ഇസ്തംബൂള്‍: ജറൂസലമിനെ ഇസ്രാഈല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെ അംഗീകരിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കണമെന്ന് പ്രമുഖ ടെലിവിഷന്‍ അവതാരകരോട് ഒരു ഈജിപ്ഷ്യന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്ന ഓഡിയോ ടേപ്പ് തുര്‍ക്കിയിലെ മീകമീല്‍ ടിവി പുറത്തുവിട്ടു. യു.എസ് നീക്കത്തെ പരസ്യമായി അപലപിച്ചിരുന്ന ഈജിപ്ത് രഹസ്യമായി ട്രംപിനെ അനുകൂലിക്കുന്നുണ്ടെന്ന് ഓഡിയോ ടേപ്പ് വ്യക്തമാക്കുന്നു.
ന്യൂയോര്‍ക്ക് ടൈംസാണ് ഇതേക്കുറിച്ച് ആദ്യം വാര്‍ത്ത നല്‍കിയത്. ഫലസ്തീന്‍ വിഷയത്തില്‍ ഈജിപ്ഷ്യന്‍ ഭരണകൂടത്തിന്റെ കാപട്യം ഓഡിയോ ടേപ്പ് തുറന്നുകാട്ടുന്നുണ്ട്. ക്യാപ്റ്റന്‍ അഷ്‌റഫ് അല്‍ ഖോലിയെന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥനാണ് ടെലിവിഷന്‍ അവതാരകരോട് സംസാരിക്കുന്നത്. ഇസ്രാഈലുമായുള്ള യുദ്ധം ഈജിപ്തിന്റെ താല്‍പര്യമല്ലെന്ന് ഇയാള്‍ പറയുന്നുണ്ട്. ജറൂസലം വിഷയത്തില്‍ ട്രംപിന്റെ നീക്കത്തോടുള്ള എതിര്‍പ്പ് ഒഴിവാക്കണമെന്നും അല്‍ ഖോലി ചാനല്‍ പ്രതിനിധികളോട് ആവശ്യപ്പെടുന്നു. ജറൂസലമിനെ ഇസ്രാഈല്‍ തലസ്ഥാനമായി അംഗീകരിക്കുന്ന കാര്യത്തില്‍ ഈജിപ്തും അമേരിക്കയും ഒന്നാണെന്ന് ടൈംസും റിപ്പോര്‍ട്ട് ചെയ്തു.
ഗസ്സ പോലുള്ള പല ഫലസ്തീന്‍ പ്രശ്‌നങ്ങളിലും ഈജിപ്ത് പലപ്പോഴും ഇസ്രാഈല്‍ അനുകൂല നിലപാടാണ് സ്വീകരിക്കാറുള്ളത്. ഇസ്രാഈലിന്റെ ഉപരോധത്തില്‍ വീര്‍പ്പുമുട്ടുന്ന ഗസ്സയിലേക്ക് അവശ്യസാധനങ്ങള്‍ എത്തുന്നത് തടയാന്‍ ഈജിപ്ത് പലപ്പോഴും ശ്രമിക്കാറുണ്ട്. എന്നാല്‍ തുര്‍ക്കി ടിവി ചാനല്‍ റിപ്പോര്‍ട്ട് ഈജിപ്ത് ഭരണകൂടം നിഷേധിച്ചു. ജറൂസലം വിഷയത്തില്‍ രാജ്യത്തിന്റെ നിലപാടില്‍ ഒരു മാറ്റവുമില്ലെന്ന് ഈജിപ്തിന്റെ സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ സര്‍വിസ് അറിയിച്ചു. പ്രസിഡന്റും വിദേശകാര്യ മന്ത്രാലയവും ഔദ്യോഗിക വൃത്തങ്ങളുമാണ് ഈജിപ്തിന്റെ നിലപാടുകള്‍ വ്യക്തമാക്കാറുള്ളതെന്ന് സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ സര്‍വിസ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഓഡിയോ ടേപ്പ് വിവരങ്ങളെ ഒരു ഫലസ്തീന്‍ ഉദ്യോഗസ്ഥനും തള്ളി.
ഫലസ്തീന്‍ പോരാട്ടത്തിന് ഈജിപ്തിന്റെ പിന്തുണ തുടരുമെന്ന് പി.എല്‍.ഒ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഖായിസ് അബ്ദുല്‍കരീം പറഞ്ഞു. ട്രംപിനെതിരെ ലോകവ്യാപകമായി പ്രതിഷേധമുയര്‍ന്നപ്പോള്‍ ഈജിപ്തും അപലപിച്ച് രംഗത്തെത്തിയിരുന്നു.
എന്നാല്‍ രഹസ്യമായി ഈജിപ്ത് അദ്ദേഹത്തെ അനുകൂലിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.