. ഫുള്‍ഹാം 1-1 ല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തളച്ചപ്പോള്‍ ലീഡ്‌സ് യുനൈറ്റഡ് രണ്ട് ഗോളിന് സതാംപ്ടണെ പരാജയപ്പെടുത്തി.
സ്റ്റാഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന മല്‍സരത്തില്‍ ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ റുഡിഗര്‍ ചെല്‍സിയെ മുന്നിലെത്തിച്ചു. 66-ാം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി കിക്ക് ജോര്‍ജിഞ്ഞോ ഗോളാക്കി മാറ്റി. 76-ാം മിനുട്ടില്‍ ഇഹാന്‍ജിയോ ലെസ്റ്ററിനായി ഒരു ഗോള്‍ മടക്കി. വിജയത്തോടെ ചെല്‍സി ടേബിളില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. സീസണില്‍ ഒരു മല്‍സരം മാത്രം ബാക്കി നില്‍ക്കേ അത് തോല്‍ക്കാതിരുന്നാല്‍ ചെല്‍സിക്ക് ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഉറപ്പാണ്.
തോല്‍വി ലെസ്റ്ററിന് ആഘാതമാണ്. അവര്‍ 66 പോയന്റുമായി നാലാം സ്ഥാനത്തായി. രണ്ട് മല്‍സരങ്ങള്‍ ബാക്കിയുള്ള നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ 63 പോയന്‍രുമായി അഞ്ചാം സ്ഥാനത്തുണ്ട്. രണ്ട് ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് സിറ്റി നാടകീയമായി തോറ്റത്. ആദ്യ പകുതിയില്‍ ഗുന്‍ഡഗോന്റെ ഗോളില്‍ ലീഡ്. അതിന് മുമ്പ് സാന്‍സിലോയെ ചുവപ്പില്‍ ടീമിന് നഷ്ടമായിരുന്നു.
രണ്ടാം പകുതിയാരംഭിച്ചതും ഫില്‍ ഫോദാന്റെ രണ്ടാം ഗോള്‍. പക്ഷേ പിന്നെ കണ്ടത് ബ്രൈട്ടന്റെ വലിയ തിരിച്ചുവരവായിരുന്നു. 50-ാം മിനുട്ടില്‍ ട്രോസാര്‍ഡിന്റെ ആദ്യ ഗോള്‍. 72-ാം മിനുട്ടില്‍ വെബ്‌സ്റ്റാറിന്റെ സമനില ഗോള്‍. 76 മിനുട്ടായപ്പോള്‍ ഡെന്‍ ബേണിന്റെ വിജയ ഗോള്‍.