മലപ്പുറം: നിയമ രാഹിത്യത്തിന്റെയും ന്യൂനപക്ഷ പിന്നോക്ക വിഭാഗത്തിന് എതിരെയുള്ള ക്രൂരമായ നടപടികളുടെയും നാടായി മാറുകയാണ് ഉത്തര്‍പ്രദേശെന്ന് മുസ്്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എം.പി. കഴിഞ്ഞ ദിവസം മധ്യ ഉത്തര്‍ പ്രദേശിലെ ബാരബംഗി മസ്ജിദ് ജെ.സി.ബി കൊണ്ട് വന്ന് ഇടിച്ചു നിരത്തി അവശിഷ്ടങ്ങള്‍ പുഴയില്‍ ഒഴുക്കിയതായും ആ പ്രദേശത്തേക്ക് തന്നെ ആര്‍ക്കും പോവാന്‍ കഴിയാത്ത വിധം പോലീസ് ആളുകളെ വിലക്കിയിരിക്കുകയാണെന്നും വാര്‍ത്തകളില്‍ നിന്നും വ്യക്തമാകുന്നു. മസ്ജിദ് നിയമ വിരുദ്ധമായി നിര്‍മിച്ചതാണെന്ന കള്ള പ്രചരണം ജില്ലാ ഭരണകൂടം തന്നെ നടത്തുകയാണ്. ഇത് കോടതിയുടെ തന്നെ തീരുമാനത്തിന്റെ പരസ്യമായ ലംഘനമാണ്.
പള്ളി അനധികൃതമായി നിര്‍മിച്ചതാണെന്നും അത് പൊളിക്കുമെന്നും ജില്ലാ ഭരണകൂടം നോട്ടീസ് കൊടുത്തപ്പോള്‍ പള്ളി കമ്മറ്റിക്കാര്‍ ഹൈകോടതിയെ സമീപിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി ഇടപെടുകയും ഈ നോട്ടീസ് നടപ്പിലാക്കുന്നത് തത്കാലികമായി നിര്‍ത്തിവെക്കണമെന്ന് ഉത്തരവിടുകയും ചെയ്തതാണ്. കോടതി ഉത്തരവിനെ ഒട്ടും വക വെക്കാതെയാണ് കുറ്റവാളികള്‍ ഈ അതിക്രമം കാണിച്ചിട്ടുള്ളത്. ഈ ടൗണിന്റെ പല ഭാഗത്തായി ഇതിനെതിരെ നടന്നിട്ടുള്ള പ്രകടനത്തില്‍ നിരവധി പേര്‍ക്കെതിരെ വധശ്രമം, രാജ്യദ്രോഹം അടക്കമുള്ള കുറ്റങ്ങള്‍ ചേര്‍ത്തി കേസെടുത്തിരിക്കുകയാണ്.
നിയമ വിരുദ്ധമായി പള്ളി തകര്‍ത്ത കൊടും ക്രിമിനലുകള്‍ക്ക് നേരെ നടപടിയെടുക്കണമെന്നും പള്ളി നിന്ന സ്ഥലത്ത് തന്നെ അത് പുനഃസ്ഥാപിക്കണമെന്നും കള്ള കേസുകള്‍ പിന്‍ വലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് യു.പി സുന്നി വഖ്ഫ് ബോര്‍ഡും മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡും രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ഇക്കാര്യത്തില്‍ സജീവമായി ഇടപെട്ടിട്ടുണ്ട്. യു.പി സംസ്ഥാന മുസ്‌ലിം ലീഗിന്റെ സാരഥികളോട് സ്ഥലം സന്ദര്‍ശിക്കാന്‍ നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്. പ്രധാന മന്ത്രി, കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി എന്നിവര്‍ക്ക് മുസ്‌ലിംലീഗ് പരാതിയും നല്‍കിയിട്ടുണ്ടെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.