മലപ്പുറം: ജനസംഖ്യയുടെ 99 ശതമാനത്തില്‍ അധികം മുസ്‌ലിങ്ങള്‍ താമസിക്കുന്ന ലക്ഷദ്വീപില്‍ ഇപ്പോള്‍ വിഷ വിത്ത് പാകുന്ന ജോലിയിലാണ് ബി.ജെ.പിയെന്ന് മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. ഇതിനെതിരെ ദ്വീപില്‍ തന്നെ ശക്തമായ പ്രക്ഷോഭ സമരങ്ങള്‍ ഉണ്ടായിത്തുടങ്ങിയിട്ടുണ്ട്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ആയി കേന്ദ്ര ഗവണ്‍മെന്റ് നിയോഗിച്ച പ്രഫുല്‍ കോദാഭായി പട്ടേലിനെ കേന്ദ്ര ഗവണ്‍മെന്റ് എല്‍പിച്ച ദൗത്യം എത്രയും വേഗം ദ്വീപിനെ വര്‍ഗീയ വത്കരിക്കുക എന്നുള്ളതാണെന്ന് മനസ്സിലാക്കാന്‍ കഴിയുന്നു.
ഇപ്പോള്‍ ഗുണ്ടാ ആക്ട് നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് ഭരണകൂടം. പ്രതിഷേധ സ്വരങ്ങളെ അമര്‍ച്ച ചെയ്യാനുള്ള കരിനിയമം കയ്യിലുണ്ടായാല്‍ കാര്യങ്ങള്‍ എളുപ്പമാകുമെന്ന് അവര്‍ കരുതുന്നു. ദ്വീപില്‍ എപ്പോഴും ഒരു നിഷ്‌കളങ്ക മുഖമുണ്ട്. അതിമഹത്തായ ഒരു ചരിത്ര സാംസ്‌കാരിക പൈതൃകവും ഉണ്ട്. അത് തകര്‍ക്കുന്ന തിരക്കിലാണ് ഭരണകൂടം. അവിടെ മാംസാഹാരം വിലക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു തുടങ്ങി. ഗോവധ നിരോധനവും പട്ടികയിലുണ്ട്. ആ നാട്ടുകാരായ അവിടെ ജോലി ചെയ്യുന്ന അങ്കണവാടി, ആരോഗ്യ മേഖലയിലുള്ള ജീവനക്കാരെ അടക്കം പിരിച്ചു വിടലിന് വിധേയരായി. മത്സ്യബന്ധനം തന്നെയാണ് അവരുടെ പ്രധാന ജീവിത മാര്‍ഗം.
മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ കേസെടുക്കുന്നതും പതിവായിട്ടുണ്ട്. അവര്‍ക്ക് സാധനങ്ങള്‍ വാങ്ങാന്‍ കരയില്‍ ഏറ്റവും അടുത്ത സ്ഥലം ബേപ്പൂര്‍ തുറമുഖമാണ്. അതിന് പകരം മംഗലാപുരം ആക്കി മാറ്റാനുള്ള നടപടിയും പൂര്‍ത്തിയായി വരുന്നു. ലക്ഷദ്വീപില്‍ പാമ്പുകള്‍ തീരെ ഇല്ല. കാക്കയും ഇല്ല.
എന്നാല്‍ പാമ്പുകള്‍ വമിച്ചാല്‍ ഉണ്ടാകുന്ന വിഷത്തേക്കാള്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ പിന്തുണയോടെ നടക്കുന്ന വര്‍ഗീയ വിഷ വ്യാപനമാണ് ഇപ്പോള്‍നടന്നു വരുന്നത്. ഈ നീക്കം അത്യന്തം പ്രതിഷേധാര്‍ഹമാണ്. ഗവണ്‍മെന്റ് അടിയന്തരമായും ഈ തെറ്റ് തിരുത്തണം. അഡിമിസ്‌ട്രേറ്ററെ തിരിച്ചു വിളിക്കണം. കേന്ദ്ര ഭരണകൂടം ഉദ്യോഗസ്ഥമേധാവിത്വം ഉപയോഗിച്ച് നടത്തുന്ന ഈ ദുഷ്പ്രവണതയെ കുറിച്ച് പാര്‍ലമെന്റില്‍ ഫെബ്രുവരി 13ന് താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്നും അവരുട മഹിതമായ പാരമ്പര്യത്തെ കാത്തുസൂക്ഷിക്കാന്‍ കൂടെയുണ്ടാവുമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.