എ.വി ജയശങ്കര്‍
മഹാമാരിയും പേമാരിയും ചുഴലിക്കാറ്റുകളും വെള്ളപ്പൊക്കവും മനുഷ്യന്‍ പ്രകൃതിയോടു ചെയ്യുന്ന അമിത ചൂഷണത്തിന്റെ ഫലമാണെന്ന് സാധാരണക്കാര്‍ വരെ തിരിച്ചറിഞ്ഞെങ്കിലും ഭരണകൂടങ്ങള്‍ തിരിച്ചറിയുന്നില്ല എന്നത് നമ്മള്‍ ദിനംപ്രതി മനസിലാക്കുകയാണ്. ആഗോളതാപനവും കാലാവസ്ഥാമാറ്റവുമടക്കമുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാന്‍ വ്യക്തികള്‍ പോലും മുന്നോട്ടു വരുകയാണ്.ഇത്തരമൊരു മാതൃകയാണ് എറണാകുളം മഹാരാജാസിലെ ചരിത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും നാഷണല്‍ സര്‍വ്വീസ് സ്‌കീം പ്രോഗ്രാം ഓഫീസറുമായ ഡോ.എം.എച്ച്.രമേശ് കുമാര്‍ അവതരിപ്പിക്കുന്നത്.
നന്മകളിലൂടെ ഒരു സൈക്കിള്‍ യാത്ര
മാതൃകകള്‍ സ്വഷ്ടിച്ച് മാതൃകയായ നമ്മുടെ നാട് ഒരു തിരിച്ചു പോക്കിലാണ്.ശാസ്ത്ര വിരുദ്ധതയും, അന്ധവിശ്വാസവും, യുക്തി രാഹിത്യവും അനാചാരങ്ങളും ശാസ്ത്രത്തിന്റെ മേലങ്കിയണിഞ്ഞ് രംഗത്തുവരുകയും ജന സ്വീകാര്യത നേടുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ തന്റെതായ മാതൃക സൃഷ്ടിച്ച് പ്രവര്‍ത്തിക്കുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അന്വേഷിച്ചും, അവരുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയും നടത്തിയ യാത്രയാണ് ‘നന്മകളിലൂടെ ഒരു സൈക്കിള്‍ യാത്ര’. സമൂഹത്തില്‍ ബദല്‍ മാതൃകകള്‍ സൃഷ്ടിച്ച് പ്രവര്‍ത്തിക്കുന്നവരുടെ അടുത്തേക്കാണ് വിദ്യാര്‍ത്ഥികളുമൊത്ത് സൈക്കിളില്‍ ഈ യാത്ര നടത്തിയത്.
എറണാകുളത്ത് 5 ദിവസമെടുത്തു നടത്തിയ യാത്രയുടെ ഭാഗമായി സന്ദര്‍ശിച്ചിടങ്ങള്‍ മനസിലാക്കുമ്പോള്‍ തന്നെ യാത്രയുടെ സ്വഭാവം മനസിലാക്കാം – 1.5 ലക്ഷം രൂപക്ക് പ്രകൃതി സൗഹൃദ വീടു നിര്‍മ്മിക്കുകയും, 11 രാജ്യങ്ങളില്‍ സൈക്കിളില്‍ യാത്ര ചെയ്യുകയും ചെയ്ത അരുണ്‍ തഥാഗത്, വൈറ്റില ജംഗ്ഷനില്‍ ടെറസില്‍ കൂറ്റന്‍ തെങ്ങുകളും മാവും പ്ലാവുമൊക്കെയുള്ള കൃഷിയിടം, നഗര മധ്യത്തില്‍ കാടൊരുക്കുന്ന പുരുഷോത്തമ കമ്മത്ത്, വാത്തുരുത്തി കോളനി നിവാസികള്‍ക്കുവേണ്ടിയും ചൂഷിതര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു മായി ജീവിക്കുന്ന വൈദികന്‍ ഫാ. അഗസ്റ്റിന്‍ വട്ടോളി, ഫാ.സെബാസ്റ്റ്യന്‍ പൈനാടത്തിന്റെ നേതൃത്വത്തിലുള്ള കാലടിയിലെ പ്രകൃതി സൗഹൃദ കാമ്പസായ സമീക്ഷ, കാലാവസ്ഥാ മാറ്റത്തിന്നും ആഗോള താപനത്തിനുമെതിരെ കാര്‍ബണ്‍ ന്യൂട്രല്‍ ഭക്ഷണവും, നാട്ടറിവും കൊണ്ട് പ്രതിരോധം തീര്‍ക്കുന്ന,52 പ്രകൃതി സൗഹൃദ വീടുകളുള്ളതും ചാലക്കുടി പുഴയുടെ തീരത്ത് ശ്രീ പ്രേം കുമാറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ മൂഴിക്കുളം ശാല തുടങ്ങിയവ നന്മയുടെ സുഗന്ധം പരത്തുകയും പ്രവര്‍ത്തനം കൊണ്ട് പ്രതിരോധം തീര്‍ക്കുകയും ചെയ്യുന്നവയില്‍ ചിലതാണ്.ഇവിടെയൊക്കെ താമസിച്ച് പ്രവര്‍ത്തനം വിലയിരുത്തിയും, പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തിയുമായിരുന്നു യാത്ര എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥികളായ ജയശങ്കര്‍, സിബിന്‍, അംജദ്, പരിസ്ഥിതി പ്രവര്‍ത്തകരായ അരുണ്‍ തഥാഗത്, കണ്ണന്‍ ബാബു എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
ആലപ്പുഴ ജില്ലയിലെയും യാത്ര പൂര്‍ത്തിയാക്കിയതിനാല്‍ മറ്റ് 12 ജില്ലകളിലെ യാത്രയും ഉടന്‍ തന്നെ ആരംഭിക്കുമെന്ന് ഡോ.രമേശ് കുമാര്‍ പറയുന്നു.ഈ യാത്രയില്‍ കാണുന്ന ബദല്‍ മാതൃകകളെപ്പറ്റി യൂറ്റിയൂബ് ചാനലിലൂടെയും, പുസ്തക രചനയിലൂടെയും സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കാനും പദ്ധതി തയ്യാറാക്കുകയാണ് ഈ അധ്യാപകന്‍.
കോളേജിലേക്കും സൈക്കിളില്‍
ജീവിത ശൈലി രോഗങ്ങളുടെ തലസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്ന കേരളത്തില്‍ സൈക്കിള്‍ യാത്ര ആരോഗ്യത്തിലേക്കുള്ള യാത്ര കൂടിയാണ്. തന്നെയുമല്ല കൊച്ചിയിലെ ട്രാഫിക്ക് പ്രശ്‌നങ്ങള്‍ക്കും, മലിനീകരണ പ്രശ്‌നങ്ങള്‍ക്കും ഇത് പരിഹാരമാകും.
ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കാനായി സ്വന്തം നാടായ കായംകുളത്തു നിന്ന് എറണാകുളത്തേക്ക് സൈക്കിളില്‍ ആണ് മിക്കവാറുമുള്ള യാത്രകള്‍. ഭരണഘടന മുന്നോട്ടു വക്കുന്ന മതേതരത്വം പോലുള്ള ആശയങ്ങള്‍ക്ക് ഭീഷണി നേരിട്ടപ്പോഴും, മതാടിസ്ഥാനത്തില്‍ മുസ്ലീംന്യൂനപക്ഷങ്ങളെ പൗരത്വത്തില്‍ നിന്നു മാറ്റുന്നതിനുള്ള നിയമനിര്‍മ്മാണത്തിനെതിരെ ‘ഇന്ത്യന്‍ ഭരണഘടനയെ സംരക്ഷിക്കുക ‘ എന്ന സന്ദേശ പ്രചരണത്തിനായും സൈക്കിള്‍ യാത്ര സംഘടിപ്പിച്ച അനുഭവം അദ്ദേഹത്തിനുണ്ട്..
വ്യത്യസ്തമായ ഓണാഘോഷം.
അമ്പലപ്പുഴ ഗവ.കോളേജില്‍ NSS പ്രോഗ്രാം ഓഫീസറുടെ ചുമതല വഹിച്ചപ്പോള്‍ വ്യത്യസ്തമായ ഓണാഘോഷം സംഘടിപ്പിക്കുകയുണ്ടായി. അപകടങ്ങളില്‍ പെട്ട് ശരീരം തളര്‍ന്ന ജില്ലയിലെ 150 ഓളം പേരെ കോളേജില്‍ കൊണ്ടു വന്നായിരുന്നു ഓണാഘോഷം. ഇവര്‍ക്ക് ഓണക്കോടിയും ഓണക്കിറ്റും, ഓണസദ്യയും നല്‍കി.ഇതിന്റെ ഭാഗമായി കോളെജിലെ വിദ്യാര്‍ത്ഥിയായിരുന്ന അപ്പുവിന് മുച്ചക്ര വാഹനവും, മറ്റൊരാള്‍ക്ക് 1.25 ലക്ഷം രൂപയുടെ ഇലക്ട്രിക്ക് വീല്‍ ചെയറും നല്‍കി.ഇതിനാവശ്യമായ 5 ലക്ഷം രൂപ കണ്ടെത്തിയത് കായംകുളത്തു നിന്ന് അരൂര്‍ വരെ നടത്തിയ ‘കാരുണ്യ യാത്ര’ എന്ന സൈക്കിള്‍ യാത്രയിലൂടെയായിരുന്നു.
സൈക്കിള്‍ മുന്നോട്ട് വക്കുന്ന പരിസ്ഥിതി -ആരോഗ്യ പാഠങ്ങള്‍ പ്രചരിപ്പിക്കാനായി ലോക സൈക്കിള്‍ ദിനമായ ഈ ജൂണ്‍ 3ന് ആലപ്പുഴ മെഡിക്കല്‍ കോളെജിലേക്ക് കായംകുളത്തു നിന്ന് യാത്രക്കൊരുങ്ങുകയാണ് ഈ അധ്യാപകന്‍.
മരുന്ന് വാങ്ങാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ട് ദുരിത ജീവിതം നയിക്കുന്നവര്‍ക്ക് സൗജന്യമായി മരുന്ന് നല്‍കാനായി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആലപ്പുഴ മെഡി.കോളേജിനടുത്താരംഭിക്കുന്ന മെഡി ബാങ്കിന്റെ അടുത്തേക്കാണ് യാത്ര. മെഡി കോളേജില്‍ അപകടങ്ങളില്‍പെട്ട രോഗികള്‍ക്കായുള്ള വസ്ത്രങ്ങളും ഇതിന്റെ ഭാഗമായി കൈമാറുകയും ചെയ്യും.