X

ക്രൊയേഷ്യയെ 4-2ന് തകര്‍ത്ത് ഫ്രാന്‍സ് ലോകത്തിന്റെ നെറുകയില്‍

മോസ്‌കോ: അവസാന മിനിറ്റ് വരെ പൊരുതി നിന്ന ക്രൊയേഷ്യയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ് ലോക ഫുട്‌ബോളിന്റെ നെറുകയില്‍. സെല്‍ഫ് ഗോളില്‍ ഫ്രാന്‍സ് ആണ് ആദ്യം മുന്നിലെത്തിയത്. പതിനെട്ടാം മിനിറ്റില്‍ ഗ്രിസ്മാനെടുത്ത ഫ്രീകിക്കില്‍ നിന്നായിരുന്നു ഗോള്‍ പിറന്നത്. ഫ്രീകിക്ക് കുത്തിയകറ്റാനുള്ള മാന്‍സൂക്കിച്ചിന്റെ ശ്രമമാണ് സെല്‍ഫ് ഗോളില്‍ കലാശിച്ചത്.

എന്നാല്‍ മനോഹരമായ ടീം ഗെയിമിലൂടെ പത്ത് മിനിറ്റിനുള്ളില്‍ ക്രൊയേഷ്യ ഗോള്‍ മടക്കി. ഇവാന്‍ പെരിസിച്ച് ആണ് ക്രൊയേഷ്യയുടെ ഗോള്‍ നേടിയത്. പക്ഷെ ക്രൊയേഷ്യയുടെ ആഘോഷത്തിന് മിനിറ്റുകളുടെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 39-ാം മിനിറ്റില്‍ പെനാറ്റിയിലൂടെ അന്റോണിയോ ഗ്രിസ്മാന്‍ ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ നേടി.പെരിസിച്ച് പന്ത് കൈ കൊണ്ട് തട്ടിയതിനാണ് വാറിന്റെ സഹായത്തോടെ ഫ്രാന്‍സിന് പെനാല്‍റ്റി ലഭിച്ചത്.

59-ാം മിനിറ്റില്‍ പോള്‍ പോഗ്‌ബെയാണ് ഫ്രാന്‍സിന്റെ മൂന്നാമത്തെ ഗോള്‍ നേടിയത്. തന്റെ പ്രതിഭ വിളിച്ചോതുന്ന ഷോട്ടിലൂടെയായിരുന്നു പോഗ്‌ബെയുടെ ഗോള്‍. 65-ാം മിനിറ്റില്‍ കൗമാര താരം എംബാപ്പെയുടെ വകയായിരുന്നു ഫ്രാന്‍സിന്റെ നാലാമത്തെ ഗോള്‍. 69-ാം മിനിറ്റില്‍ ഫ്രഞ്ച് ഗോളി ഹ്യൂഗോ ലോറിസ് നേടിയ ഗോളിലൂടെ ക്രൊയേഷ്യ മത്സരത്തിലേക്ക് തിരിച്ചെത്തിയെന്നെ തോന്നിച്ചെങ്കിലും ക്രോട്ടുകളുടെ മുന്നേറ്റങ്ങളെല്ലാം ഫ്രഞ്ച് മുന്നേറ്റത്തില്‍ തട്ടിത്തകര്‍ന്നു. ഫ്രാന്‍സ് രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും ലോക ഫുട്‌ബോളിന്റെ നെറുകയിലേക്ക് നടന്നു കയറി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: